Skip to main content

മികച്ച സി.ഡി.എസ് തിരഞ്ഞെടുപ്പ് ഒന്നാം സ്ഥാനം രാമമംഗലം സിഡിഎസിന്

 

ജില്ലയിലെ മികച്ച സി.ഡി.എസ്  തിരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി രാമമംഗലം സിഡിഎസ്. മാറാടി സിഡിഎസ് രണ്ടാം സ്ഥാനവും ആവോലി സിഡിഎസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 2022-23 സാമ്പത്തിക വർഷത്തിലെ മികച്ച സിഡിഎസിനെയാണ് തിരഞ്ഞെടുത്തത്. 

ജില്ലാതലത്തിൽ ഒന്നാമത് എത്തുന്ന  സിഡിഎസിന് 50,000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും.  

കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓഡിനേറ്റർ ടി. എം. റെജീന, മുൻ ജില്ലാ മിഷൻ കോ- ഓഡിനേറ്റർ ടി. പി. വർഗീസ്, മുൻ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ- ഓഡിനേറ്റർ കെ. ആർ. രാജേഷ്, എൻആർഒ മെൻ്റർ കോർ ഗ്രൂപ്പ് അംഗം മായ ശശിധരൻ, സ്റ്റേറ്റ് അസിസ്റ്റൻ്റ് പ്രോഗ്രാം മാനേജർ വി. സി. വിപിൻ എന്നിവർ ഉൾപ്പെട്ട ടീമാണ് മികച്ച സിഡിഎസിനെ തിരഞ്ഞെടുത്തത്. 

കലൂർ പാർക്ക് സെൻട്രൽ ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന 12 സി.ഡി.എസുകൾ തങ്ങളുടെ പ്രവർത്തന അവതരണം നടത്തി. 

ജില്ലയിലെ ആകെയുള്ള 102 സിഡിഎസുകളിൽ നിന്നും 65 സിഡിഎസുകൾ നാമനിർദേശം സമർപ്പിച്ചിരുന്നു. സിഡിഎസുകളിലെ തനത് പ്രവർത്തനം, രേഖകളുടെ സൂക്ഷിപ്പ്, സംഘടന, മൈക്രോഫിനാൻസ്, സൂക്ഷ്മസംരംഭങ്ങൾ, പ്രത്യേക ഇടപെടലുകൾ, കൃഷി, മൃഗസംരക്ഷണം, ഗ്രാമീണ മേഖലയിലെ നിര്‍ധനരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍ പരിശീലനത്തോടൊപ്പം തൊഴിലും നല്‍കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയുടെ പ്രവർത്തനങ്ങൾ (ഡിഡിയുജികെവൈ), സാമൂഹ്യ വികസനം, ജെൻഡർ മാർക്കറ്റിംഗ്, സ്കിൽ എന്നീ മേഖലകളിലെ പ്രവർത്തനം പരിഗണിച്ചാണ് 12 പേരെ ചുരുക്കപ്പട്ടിയിൽ ഉൾപ്പെടുത്തിയത്. മാറാടി, രാമമംഗലം, ആവോലി, എടത്തല, പള്ളിപ്പുറം, ചേന്ദമംഗലം, കവളങ്ങാട്, കുമ്പളം, കോട്ടുവള്ളി, എടവനക്കാട്, വെങ്ങോല എന്നീ പഞ്ചായത്തുകളിലെ സിഡിഎസുകളാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. 

ജില്ലയിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന സി.ഡി.എസ് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
സംസ്ഥാനതലത്തിൽ ഒന്നാമത് എത്തുന്ന സിഡിഎസിന് 1,00,000 രൂപയും ഫലകവും, രണ്ടാമത് എത്തുന്നവർക്ക് 75,000 രൂപയും, ഫലകവും മൂന്നാം സ്ഥാനത്തിന് 50,000 രൂപയും ഫലകവും ലഭിക്കും.

ജില്ല പ്രോഗ്രാം മാനേജർ എം. എ. അജീഷ, കുടുംബശ്രീ സംസ്ഥാന മിഷൻ പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ, സി.ഡി.എസ് ചെയർപേഴ്സൺമാർ, അക്കൗണ്ടന്റുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

date