Skip to main content

മാലിന്യമുക്ത കേരളത്തിനായി സാക്ഷരതാ - ജനകീയാസൂത്രണ പ്രവര്‍ത്തകരുടെ സംഗമം

നവകേരളം മാലിന്യമുക്ത കേരളം സാധ്യമാക്കുന്നതിനുള്ള ക്യാമ്പയിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ സാക്ഷരതായജ്ഞത്തിലും ജനകീയാസൂത്രണ പ്രസ്ഥാനത്തിലും സജീവമായി പങ്കെടുത്ത പ്രവര്‍ത്തകരുടെ സംഗമം കാക്കനാട് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്നു.

ജില്ലയിലെ മുന്‍കാല പ്രവര്‍ത്തകര്‍ പങ്കെടുത്ത സംഗമം നവകേരളം കര്‍മ്മ പദ്ധതി 2 സംസ്ഥാന കോ-ഓഡിനേറ്റര്‍ ഡോ.ടി.എന്‍. സീമ ഉദ്ഘാടനം ചെയ്തു.

മാലിന്യമുക്ത കേരളത്തിനായുള്ള പ്രവര്‍ത്തനങ്ങളിലും ക്യാമ്പയിനുകളിലും  സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും സമസ്ത ജനവിഭാഗങ്ങളും അണിനിരക്കണമെന്ന് അവര്‍ പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ മറ്റൊരു പൊന്‍തൂവലായി മാറാന്‍ പോകുന്ന മാലിന്യമുക്ത കേരളത്തിനായുള്ള പ്രവര്‍ത്തനങ്ങളിലും സാക്ഷരതാ - ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ വിജയത്തിനായി മുന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവരുടേയും പങ്കാളിത്തം ഉണ്ടാകണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

അധികാരം ജനതയ്ക്ക് എന്ന സാക്ഷരതയെ ഓര്‍മ്മിപ്പിക്കുന്ന സംഘഗാനം, മാലിന്യമുക്ത കേരളത്തിനായി നമ്മള്‍ നമുക്കായി പണിയുന്ന നവകേരളത്തിനായി ആഹ്വാനം ചെയ്യുന്ന കവിതയുടെ ആലാപനം എന്നിവ സാലി മോനും സംഘവും അവതരിപ്പിച്ചു. മാലിന്യമുക്ത കേരളം ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സാക്ഷരതാ - ജനകീയാസൂത്രണ പ്രവര്‍ത്തകര്‍ അവതരിപ്പിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.എം. ഷഫീക്ക് അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോ - ഓഡിനേറ്റര്‍ കെ.കെ. മനോജ് വിഷയാവതരണം നടത്തി. നവകേരളം കര്‍മ്മ പദ്ധതി 2 ജില്ലാ കോ-ഓഡിനേറ്റര്‍ എസ്. രഞ്ജിനി, കില ജില്ലാ ഫെസിലിറ്റേറ്റര്‍ ജൂബൈരിയ ഐസക്, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ടി.എം. റെജീന, സാക്ഷരതാ - ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ നേതൃത്വം വഹിച്ച കെ.കെ. രവി, ജ്യോതി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date