Skip to main content

വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പുരോഗതിയാണ് കളമശ്ശേരി മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നത്: മന്ത്രി പി.രാജീവ്

 

ഏലൂര്‍ ഗവ. എല്‍.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

പൊതുവിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പുരോഗതിയാണ് കളമശ്ശേരി മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ഏലൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 11.5 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ വിനിയോഗിച്ച് 6 ക്ലാസ് മുറികളാണ് ഏലൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ നിര്‍മ്മിക്കുന്നത്. നീന്തല്‍ കുളം ഉള്‍പ്പെടെ 5 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പാതാളം ഗവണ്‍മെന്റ് സ്‌കൂളില്‍ പുരോഗമിക്കുന്നത്. 4.5 കോടി രൂപയാണ് മുപ്പത്തടം സര്‍ക്കാര്‍ വിദ്യാലയത്തിനും അനുവദിച്ചത്.

എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ ഒപ്പം ചേര്‍ത്ത് മണ്ഡലത്തിലെ സമഗ്ര വികസനമാണ് ഒപ്പം പദ്ധതിയിലൂടെ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കളമശ്ശേരി എന്ന പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ ചെലവില്‍ ആരംഭിച്ച പോഷക സമൃദ്ധം പ്രഭാതം പദ്ധതി അടുത്ത വര്‍ഷവും തുടരുമെന്നും മന്ത്രി പറഞ്ഞു. അങ്കണവാടികളുടെ നവീകരണത്തിനും വികസനത്തിനുമായി അങ്കണവാടികള്‍ക്ക് ഒപ്പം എന്ന പേരില്‍ ഒരു കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടപ്പിലാക്കുന്നത്. 

കാര്‍ഷിക മേഖലയിലെ സമഗ്ര വികസനത്തിനായി കൃഷിക്കൊപ്പം പദ്ധതി, യുവാക്കളുടെ കായിക വികസനത്തിനായി യുവതയ്‌ക്കൊപ്പം, മാലിന്യനിര്‍മാര്‍ജനത്തിന് കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനായി ശുചിത്വത്തിന് ഒപ്പം തുടങ്ങി വിവിധ പദ്ധതികളാണ് മണ്ഡലത്തില്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഏലൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പ്രീ പ്രൈമറി പഠനം പൂര്‍ത്തിയാക്കിയ കുട്ടികളുടെ കോണ്‍വൊക്കേഷന്‍ 2023 പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ഏലൂര്‍ നഗരസഭ ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എ.ഡി സുജില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാ ബാബു, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സി.ബി അഗസ്റ്റിന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ബി രാജേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അംബിക ചന്ദ്രന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ ഷെറീഫ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം ഷെനില്‍, പൊതുമരാമത്ത്കാര്യ  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ നോബി, കൗണ്‍സിലര്‍മാരായ എസ്.ഷാജി, ചന്ദ്രിക രാജന്‍, എറണാകുളം ഡിവിഷന്‍ പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍.എ റെജീന ബീവി, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date