Skip to main content
ഫോട്ടോ: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പൊതുതെളിവെടുപ്പ്.

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ പൊതുതെളിവെടുപ്പ് നടത്തി

 

വൈദ്യുതി ചാര്‍ജ്ജ്് താരിഫ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ജില്ലയില്‍ പൊതുതെളിവെടുപ്പ് നടത്തി. കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. ടി.കെ. ജോസിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തെളിവെടുപ്പില്‍ വ്യവസായ സ്ഥാപനങ്ങളിലെ വൈദ്യുതി നിരക്ക് മിതമാക്കുന്നതിലൂടെ കഞ്ചിക്കോട് മേഖലയിലെ വ്യവസായ കേന്ദ്രങ്ങള്‍ പൂട്ടിപ്പോകുന്ന പ്രശ്‌നം പരിഹരിക്കണമെന്നും വൈദ്യുതി ബില്ലുകളുടെ കുടിശ്ശിക പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ടെക്‌സ്‌റ്റൈല്‍സ് മേഖലയെ അടച്ചുപൂട്ടലില്‍ നിന്ന് ഒഴിവാക്കി സംരക്ഷിക്കണമെന്നും പാറ്റ്‌സ്പിന്‍ ഇന്ത്യ ഐ.എന്‍.ടി.യു.സി പ്രതിനിധി കമ്മിഷനോട് ആവശ്യപ്പെട്ടു. ജില്ലയില്‍ റൈസ് മില്ലുകള്‍ക്കായി പ്രത്യേക താരിഫ് ഏര്‍പ്പെടുത്തണമെന്ന് റൈസ്-ഫ്‌ളവര്‍ മില്‍ അസോസിയേഷന്‍ പ്രതിനിധി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍-എയ്ഡഡ് സ്‌കൂളുകളില്‍ ഒരേ നിരക്കിലുള്ള വൈദ്യുതി നിരക്ക് ഏര്‍പ്പെടുത്തണമെന്ന് റെഗഗനൈസ്ഡ് സ്‌കൂള്‍ അസോസിയേഷന്‍ പ്രതിനിധി ആവശ്യപ്പെട്ടു. താരിഫ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് 15 ലേറെ പരാതികള്‍ കമ്മിഷന്‍ കേട്ടു. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ താരിഫ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രസന്റേഷനുകളും നടന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പൊതുജനങ്ങളും വ്യവസായ മേഖലകളിലെ പ്രതിനിധികളും കമ്മിഷന് നിവേദനം നല്‍കി. വൈദ്യുതി നിരക്കുകള്‍ പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ നാല് മേഖലകളിലായാണ് കമ്മിഷന്‍ തെളിവെടുപ്പ് സംഘടിപ്പിക്കുന്നത്. തെളിവെടുപ്പില്‍ കമ്മിഷന്‍ അംഗങ്ങളായ ബി. പ്രദീപ്, അഡ്വ. എ.ജെ. വില്‍സണ്‍, കമ്മിഷന്‍ സെക്രട്ടറി സി.ആര്‍. സതീഷ് ചന്ദ്രന്‍, ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റ് പി.വി. ശിവപ്രസാദ്, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 

date