Skip to main content

തിരക്കോട് തിരക്ക്: എന്റെ കേരളം മെഗാ എക്സിബിഷനിൽ ആളൊഴുക്കിന്റെ ഞായറാഴ്ച

എന്റെ കേരളം മെഗാ എക്സിബിഷനിൽ ആറാം ദിനമായ ഞായറാഴ്ച മേളയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. പൂരത്തിനുശേഷം മറ്റൊരു പൂരം തൃശ്ശൂർ കാണുകയാണെന്ന് തോന്നുന്ന വിധമാണ് എൻറെ കേരളം മെഗാ എക്സിബിഷനിലെ ഓരോ ദിനങ്ങളും കടന്നുപോകുന്നത്. 

പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് കടക്കുപോലെ മേളയിലേക്ക് കടന്നാൽ പിന്നെ കാഴ്ചകളുടെയും അറിവുകളുടെയും ഒരു ഉത്സവമാണ്. കവാടത്തിന് അരികില്‍ തന്നെയുള്ള 360 ഡിഗ്രി ക്യാമറയ്ക്കരികിലാണ് ആദ്യത്തെ കൂട്ടം, പിന്നെ തിരക്ക് ടൂറിസം വകുപ്പിന്റെ സുരംഗയിലൂടെ കയറിയിറങ്ങി ഓരോ സ്റ്റാളുകളിലേക്കും പോവുകയായി. 

ഇന്നത്തെ മേളയിലെ ആളൊഴുക്കിന്റെ പ്രധാന ആകർഷകം മുഖ്യമന്ത്രി പിണറായി വിജയന്റെ വരവുതന്നെയാണ്. പട്ടയ വിതരണവും കെ സ്റ്റോർ ഉദ്ഘാടനവും കൂടി നടന്നപ്പോൾ അക്ഷരാർത്ഥത്തിൽ തേക്കിൻകാട് മൈതാനം വീണ്ടും ഒരു പൂരത്തിന് സാക്ഷിയായി. നാടിന്റെ പ്രിയപ്പെട്ട ജനനായകനെ കാണാൻ എത്തിയവരും ഞായർ ഒഴിവിൽ ഔട്ടിങ്ങിനായി കുടുംബ സമേതം പുറത്തിറങ്ങിയവരും
അവധി ദിനത്തിൽ പുറത്തിറങ്ങിയ വിദ്യാർഥികളും അടക്കം വൻ തിരക്കാണ് മേളയിൽ ദൃശ്യമായത്.

എപ്പോഴും ഉണർന്നിരിക്കുന്ന വനിതാ ശിശു വികസനത്തിന്റെ സ്റ്റാളിൽ മാതൃദിനാഘോഷം പൊടിപൊടിച്ചു. 
രാത്രി വൈകിയും കളി കോർണർ സജീവമായിരുന്നു. പോകാൻ മടി കാണിച് ചിണുങ്ങുന്ന കുട്ടിക്കുരുന്നുകളും കൈനിറയെ സാധനങ്ങൾ വാങ്ങിക്കൂട്ടിയവരും ഒഴിവുദിവസത്തെ ആഘോഷമാക്കുന്ന കാഴ്ച.

ഇത്തവണ മേളയെ ആകർഷകമാക്കി മാറ്റുന്നത്  മികച്ച രീതിയിലുള്ള സ്റ്റാളുകളുടെ ഡിസൈൻ ആണെന്ന് 
മേള കാണാനായി എടത്തിരുത്തിയിൽ നിന്നും എത്തിയ അനിൽ കാട്ടിക്കുളം പറയുന്നു.
വിനോദത്തിനും, അറിവിനും എല്ലാം പ്രാധാന്യം നൽകുന്ന യുവത്വം ഉള്ള മേളയാണ് ഈ വർഷം നടക്കുന്നതെന്നും അനിൽ പറഞ്ഞു. 

സമയം കളയാൻ കയറിയത് ആണെങ്കിലും പ്രതീക്ഷിച്ചതിലും ഉപരി ഒരുപാട് ഒരുപാട് കാഴ്ചകൾ മേള സമ്മാനിച്ചു എന്ന് കൂർക്കഞ്ചേരി സ്വദേശിനിയായ നിർമ്മാല്യ പറയുന്നു. ഇത്രയേറെ അടിപൊളി ആയിരുന്നെങ്കിൽ മുൻപേ എത്തുമായിരുന്നു, വരുന്ന ദിവസങ്ങളിൽ വീട്ടുകാരെയും കൂട്ടുകാരെയും ഒക്കെയായി എത്തുമെന്ന് ഉറപ്പുനൽകിയാണ് നിർമ്മാല്യ മടങ്ങിയത്. 

ആസ്വാദകരെ പിടിച്ചിരുത്തുന്ന കലാപരിപാടികളും അറിവുകളുടെ ആഴക്കടൽ സൃഷ്ടിക്കുന്ന സെമിനാറുകളും കരിയർ എക്സ്പോയും മേളയെ വൈവിധ്യത്തിന്റെ മറ്റൊരു തലത്തിലേക്കാണ് എത്തിച്ചത്. സൗജന്യ സേവനങ്ങൾ നൽകുന്ന ആരോഗ്യവകുപ്പിന്റെ സ്റ്റാൾ, മനോഹരമായ ഒരുക്കിയിരിക്കുന്ന ജയിൽ മാതൃക, പൊതുവിദ്യാഭ്യാസം-സാമൂഹ്യനീതി സ്റ്റാളുകൾ, കുടുംബ ശ്രീയുടെ രുചി വൈവിധ്യങ്ങൾ, വിവിധ തരം വില്പന കേന്ദ്രങ്ങൾ, മോട്ടോർ വാഹന വകുപ്പിന്റെ ബോധവൽക്കരണവും നറുക്കെടുപ്പും, കൗതുകം ഉണർത്തുന്ന മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളിലെ തൽസമയ കാഴ്ചകൾ, എന്നിങ്ങനെ ആകർഷകമായ നൂറുകണക്കിന് കാഴ്ചകളാണ് ഉള്ളത്. 

മേള അടിമുടി പൊളിയാണെന്നാണ് മേളയെ കുറിച്ച് ചോദിക്കുമ്പോൾ യൂത്തിൻ്റെ ആകെയുള്ള പ്രതികരണം. 
കാഴ്ചയുടെയും അനുഭവങ്ങളുടെയും വൈവിധ്യം സമ്മാനിച്ചു മേള മുന്നേറുകയാണ്. രാവിലെ 9.30ക്ക് ഉണരുന്ന മേളനഗരി കലാപരിപാടികളുടെ സമാപനത്തോടെയാണ് അന്തിയുറങ്ങുന്നത്. മേള മെയ് 16 ന് സമാപിക്കും.

date