Skip to main content

ഓപ്പറേഷന്‍ ബ്രേക് ത്രൂ; തേവര - പേരണ്ടൂര്‍ കനാലിലെ പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ വിലയിരുത്തി

 

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുടെ തേവര - പേരണ്ടൂര്‍ കനാലിന്റെ (ടി.പി കനാല്‍) വിവിധ ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. ഹൈക്കോടതി നിയമിച്ച അമിക്കസ്‌ക്യൂറിമാരായ അഡ്വ. എ.ജി. സുനില്‍ കുമാര്‍,  അഡ്വ. ഗോവിന്ദ് പത്മനാഭന്‍, അഡ്വ. സുനില്‍ ജേക്കബ് ജോസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കളക്ടറുടെ സന്ദര്‍ശനം. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംഘം വിലയിരുത്തി. 

തേവര- പേരണ്ടൂര്‍ കനാന്‍ അവസാനിക്കുന്ന ഭാഗം, പനമ്പിള്ളി നഗര്‍, കമ്മട്ടിപ്പാടം, സൗത്ത് റെയില്‍ വേ സ്റ്റേഷന്‍, എം.ജി റോഡ്, ഹൈക്കോടതി, കലൂര്‍ ജംഗ്ഷന്‍ തുടങ്ങിയ ഭാഗങ്ങളിലാണ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തിയത്. ഓരോ ഭാഗത്തെയും നിലവിലെ അവസ്ഥയും സ്വീകരിക്കുന്ന നടപടികളും കളക്ടര്‍ ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. നിലവില്‍ നടന്നുവരുന്ന കാനാലുകളുടെയും ഓടകളുടെയും ഒഴുക്ക് സുഗമമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ പോലീസും കോര്‍പ്പറേഷനും സംയുക്തമായി നടപടി സ്വീകരിക്കും. 

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി നടപ്പിലാക്കുന്നത്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. ഉഷ ബിന്ദുമോള്‍, മൈനര്‍ ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ബാജി ചന്ദ്രന്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

date