Skip to main content

ക്ഷമതയും ജാഗ്രതയും പൂർത്തിയാക്കി ലീഗൽ മെട്രോളജി വകുപ്പ്, ക്രമക്കേടുകൾക്കെതിരെ കർശന നടപടി: മന്ത്രി ജി.ആർ. അനിൽ

 

കാലാനുസൃതമായ മാറ്റങ്ങളാണ് ലീഗൽ മെട്രോളജി വകുപ്പിൽ നടപ്പാക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. കാക്കനാട് ലീഗൽ മെട്രോളജി ഭവനിൽ ക്ലിനിക്കൽ തെർമോമീറ്റർ, സ്ഫിഗ്മോമാനോ മീറ്റർ ലബോറട്ടറികളുടെയും സൗരോർജ്ജ വൈദ്യുതി നിലയത്തിന്റെയും ഉദ്ഘാടനവും ക്ഷമത, ജാഗ്രത പരിശോധനകളുടെ പൂർത്തീകരണ പ്രഖ്യാപനവും നിറവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പരമ്പരാഗതമായ രീതികളിൽ നിന്ന് മാറി പുതിയ മേഖലകളിലേക്ക് ചുവടുവയ്ക്കുകയാണ് വകുപ്പ്. ജനങ്ങൾക്ക് സംതൃപ്തി നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഉപകരണങ്ങളുടെ കാലപ്പഴക്കം കൃത്യതയെ ബാധിക്കാറുണ്ട്. അതിനാൽ അവയുടെ പ്രവർത്തന ക്ഷമതയും കൃത്യതയും വിലയിരുത്തപ്പെടണം. ഈ ലക്ഷ്യത്തിലൂന്നിയാണ് ആരോഗ്യ മേഖയിലെ  ഉപകരണങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്താൻ വേണ്ട സംവിധാനങ്ങൾ സർക്കാർ ഒരുക്കുന്നത്. അളവ് തൂക്കത്തിൽ ക്രമക്കേടുകൾ നടത്തുന്നവരെ കണ്ടെത്തി പരമാവധി നപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായിട്ടുള്ള ക്ഷമത -2, ജാഗ്രത -2 പരിശോധനകളുടെ ഭാഗമായി ക്രമക്കേടുകൾ കണ്ടെത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ജാഗ്രത-2 പദ്ധതിയുടെ ഭാഗമായി  സംസ്ഥാനമൊട്ടാകെ 25,000 വ്യാപാരസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതുവഴി ആകെ 4673 ക്രമക്കേടുകൾ കണ്ടെത്തി. ക്ഷമത -2  പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 1053 പെട്രോൾ പമ്പുകളിലാണ് പരിശോധന നടത്തിയത്. 53 സ്ഥാപനങ്ങൾക്കെതിരെ കേസുടുത്തിട്ടുണ്ട്.

കാക്കനാട് ലീഗൽ മെട്രോളജി ഭവനിൽ നടന്ന ചടങ്ങിൽ  ഉമ തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു, ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി പി.എം അലി അസ്ഗർ പാഷ, തൃക്കാക്കര  നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ, ലീഗൽ മെട്രോളജി കൺട്രോളർ വി.കെ അബ്ദുൽ കാദർ,  നഗരസഭ കൗൺസിലർമാരായ ഹസീന ഉമ്മർ, നൗഷാദ് പല്ലച്ചി,  ലീഗൽ മെട്രോളജി അഡീഷണൽ കൺട്രോളർ ആർ. റീന ഗോപാൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം ദിനകരൻ, അഡ്വ. എ. ജി ഉദയകുമാർ,  ഹംസ മൂലയിൽ, ർസി.കെ ബിനുമോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date