Skip to main content

കരുതലും കൈത്താങ്ങും - കണയന്നൂർ താലൂക്ക് അദാലത്ത് വാർത്തകൾ

പരസഹായമില്ലാതെ വാസുദേവ ശർമ്മയ്ക്ക് ഇനി പുറത്തിറങ്ങാം

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമാകുന്നതിന്റെ സന്തോഷത്തിലാണ് ചോറ്റാനിക്കര സ്വദേശി വാസുദേവ ശർമ്മ. 47 വർഷങ്ങളായി വീൽ ചെയറിൽ വിരസ ജീവിതം നയിച്ചതിന്റെ ക്ഷീണത്തിലും പരസഹായമില്ലാതെ പുറത്തിറങ്ങാം എന്ന ശുഭ പ്രതീക്ഷയോടെയാണ് മന്ത്രി പി.രാജീവിന്റെ മുന്നിൽ നിന്നും അദ്ദേഹം മടങ്ങിയത്. എറണാകുളം ടൗൺ ഹാളിൽ  കരുതലും കൈത്താങ്ങും അദാലത്ത് വേദിയിലാണ് വർഷങ്ങളായിട്ടുള്ള പവർ വീൽ ചെയർ എന്ന ഇദ്ദേഹത്തിന്റെ സ്വപ്നം സാക്ഷത്കാരത്തിലേക്ക് അടുക്കുന്നത്.

1974 ൽ അപകടം ഉണ്ടാകുന്നതിനു മുമ്പ് ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു വാസുദേവ ശർമ്മ. കെ.എസ്.ആർ.ടി.സി യിൽ കണ്ടക്ടറായി ജോലി കിട്ടിയപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തിൽ സ്‌പൈനൽ കോഡിന് ക്ഷതം സംഭവിച്ചതുമൂലം 80 ശതമാനത്തോളം ഭിന്നശേഷിക്കാരനായി അദ്ദേഹം. ഭാര്യ മാത്രമാണ് നിലവിൽ തുണയായി വീട്ടിൽ ഉള്ളത്.

2014 ആണ് ആദ്യമായി പവർ വീൽ ചെയറിനായി അദ്ദേഹം അപേക്ഷ നൽകിയത്. വർഷങ്ങൾക്കിപ്പുറം കരുതലും കൈത്താങ്ങും എന്ന പേരിൽ സംഘടിപ്പിച്ച താലൂക്ക് തല അദാലത്തിലൂടെ 6 മാസത്തിനകം പവർ വീൽചെയർ ലഭ്യമാക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. അതിനായി ജില്ലാ പഞ്ചായത്തിലേക്കുള്ള അപേക്ഷയും മന്ത്രി പൂരിപ്പിച്ചു നൽകി. വീൽ ചെയർ ലഭിക്കാൻ കാലതാമസം ഉണ്ടായാൽ കളക്ടർ നേരിട്ട് ഇടപെടുമെന്നും മന്ത്രി ഉറപ്പു നൽകി.

തൃപ്പൂണിത്തുറ സ്വദേശിക്ക്‌ റെയിൽവേ പുറമ്പോക്കിൽ നിന്ന് ഭൂമി ഒഴിവാക്കി നൽകി

റെയിൽവേ പുറമ്പോക്കിൽ നിന്ന് ഭൂമി ഒഴിവാക്കി ഡിവിഷൻ നമ്പർ ഇട്ട് കിട്ടിയ സന്തോഷത്തിലാണ് തൃപ്പൂണിത്തുറ സ്വദേശി വി.എൻ കിഷോർ കുമാർ എറണാകുളം ടൗൺഹാളിൽ നടക്കുന്ന കണയന്നൂർ താലൂക്ക് തല അദാലത്തിൽ നിന്ന് മടങ്ങുന്നത്.

 റീ സർവ്വേയെ തുടർന്ന് 16 വർഷമായി റെയിൽവേ പുറമ്പോക്കിൽപെട്ട് കിടന്നിരുന്ന അഞ്ചു സെന്റ് ഭൂമി പുറമ്പോക്കിൽ നിന്ന് ഒഴിവാക്കണം എന്ന കിഷോർ കുമാറിന്റെ അപേക്ഷയ്ക്ക് കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ പരിഹാരമായിരിക്കുകയാണ്. ഭൂമിക്ക് ഡിവിഷൻ നമ്പർ പതിച്ചു നൽകണം എന്ന നിർദ്ദേശിച്ചു കൊണ്ടുള്ള ഉത്തരവ് മന്ത്രി പി.രാജീവ് അദാലത്ത് വേദിയിൽ കിഷോർ കുമാറിന് കൈമാറി.

 കണയന്നൂർ താലൂക്കിലെ നടമ വില്ലേജിൽ റീസർവേയിൽ റെയിൽവേ പുറമ്പോക്കിൽ പെട്ട 5 സെന്റ് ഭൂമി പതിച്ചു കിട്ടുന്നതിന് 2019ൽ റവന്യൂ ഓഫീസുകളിൽ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും പരിഹാരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കരുതലും കൈത്താങ്ങും അദാലത്തിൽ അപേക്ഷ സമർപ്പിച്ചത്. തന്റെ പരാതിയിൽ വേഗത്തിൽ പരിഹാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കിഷോർ കുമാർ പറഞ്ഞു.

 

ഒരു മണിക്കൂറിനുള്ളിൽ പരാതി പരിഹരിക്കാൻ നിർദ്ദേശം നൽകി  മന്ത്രി പി. രാജീവ്‌

18 വർഷമായി തുടരുന്ന നിയമ പോരാട്ടത്തിന് പരിഹാരവുമായാണ് പുല്ലേപ്പടി സ്വദേശി പി. എം. അബ്ദുൽ കരീം അദാലത്ത് വേദിയിൽ നിന്ന് മടങ്ങിയത്. മന്ത്രി പി. രാജീവിന്റെ ഇടപെടലിനെ തുടർന്ന്  ഒരു മണിക്കൂറിനുള്ളിൽ പ്രശ്നത്തിനു പരിഹാരമായി.

സ്വന്തം പേരിലുള്ള ഭൂമിയിൽ നിന്ന് ഒന്നര മീറ്റർ വീതിയിൽ നടപ്പുവഴി അയൽവാസിക്ക് അനുവദിച്ചിരുന്നു. വഴിയോട് ചേർന്ന് നിലവിൽ ഉണ്ടായിരുന്ന മതിൽ തകർന്നതിനെത്തുടർന്ന് പുതിയ മതിൽ നിർമിക്കാൻ തുടങ്ങിയെങ്കിലും വഴിത്തർക്കത്തെ തുടർന്ന് തടസ്സപ്പെട്ടു. സ്വന്തം സ്ഥലത്ത് മതിൽ കെട്ടണമെന്ന ആവശ്യവുമായി അബ്ദുൽ കരീം നിരവധി തവണ  ഉദ്യോഗസ്ഥരെ കണ്ടിരുന്നു. എന്നാൽ അയൽ വാസിയുടെ പരാതിയെതുടർന്ന് കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ മതിൽ നിർമ്മിക്കാനുള്ള പെർമിറ്റ് നൽകാൻ കോർപറേഷനു സാധിച്ചിരുന്നില്ല.

 
 എറണാകുളം ടൗൺ ഹാളിൽ നടന്ന കരുതലും കൈത്താങ്ങും കണയന്നൂർ താലുക്ക് തല അദാലത്തിൽ ഒരു മണിക്കൂറിനുള്ളിൽ മതിൽ നിർമ്മിക്കാനുള്ള പെർമിറ്റ് നൽകാൻ മന്ത്രി നിർദ്ദേശിച്ചു.

 

അദാലത്തിന്റെ കരുതൽ:
ത്രേസ്യയ്ക്ക്‌ സ്വന്തമായി വീടൊരുങ്ങും

 പ്രായമായ അമ്മയുമൊത്ത്  സുരക്ഷിതമായ ഭവനത്തിൽ താമസിക്കുക എന്ന തേവര പെരുമാനൂർ സ്വദേശി ത്രേസ്യ സൈമണിന്റെ സ്വപ്നം യാഥാർത്ഥ്യമാകുമെന്ന ഉറപ്പ് ലഭിച്ചിരിക്കുകയാണ് കരുതലും കൈത്താങ്ങും അദാലത്തിൽ. സ്വന്തമായൊരു വീട് എന്ന അപേക്ഷയുമായി അദാലത്ത് വേദിയിൽ എത്തിയ ത്രേസ്യയ്ക്ക്‌ അപേക്ഷ പരിഗണിച്ച് തത്സമയം പരിഹാരം നൽകി. കൊച്ചി കോർപ്പറേഷനിൽ പി.എം.എ.വൈ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ച് നൽകുമെന്ന് മന്ത്രി പി. രാജീവ്‌ ഉറപ്പ് നൽകി.

 പ്രായമായ രോഗബാധിതയായ അമ്മയുമായി ഇടിഞ്ഞു വീഴാറായ വീട്ടിലാണ് ത്രേസ്യ  താമസിക്കുന്നത്. അടുത്ത ധ്യാനകേന്ദ്രത്തിൽ ജോലി ചെയ്തു കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിഞ്ഞു വരുന്നത്.

 വീട് ആവശ്യപ്പെട്ട് ഇതുവരെ ത്രേസ്യ അപേക്ഷകൾ ഒന്നും സമർപ്പിച്ചിട്ടില്ലായിരുന്നു. കരുതലും കൈത്താങ്ങും അദാലത്തിനെ കുറിച്ച് അറിഞ്ഞതിനെ തുടർന്നാണ് മന്ത്രി മുൻപാകെ  നേരിട്ട് അപേക്ഷ സമർപ്പിക്കാൻ  എത്തിയത്. സ്വന്തമായ വീട് എന്ന ഏറെക്കാലത്തെ സ്വപ്നം യാഥാർത്ഥ്യമാകുമെന്നതിന്റെ സന്തോഷത്തിലാണ് ത്രേസ്യ അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്.

 

കോവിഡ് ധനസഹായം ഉടൻ ലഭ്യമാകുമെന്ന സന്തോഷത്തിൽ വേണു

പലതവണ ഓഫീസുകൾ കയറിയിറങ്ങിയിട്ടും പരിഹാരമാകാതിരുന്ന കോവിഡ് ധനസഹായം ഉടൻ ലഭ്യമാകുമെന്ന സന്തോഷത്തിലാണ് മാമ്പിള്ളി പറമ്പിൽ കെ. വേണു കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്.

2021 ജൂൺ മാസത്തിലാണ് വേണുവിന്റെ അമ്മ കാർത്തു കുഞ്ഞൻകുട്ടി കോവിഡ് മൂലം മരിച്ചത്. ആരോഗ്യവകുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയത്. തുടർന്നാണ് സർക്കാർ ധനസഹായമായി പ്രഖ്യാപിച്ച അമ്പതിനായിരം രൂപ ലഭ്യമാകുന്നതിന് വേണു അപേക്ഷ സമർപ്പിച്ചത്. തുടർനടപടികൾക്കായി പലതവണ ഓഫീസുകൾ കയറിയിറങ്ങിയിട്ടും പരിഹാരമാവാതിരുന്ന സാഹചര്യത്തിലാണ് അദാലത്തിൽ അപേക്ഷ സമർപ്പിക്കുന്നത്.

കൃഷിവകുപ്പ് മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിൽ ചേർന്ന അദാലത്തിൽ വേണുവിന്റെ അപേക്ഷ വ്യക്തമായി പരിശോധിക്കുകയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് ധനസഹായം നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നടപടികൾ ഏകോപിപ്പിക്കാൻ അഡീഷണൻ ജില്ലാ മജിസ്ട്രേറ്റിനെയും മന്ത്രി ചുമതലപ്പെടുത്തി.

 

കരുതലും കൈത്താങ്ങും അദാലത്ത്: പരിഹരിക്കപ്പെട്ടത് 15 വർഷമായി മുടങ്ങിക്കിടന്ന ആനുകൂല്യം

കലൂർ-കടവന്ത്ര റോഡിന്റെ വികസനത്തിനായി 1997-ൽ കലൂർ പടമാടൻ വീട്ടിൽ പി.ടി സിറിൽ,  മകൻ കിം പടമാടൻ എന്നിവരിൽ നിന്നും 6 സെന്റ് ഭൂമി ഏറ്റെടുത്തിരുന്നു. എന്നാൽ ഇവർക്ക് വർഷങ്ങൾക്ക് ശേഷം പകരം ഭൂമി നൽകാൻ ജിസിഡിഎ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തുവെങ്കിലും സ്ഥലത്തിന്റെ പ്രമാണം കേരള ഫിനാൻസ് കോർപ്പറേഷനിൽ നിന്നും നഷ്ടപ്പെട്ടു.  ഇതോടെ ഇവർക്ക് പകരം ലഭിക്കേണ്ട ഭൂമി നൽകൽ 15 വർഷമായി നീണ്ടു പോകുകയായിരുന്നു.

ഇതിനിടയിലാണ് കരുതലും കൈത്താങ്ങും കണയന്നൂർ താലുക്ക് തല അദാലത്തിൽ ഇവർ പരാതി നൽകിയത്. എറണാകുളം ടൗൺഹാളിൽ നടന്ന അദാലത്തിൽ കാർഷിക കർഷകക്ഷേമ വകുപ്പ്  മന്ത്രി പി പ്രസാദ് പരാതി പരിഗണിച്ചു. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ നിന്നും പ്രമാണം നഷ്ടപ്പെട്ടതായി കോർപറേഷൻ നൽകിയ രേഖകളുടെ അടിസ്ഥാനത്തിൽ പരാതിക്കാരന് ഈ മാസം 31ന് മുമ്പ് ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും നൽകാൻ മന്ത്രി ജി.സി.ഡി.എ സെക്രട്ടറിക്ക് നിർദേശം നൽകുകയായിരുന്നു. നാളുകളായുള്ള തങ്ങളുടെ ആനുകൂല്യം അംഗീകരിച്ചു തന്നതിന് നന്ദി അറിയിച്ചുകൊണ്ടാണ് കിം പാമാടനും അമ്മ ശാന്തമ്മ സിറിളും മടങ്ങിയത്.

date