Skip to main content
ഫോട്ടോ: സ്വിം തരൂര്‍ പദ്ധതി ഉദ്ഘാടനം പി.പി. സുമോദ് എം.എല്‍.എ നിര്‍വഹിക്കുന്നു.

സ്വിം തരൂര്‍ സൗജന്യ ശാസ്ത്രീയ നീന്തല്‍ പരിശീലന പദ്ധതി രണ്ടാംഘട്ടത്തിന് തുടക്കമായി പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

മുങ്ങിമരണം തടയുന്നതിന് പി.പി. സുമോദ് എം.എല്‍.എ തരൂര്‍ നിയോജകമണ്ഡലത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന സ്വിം തരൂര്‍ സൗജന്യ ശാസ്ത്രീയ നീന്തല്‍ പരിശീലന പദ്ധതി രണ്ടാം ഘട്ടം കുത്തനൂരില്‍ ആരംഭിച്ചു. കുത്തനൂര്‍ വാഴക്കോട് കുളത്തില്‍ കുത്തനൂര്‍ ഗ്രാമപഞ്ചായത്തിലെ അന്‍പതോളം വിദ്യാര്‍ത്ഥികള്‍ക്കാണ് നീന്തല്‍ പരിശീലനം ആരംഭിച്ചത്. പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശേഖരന്‍, കണ്ണന്‍ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. തൃശൂര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ വി.എസ് സ്മിനേഷ് കുമാര്‍, റിട്ട. സര്‍വീസ്മാന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് പരിശീലകര്‍. തരൂര്‍ നിയോജക മണ്ഡലത്തിന് കീഴിലെ വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കാവശ്ശേരി, തരൂര്‍, പെരിങ്ങോട്ടുകുറിശ്ശി, കുത്തനൂര്‍, കോട്ടായി ഗ്രാമപഞ്ചായത്തുകളിലെ ഏഴ് മുതല്‍ 12 വയസ് വരെ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്വിം തരൂര്‍ മുഖേന പരിശീലനം നല്‍കുന്നത്. കൂടുതല്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലിപ്പിക്കാനാണ് രണ്ടാം ഘട്ട പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. സ്വീം തരൂരില്‍ ഇന്ന് (മെയ് 10) വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് ഗ്രാമപഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മമ്പാട് അമ്പലക്കുളത്തില്‍ പരിശീലനം ആരംഭിക്കും. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.
 

date