Skip to main content

കെയര്‍ഹോം, കുടുംബത്തിന് കരുതല്‍ധനം, പുനര്‍ജ്ജനി പദ്ധതികളുടെ ഉദ്ഘാടനം 11 ന് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും

സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കെയര്‍ഹോം രണ്ടാംഘട്ടം തറക്കല്ലിടല്‍, കുടുംബത്തിന് കരുതല്‍ധനം നിക്ഷേപം സ്വീകരിക്കല്‍, പുനര്‍ജ്ജനി ധനസഹായ വിതരണം എന്നിവയുടെ ഉദ്ഘാടനം മെയ് 11 ന് രാവിലെ 9.30 ന് മുണ്ടൂര്‍ എഴക്കാട് എ.ആര്‍.കെ. കണ്‍വെന്‍ഷന്‍ സെന്ററില്‍ സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും. എ. പ്രഭാകരന്‍ എം.എല്‍.എ. അധ്യക്ഷനാവുന്ന പരിപാടിയില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി. മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. സജിത, ജില്ലാ പഞ്ചായത്തംഗം വി.കെ. ജയപ്രകാശ്, പാലക്കാട് ബ്ലോക്ക് പഞ്ചായത്തംഗം നസീമ അന്‍വര്‍, മുണ്ടൂര്‍ ഗ്രാമപഞ്ചായത്തംഗം ഷീബ കണ്ണന്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, എസ്.സി./എസ്.ടി. ഫെഡറേഷന്‍ പ്രസിഡന്റ് സി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കെയര്‍ഹോം പദ്ധതി

പ്രളയ ദുരിതത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി സഹകരണ വകുപ്പിന്റെ കെയര്‍ കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവിഷ്‌കരിച്ചിട്ടുള്ള പ്രധാന പദ്ധതിയാണ് കെയര്‍ഹോം.

കുടുംബത്തിന് ഒരു കരുതല്‍ ധനം പദ്ധതി

പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരികളുടെയും മുന്നില്‍ വരുമാനം നിലച്ചുപോകുന്ന കുടുംബങ്ങള്‍ക്ക് അടിയന്തിരമായി സഹായം എത്തിക്കുന്നതിനായി പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലൂടെ നടപ്പാക്കുന്ന പ്രത്യേക നിക്ഷേപ പദ്ധതിയാണ് കുടുംബത്തിന് ഒരു ധനം പദ്ധതി.

പുനര്‍ജ്ജനി

സംസ്ഥാനത്തെ പ്രവര്‍ത്തനക്ഷമമായ പട്ടികജാതി/പട്ടികവര്‍ഗ സഹകരണ സംഘങ്ങളെ സ്വയംപര്യാപ്തമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളാക്കി മാറ്റുന്നതിനുള്ള സമഗ്ര പദ്ധതിയാണ് പുനര്‍ജ്ജനി. സംഘങ്ങളിലെ അംഗങ്ങള്‍ക്ക് സ്ഥിരമായ തൊഴിലും വരുമാനവും ഉറപ്പാക്കുന്ന തരത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് ലക്ഷ്യം.

date