Skip to main content

കളക്ടര്‍ മുന്നില്‍ നിന്നു നയിച്ചു; സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ചു

 

അവധി ദിനമായ രണ്ടാം ശനിയാഴ്ച... കറുത്ത ടീഷര്‍ട്ടും ട്രാക്ക് സ്യൂട്ടുമണിഞ്ഞ് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്... മുന്നിലെത്തിയ ജീവനക്കാര്‍ക്ക് ഹാന്‍ഡ് ഗ്ലൗസ് എടുത്തു നീട്ടി. നേരെ സിവില്‍ സ്റ്റേഷന്‍ വളപ്പിലെ കാന്റീന്‍ പരിസരത്തേക്ക്... ചപ്പും ചവറും മാലിന്യങ്ങളും നീക്കി ശുചീകരണത്തിന് കളക്ടര്‍ തുടക്കമിട്ടു.  ' 'മാലിന്യമുക്തം  നവകേരളം' ക്യാമ്പയിനിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അതിവേഗമാണ് കളക്ടറും ജീവനക്കാരും മുന്നേറിയത്. 

ശുചീകരണത്തിനായി രാവിലെ തന്നെ ജില്ലാ കളക്ടര്‍ എത്തി. സിവില്‍ സ്റ്റേഷന്‍ വളപ്പിലെ ചപ്പും ചവറും മറ്റു മാലിന്യങ്ങളുമെല്ലാം നീക്കി. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ ജീവനക്കാരും ഓഫീസുകളും സിവില്‍ സ്റ്റേഷന്‍ പരിസരവും വൃത്തിയാക്കി. ക്ലീനിങ്ങിന്റെ ഭാഗമായിവരുന്ന ജൈവ -അജൈവ  മാലിന്യങ്ങള്‍ പ്രത്യേകമായി തരം തിരിച്ചു. അജൈവ മാലിന്യങ്ങള്‍  ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറുന്നതിനു പ്രത്യേകം സൂക്ഷിച്ചു.  ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ തൂക്കം, ഇനം എന്നിവ തിരിച്ച് ജില്ലാ ശുചിത്വമിഷനെ അറിയിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. 

സിവില്‍ സ്റ്റേഷന്റെ കാന്റീന്‍ ഗേറ്റ് മുതല്‍ പരേഡ് ഗ്രൗണ്ട് അവസാനിക്കുന്നത് വരെയുള്ള ഭാഗം താഴത്തെ നിലയിലെയും ഒന്നാം നിലയിലെയും ജീവനക്കാര്‍ ചേര്‍ന്ന് വൃത്തിയാക്കി . ഇന്ത്യന്‍ കോഫി ഹൗസിനടുത്തുള്ള ഔട്ട് ഗേറ്റ് വരെയുള്ള ഭാഗം രണ്ടാം നിലയിലെ ഓഫീസുകളിലെ ജീവനക്കാരും ഔട്ട് ഗേറ്റ് മുതല്‍ മുന്‍വശത്തെ ഗാര്‍ഡന്‍ വരെ മൂന്നാം നിലയിലെ ഓഫീസ് ജീവനക്കാരും ഇന്‍ ഗേറ്റ് മുതല്‍ കാന്റീന്‍ വരെ നാല്, അഞ്ച് നിലയിലെ ജീവനക്കാരും വൃത്തിയാക്കി.

നവകേരളം സംസ്ഥാന കോ ഓഡിനേറ്റര്‍ ടി.എന്‍ സീമ, എ.ഡി.എം. ഇന്‍ചാര്‍ജ് എസ്.ബിന്ദു, ഹുസൂര്‍ ശിരസ്തദാര്‍ കെ.അനില്‍കുമാര്‍ മേനോന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.എം ഷഫീഖ്, ശുചിത്വ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ കെ.കെ.മനോജ്, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്റ്റ് ഡെപ്യൂട്ടി ജില്ലാ കോ ഓഡിനേറ്റര്‍ എം.എസ് ധന്യ തുടങ്ങിയവര്‍ പങ്കെടുത്തു.

date