Skip to main content

കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തിന് ജില്ലയില്‍ തിങ്കളാഴ്ച തുടക്കം

 

ആദ്യ അദാലത്ത് കണയന്നൂര്‍ താലൂക്കിലേത്  എറണാകുളം ടൗണ്‍ഹാളില്‍

പ്രചാരണ വാഹനം ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്നാം നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി നടത്തുന്ന കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തുകള്‍ ജില്ലയില്‍ തിങ്കളാഴ്ച (മെയ് 15) ആരംഭിക്കും. കണയന്നൂര്‍ താലൂക്കിലാണ് ആദ്യ അദാലത്ത്. എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന അദാലത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കും.

അദാലത്തിനോടനുബന്ധിച്ച്  ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജില്ലാതല വാഹന പ്രചാരണത്തിന്റെ ഫ്‌ളാഗ് ഓഫ് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന ചിത്ര, ദൃശ്യ പ്രദര്‍ശനവും കളക്ടര്‍ ഉദ്ഘാടനം ചെയ്തു. 

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (ഇന്‍ ചാര്‍ജ് ) എസ്. ബിന്ദു, 
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, അസിസ്റ്റന്റ് എഡിറ്റര്‍ സി.ടി. ജോണ്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.എന്‍. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

കാക്കനാട്, കളമശ്ശേരി, ഇടപ്പള്ളി, പാലാരിവട്ടം തുടങ്ങിയ മേഖലകളില്‍ ശനിയാഴ്ച്ച വാഹനം പ്രചാരണം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചിത്ര, ദൃശ്യ പ്രദര്‍ശനമാണ് വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളും സൗജന്യമായി വാഹനത്തില്‍ ലഭിക്കും.

കണയന്നൂര്‍ താലൂക്കിലെ ആദ്യ അദാലത്തിനു ശേഷം പറവൂര്‍ താലൂക്കിലെ അദാലത്ത് മെയ് 16ന് കേസരി ബാലകൃഷ്ണ പിള്ള മെമ്മോറിയല്‍ ടൗണ്‍ഹാളിലും ആലുവ താലൂക്ക് അദാലത്ത് 18ന് മഹാത്മാഗാന്ധി ടൗണ്‍ഹാളിലും  കുന്നത്തുനാട് താലൂക്ക് അദാലത്ത് 22ന് പെരുമ്പാവൂര്‍ ഇ.എം.എസ് മെമ്മോറിയല്‍ ടൗണ്‍ഹാളിലും നടക്കും. കൊച്ചി താലൂക്ക് അദാലത്ത് 23ന് മട്ടാഞ്ചേരി ടി.ഡി. സ്‌കൂളിലും മൂവാറ്റുപുഴ താലൂക്ക് അദാലത്ത് 25ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളിലും നടക്കും. ജില്ലയിലെ അവസാന അദാലത്ത് മെയ് 26ന് കോതമംഗലം താലൂക്കിലെ മാര്‍ത്തോമ ചെറിയ പള്ളി കണ്‍വെന്‍ഷന്‍ സെന്ററിലാണ്. എല്ലാ അദാലത്തിലും മന്ത്രിമാരായ പി. രാജീവും മന്ത്രി പി. പ്രസാദും പങ്കെടുക്കും. രാവിലെ 10 മുതലാണ് അദാലത്തുകള്‍ നടത്തുന്നത്.

date