Skip to main content

പരമാവധി കാര്യക്ഷമത ഉറപ്പാക്കാന്‍ സപ്ലൈകോ; ഇ.ആര്‍.പി, ഇ- ഓഫീസ് സംവിധാനങ്ങളുടെ ഉദ്ഘാടനം 15ന്

 

സേവനം പരമാവധി  കാര്യക്ഷമവും സുതാര്യവുമാക്കാന്‍ ലക്ഷ്യമിട്ട് സപ്ലൈകോയില്‍ എന്‍റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ്(ഇ.ആര്‍.പി), ഇ-ഓഫീസ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇവയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി  അഡ്വ. ജി.ആർ. അനിൽ മെയ് 15ന് (തിങ്കള്‍) രാവിലെ 9.30ന് സപ്ലൈകോയുടെ കടവന്ത്ര കേന്ദ്ര കാര്യാലയത്തിൽ നിർവഹിക്കും.

സപ്ലൈകോയുടെ 1630ലധികം വില്‍പ്പനശാലകള്‍, 56 ഡിപ്പോകള്‍, അഞ്ചു മേഖലാ ഓഫീസുകള്‍ എന്നിവയെ സമഗ്ര രൂപരേഖയുടെ അടിസ്ഥാനത്തില്‍ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കിലൂടെ ബന്ധിപ്പിച്ചാണ്  ഇ.ആർ പി സംവിധാനം നടപ്പാക്കുന്നത്. 

കൃത്യമായ ഏകോപനവും ഡാറ്റാ സുരക്ഷയും ഉറപ്പാക്കുന്ന ഇ.ആര്‍.പി,  വിതരണ ശൃംഖലയുടെ ഏകോപനം സുഗമമാക്കുന്നതിനും അതുവഴി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനും ഉപകരിക്കും.  സ്റ്റോക്ക്, വില്പന , വരുമാനം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ വിൽപ്പനശാലകളിലെ കമ്പ്യൂട്ടറുകളിൽ തന്നെയാണ് നിലവില്‍ സൂക്ഷിക്കുന്നത്. ഈ വിവരങ്ങള്‍ തത്സമയം ലഭ്യമല്ലാത്തത് അവശ്യ സാഹചര്യങ്ങളില്‍ അടിയന്തര ഇടപെടലുകള്‍ നടത്തുന്നതിന് തടസമാകുന്നുണ്ട്. ഈ സ്ഥിതിയില്‍ മാറ്റമുണ്ടാക്കുന്നതിനും പുതിയ സംവിധാനം സഹായകമാകും. വിവിധ ആവശ്യങ്ങള്‍ക്കായി  മുപ്പതോളം സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്ന നിലവിലെ സ്ഥിതിക്കും ഇതോടെ മാറ്റമാകും. 

കേന്ദ്ര കാര്യാലയത്തിലെ ഫയല്‍ നീക്കം ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് മാറ്റി
ഇ- ഓഫീസ്  ഏര്‍പ്പെടുത്തുന്നതിലൂടെ പ്രവര്‍ത്തനത്തില്‍ സമ്പൂര്‍ണ സുതാര്യത ഉറപ്പാക്കാന്‍ കഴിയും. 

 
ഉദ്ഘാടന ചടങ്ങിൽ ടി ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിക്കും. മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി എന്നിവർ വിശിഷ്ടാതിഥികളാവും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി പി.എം. അലി അസ്ഗർ പാഷ മുഖ്യപ്രഭാഷണം നടത്തും. സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ശ്രീറാം വെങ്കിട്ടരാമൻ സംസാരിക്കും.

നഗരസഭ കൗൺസിലർ ബിന്ദു ശിവൻ,  രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികളായ കെ എം ദിനകരൻ,  മുഹമ്മദ് ഷിയാസ്, മണി സി,
ബാബു ജോസഫ്, കെ.എ. അബ്ദുൾ മജീദ്, കെ.എസ്. ഷൈജു, പി. രാജു, എൻ.എ. മണി, ആർ. വിജയകുമാർ, ടി. നസറുദ്ദീൻ, അനിൽകുമാർ എസ്, സതീഷ് കുമാർ ആർ വി, ഷിജു കെ. തങ്കച്ചൻ, ജില്ലാ സപ്ലൈ ഓഫീസർ ബി ജയശ്രീ,  സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർമാരായ പി.ടി സൂരജ്, ആർ.എൻ. സതീഷ്, ഷീബ ജോർജ്, സപ്ലൈകോ ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും.

സ്കൂൾ ഫെയർ ഉദ്ഘാടനം

 സപ്ലൈകോയുടെ സംസ്ഥാനതല സ്കൂൾ ഫെയർ മെയ് 15ന് ഗാന്ധിനഗർ ഹൈപ്പർമാർക്കറ്റിൽ മന്ത്രി ഉദ്ഘാടനം ചെയ്യും. നോട്ട്ബുക്കുകൾ, സ്കൂൾ ബാഗുകൾ തുടങ്ങി സ്കൂൾ വിദ്യാർഥികൾക്ക് ആവശ്യമായ സാധനങ്ങൾ സപ്ലൈകോ ഹൈപ്പർമാർക്കറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും പീപ്പിൾസ് ബസാറുകളിലും മെയ് 15 മുതൽ ലഭ്യമാകും.

date