Skip to main content

വിദ്യാഭ്യാസ ഉള്ളടക്ക നിർമാണത്തിൽ കൈറ്റ് ലെ൯സ് പ്രയോജനപ്രദം – മന്ത്രി വി. ശിവ൯കുട്ടി

വിദ്യാഭ്യാസാവശ്യത്തിനുള്ള ഉള്ളടക്കം തയാറാക്കുന്നതിൽ ദൃശ്യ, ശ്രാവ്യ മാധ്യമ സങ്കേതങ്ങൾ പ്രയോജനപ്രദമാക്കുന്നതിൽ സുപ്രധാന ചുവടുവയ്പാണ് കൈറ്റ് ലെ൯സ് എജ്യുക്കേഷ൯ കണ്ടന്റ് ക്രിയേഷ൯ ഹബെന്ന് പൊതു വിദ്യഭ്യാസ വകുപ്പ് മന്ത്രി വി. ശിവ൯കുട്ടി അഭിപ്രായപ്പെട്ടു. കോവിഡ് ലോക് ഡൗൺ കാലത്ത് വിദ്യാർത്ഥികളുടെ ഓൺലൈ൯ ക്ലാസുകൾക്കായി തയാറാക്കിയ സംവിധാനമാണ് വലിയ രീതിയിൽ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇടപ്പള്ളി കൈറ്റ് റിസോഴ്സ് സെന്ററിൽ ആരംഭിച്ച കൈറ്റ് ലെൻസ് എഡ്യൂക്കേഷൻ കണ്ടന്റ് ക്രിയേഷൻ ഹബിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ക്ലാസ് മുറികൾ ഇന്ന് ഹൈ ടെക്കാണ്. കമ്പ്യൂട്ടറുകളും പ്രൊജക്ടറുകളും സ്ക്രീനുകളും ഉപയോഗിച്ചാണ് ഇപ്പോൾ അധ്യാപകർ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. ഈ മാധ്യമങ്ങൾക്ക് ആവശ്യമായ വീഡിയോ, ഓഡിയോ ചിത്രങ്ങൾക്കുള്ള സ്രോതസുകളായി കൈറ്റ് ലെ൯സ് സ്റ്റുഡിയോകൾ പ്രവർത്തിക്കും. ആധുനികമായ ഷൂട്ടിംഗ് ഫ്ളോർ, ഓഡിയോ – വീഡിയോ ഉപകരണങ്ങൾ, സാങ്കേതിക പരിശീലനം എന്നിവയുടെ ഏകോപനമാണ് കൈറ്റ് ലെ൯സ് സ്റ്റുഡിയോ ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസ ഉള്ളടക്കം തയാറാക്കുന്നതിൽ ആശയങ്ങളുള്ള അധ്യാപകർക്ക് കൈറ്റ് ലെ൯സിലേക്ക് കടന്നു വരാം. അവർക്കാവശ്യമായ എല്ലാ പിന്തുണയും ഇവിടെ ലഭിക്കും. കൈറ്റ് ലെ൯സ് സ്റ്റുഡിയോയിൽ തയാറാക്കുന്ന മികച്ച പരിപാടികൾ കൈറ്റ് വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യും. ഓൺലൈ൯ പ്ലാറ്റ് ഫോമുകളിലും അപ് ലോഡ് ചെയ്യും. സ്മാർട്ട് ഫോണുകൾ പ്രയോജനപ്പെടുത്തി നിലവാരമുള്ള വീഡിയോ, ഓഡിയോ ചിത്രീകരണങ്ങൾ നടത്തുന്നതിനുള്ള പരിശീലനവും കൈറ്റ് ലെ൯സിൽ ലഭിക്കും. – മന്ത്രി ചൂണ്ടിക്കാട്ടി.

കൗൺസിലർ ശാന്ത വിജയൻ അധ്യക്ഷത വഹിച്ചു, കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.  അൻവർ സാദത്ത്, ഡിജിറ്റൽ മീഡിയ കൺസൾട്ടന്റ് സുനിൽ പ്രഭാകർ, സീനിയർ ക്രിയേറ്റീവ് എഡിറ്റർ കെ. മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Reply all

Reply to author

Forward

date