Skip to main content

ലഹരി ചേര്‍ന്ന മിഠായി:  സ്‌കൂള്‍ പരിസരങ്ങളില്‍ കര്‍ശന പരിശോധന നടത്താന്‍ കളക്ടറുടെ നിര്‍ദേശം

 

സ്‌കൂള്‍ പരിസരങ്ങളില്‍ ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന കേന്ദ്രങ്ങളില്‍ എക്സൈസ് വകുപ്പിനെക്കൂടി ഉള്‍പ്പെടുത്തി സംയുക്ത പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നിര്‍ദേശിച്ചു. ലഹരി ചേര്‍ന്ന മിഠായികള്‍ സ്‌കൂള്‍ പരിസരങ്ങളില്‍ വില്‍പന നടത്തുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നിര്‍ദേശം. ഭക്ഷ്യ സുരക്ഷാ ഉപദേശക സമിതിയില്‍ എക്സൈസ് വകുപ്പിനെക്കൂടി ഉള്‍പ്പെടുത്തി സ്‌കൂള്‍ പരിസരങ്ങളില്‍ പരിശോധന നടത്തി ഭക്ഷ്യ സുരക്ഷ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഷവര്‍മ വില്‍പ്പന കേന്ദ്രങ്ങളിലും പരിശോധന ഉര്‍ജിതമാക്കണമെന്നും ജില്ലാ ഭക്ഷ്യ സുരക്ഷാ ഉപദേശക സമിതി യോഗത്തില്‍ കളക്ടര്‍ നിര്‍ദേശിച്ചു.  

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുമായി ബന്ധപ്പെട്ട്  ജില്ലയില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. ജില്ലാ കളക്ടര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എറണാകുളം പോലീസ് സുപ്രണ്ട്, വിദ്യാഭ്യാസം, ഫുഡ് ആന്റ് സിവില്‍ സപ്ലൈസ്, കൃഷി, വനിതാ ശിശു വികസനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date