Skip to main content

വിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവ൯കുട്ടിയുടെ വാർത്താസമ്മേളനക്കുറിപ്പ്

 

 

വാർത്താസമ്മേളനം -മെയ് 15

വിഷയം:-

പൊതുവിദ്യാഭ്യാസം-2023-24 അദ്ധ്യയന വര്‍ഷം സ്കൂള്‍
തുറക്കുന്നത് -മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്.

അടുത്ത അധ്യയന വര്‍ഷം (2023-2024) ജൂണ്‍ 1-ാം തീയതി സ്കൂള്‍ തുറക്കുന്നതിന്‍റെ മുന്നോടിയായി 2023 മേയ് 5-ാം തീയതി എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും സംസ്ഥാനതല യോഗം ബഹു.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ക്കുകയുണ്ടായി.  സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുളള എല്ലാ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും ആരംഭിക്കുവാന്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കുകയുണ്ടായി.

ഒരുക്കങ്ങളുടെ ഭാഗമായി ഓഫീസര്‍മാര്‍/സ്കൂള്‍ അധികൃതര്‍ എന്നിവര്‍    നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്

1.ജില്ലകളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ കളക്ടര്‍, കോര്‍പ്പറേഷന്‍ മേയര്‍,
മുനിസിപ്പല്‍ ചെയര്‍മാന്‍, വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ആര്‍.ഡി.ഡി, ഡി.പി.സി എന്നിവരുടെ യോഗം ജില്ലാതലത്തില്‍ ചേരുന്നതിനാവശ്യമായ നടപടികള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ കൈക്കൊള്ളേണ്ടതും സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതും. തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുമാണ്. സ്കൂള്‍ തലത്തില്‍ പി.റ്റി.എ യോഗം ചേര്‍ന്ന് സ്കൂള്‍ ഒരുക്കങ്ങള്‍ സംബന്ധിച്ച ചര്‍ച്ച 2023 മേയ് 17-ന്    മുമ്പായി നടത്തേണ്ടതാണ്. പി.റ്റി.എ യോഗത്തില്‍ ഓഫീസര്‍ കഴിയുന്നതും നേരിട്ട് പങ്കെടുക്കേണ്ടതുമാണ്.

2) വിദ്യാഭ്യാസ ഉപഡയറക്ടര്‍, ആര്‍.ഡി.ഡി, എ ഡി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം, കൈറ്റ് എന്നീവര്‍ യോഗം ചേര്‍ന്ന് ഓരോ സ്കൂളുകളും ഒരുക്കുന്നത് സംബന്ധിച്ച് പ്രവര്‍ത്തന പദ്ധതി രൂപീകരിക്കണം.  ഇത് പ്രഥമാധ്യാപക യോഗത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യോഗങ്ങളിലും ചര്‍ച്ച ചെയ്യണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം
ലഭ്യമാക്കേണ്ടതുണ്ടെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കണം. ജില്ലാ ടീം ഓരോ സ്കൂളിലെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അനുയോജ്യമായ ഇടപെടലുകള്‍ നടത്തണം.
സ്കൂളുകളുടെ അറ്റകുറ്റപ്പണികള്‍ മെയ് 27 നകം പൂര്‍ത്തിയാക്കേണ്ടതാണ്.  അതോടൊപ്പം ഭിത്തികള്‍ കഴിയുന്നതും പെയിന്‍റ് ചെയ്ത് മനോഹരമായി കുട്ടികളെ സ്വീകരിക്കാന്‍ സജ്ജമാക്കേണ്ടതാണ്.
സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സമ്പൂര്‍ണ്ണ ശുചീകരണം നടത്തേണ്ടതാണ് സ്കൂളും പരിസരവും, ക്ലാസ്സ്മുറികള്‍, ടോയ്ലറ്റ്, കുട്ടികള്‍ പെരുമാറുന്ന മറ്റ് സ്ഥലങ്ങള്‍ ഇവ വൃത്തിയാക്കുകയും മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍  നടത്തേണ്ടതുമാണ്.
സ്കൂളുകള്‍ കുറച്ചുകാലമായി അടഞ്ഞുകിടക്കുന്നതിനാല്‍ ഇഴജന്തുക്കള്‍ കയറിയിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിദ്ധ്യമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സ്കൂളുകളില്‍ കുട്ടികള്‍ക്ക്
പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയില്‍ പണി നടക്കുന്ന സ്ഥലം മറച്ചുകെട്ടേണ്ടതാണ്.  കുട്ടികളുടെ സഞ്ചാരം തടസ്സപ്പെടാതിരിക്കും വിധം നിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിക്കേണ്ടതാണ്.  നിര്‍മ്മാണ തൊഴിലാളികളുടെ സാന്നിധ്യം സ്കൂള്‍ പ്രവര്‍ത്തനത്തിന് തടസ്സമാകരുത്.
കുടിവെള്ള ടാങ്ക്, കിണറുകള്‍, മറ്റ് ജലസ്രോതസുകള്‍ എന്നിവ നിര്‍ബന്ധമായും ശുചീകരിക്കേണ്ടതും അണുവിമുക്തമാക്കേണ്ടതുമാണ്. കുടിവെള്ള സാമ്പിള്‍
 ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
ജില്ലകളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ കളക്ടര്‍, കോര്‍പ്പറേഷന്‍ മേയര്‍,
മുനിസിപ്പല്‍ ചെയര്‍മാന്‍, വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ആര്‍.ഡി.ഡി, ഡി.പി.സി എന്നിവരുടെ യോഗം ജില്ലാതലത്തില്‍ ചേരുന്നതിനാവശ്യമായ നടപടികള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ കൈക്കൊള്ളേണ്ടതും സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതും. തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുമാണ്.

3. വിദ്യാഭ്യാസ ജില്ല/ഉപജില്ലാ തലങ്ങളില്‍ ആവശ്യമായ യോഗങ്ങള്‍ ചേര്‍ന്ന്
മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതാണ്.

4.സ്കൂള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി സ്റ്റാഫ് കൗണ്‍സില്‍ യോഗം, പി.റ്റി.എ എക്സിക്യൂട്ടീവ് യോഗം,ക്ലാസ്സ്  പി.റ്റി.എ എന്നിവ ചേരേണ്ടതാണ്. കുട്ടികളുടെ പഠനസമയത്തിന് തടസ്സം വരാത്ത രീതിയില്‍ സഹ അധ്യാപകര്‍  പ്രധാനാധ്യാപകന്‍റെ സ്കൂള്‍ സംബന്ധമായ ജോലികളില്‍ സഹായിക്കേണ്ടതാണ്.  

5) കെ.എസ്.ആര്‍.റ്റി.സി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യവകുപ്പ്, പോലീസ്,
കെ.എസ്.ഇ.ബി, എക്സൈസ്, സാമൂഹ്യനീതിവകുപ്പ്, വനിതാ ശിശുവികസനവകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്കൂള്‍തല യോഗങ്ങള്‍ ചേര്‍ന്ന് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതാണ്.

6)  സ്കൂള്‍ തുറക്കുന്ന ദിവസം കുട്ടികളെയും കൊണ്ട് രക്ഷിതാക്കള്‍ വാഹനത്തില്‍
വരാനുള്ള സാധ്യത മുന്നില്‍ കണ്ട് വാഹനം പാര്‍ക്ക് ചെയ്യാന്‍ അതത് സ്കൂളുകള്‍ സൗകര്യം ഒരുക്കേണ്ടതാണ്.  റോഡരികിലും മറ്റും വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതുമൂലം ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാന്‍ പോലീസുമായി ചേര്‍ന്ന്   ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്.

7) വിവിധ ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികള്‍, കൊടിതോരണങ്ങള്‍, ബോര്‍ഡുകള്‍ എന്നിവ സ്കൂള്‍ പരിസരത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവ നീക്കം ചെയ്യുന്നതിനുള്ള   നടപടികള്‍ പ്രധാനാദ്ധ്യാപകന്‍ കൈക്കൊള്ളേണ്ടതാണ്.

8) വിദ്യാലയങ്ങള്‍ക്കു സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍, ട്രാഫിക് സൈന്‍ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുവാന്‍ ട്രാഫിക് പോലീസിന്‍റെ സേവനം തേടേണ്ടതാണ്.

9)  സ്കൂള്‍ ബസ്സുകളില്‍ കയറ്റാവുന്ന കുട്ടികളുടെ എണ്ണം വാഹനത്തിന്‍റെ ഫിറ്റ്നസ് മുതലായവ സംബന്ധിച്ച് മോട്ടോര്‍വാഹന വകുപ്പ് നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.

10) കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി.
പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷന്‍ അധികാരികളുടെ സഹായം തേടേണ്ടതാണ്.

11) സ്കൂള്‍ പരിസരത്തെ കടകളില്‍ കൃത്യമായ പരിശോധന നടത്തുന്നതിനും, നിരോധിത വസ്തുക്കള്‍, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ വില്‍ക്കുന്നില്ലായെന്ന് ഉറപ്പു
വരുത്തുന്നതിനും എക്സൈസ്/പോലീസ് വകുപ്പുകളുടെ സേവനം തേടേണ്ടതാണ്.

12) ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനജാഗ്രത സമിതികള്‍
രൂപികരിച്ചിരുന്നു.  ലഹരിമുക്ത ക്യാമ്പസ്സായി പ്രഖ്യാപിക്കുന്നതിന് സമിതികള്‍ ഊര്‍ജ്ജിതപ്പെടുത്തേണ്ടതും, കാലികപ്രസക്തമായ പരിപാടികള്‍ ആലോചിച്ച്  നടപ്പിലാക്കേണ്ടതുമാണ്.

13) ക്ലാസ്സുകള്‍ തുടങ്ങിയ ശേഷം കുട്ടികള്‍ ഏതെങ്കിലും കാരണവശാല്‍ ക്ലാസ്സില്‍ നിശ്ചിതസമയം കഴിഞ്ഞും എത്തിയില്ലെങ്കില്‍ രക്ഷിതാക്കളെ വിളിച്ച് വിവരം തിരക്കേണ്ടതും, വീട്ടില്‍ നിന്ന് കുട്ടി സ്കൂളിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ബോധ്യമാവുകയാണെങ്കില്‍ ആ വിവരം പോലീസിനെ അറിയിക്കുന്നതിന് ക്ലാസ്സ് ടീച്ചറെ ചുമതലപ്പെടുത്തേണ്ടതാണ്.

14)  കുട്ടികളിലെ പഠന സമയത്തിനു തടസ്സം വരുന്ന രീതിയില്‍ പി.റ്റി.എ യോഗങ്ങള്‍
എസ്.ആര്‍.ജി യോഗങ്ങള്‍, സ്റ്റാഫ് മീറ്റിംഗുകള്‍ തുടങ്ങിയവ സംഘടിപ്പിക്കാതിരിക്കാനും സല്‍ക്കാരങ്ങള്‍ നടത്താതിരിക്കാനും നിര്‍ദ്ദേശിക്കുന്നു.

15) സ്കൂളിലും പരിസരത്തുമുള്ള അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങളോ,
മരച്ചില്ലകളോ ഉണ്ടെങ്കില്‍ അവ മുറിച്ചുമാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ട
താണ്.

16) കൃത്യസമയത്തു തന്നെ അഡ്മിഷന്‍ പൂര്‍ത്തിയാക്കണം. ലാന്‍റ് ഫോണ്‍ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

17) സ്കൂള്‍ പരിസരത്തോ, കോമ്പൗണ്ടിലോ ഇലക്ട്രിക് ലൈന്‍, സ്റ്റേവയര്‍ മുതലായവ
അപകടകരമാം വിധം കാണുകയാണെങ്കില്‍ ആയത് ബന്ധപ്പെട്ട കെ.എസ്.ഇ.ബി അധികൃതരെ അറിയിക്കേണ്ടതും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള    നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.

18) സ്കൂള്‍ തുറക്കുന്നതിനു മുന്‍പുതന്നെ സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങി സൂക്ഷിക്കേണ്ടതാണ്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ യാതൊരു കാരണ വശാലും സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല.

19) സ്കൂള്‍ തലത്തില്‍ നടത്തിയ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലാ/ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മെയ് 25 നും 31 നുമിടയില്‍ സ്കൂളുകള്‍ നേരിട്ട് സന്ദര്‍ശിച്ച് പരിശോധിക്കേണ്ടതും റിപ്പോര്‍ട്ട് ഓരോ ദിവസവും അതത് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് നല്‍കേണ്ടതാണ്. ഹയര്‍സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ ബന്ധപ്പെട്ട ആര്‍.ഡി.ഡി/എ.ഡി എന്നിവര്‍ മെയ് 25 നും 31 നുമിടയില്‍ നേരിട്ട് സന്ദര്‍ശിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ   ഡയറക്ടര്‍ക്ക് കൈമാറേണ്ടതുമാണ്

20) ഈ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ഉപജില്ലാ/ജില്ലാവിദ്യാഭ്യാസ ഓഫീസ് തലങ്ങളില്‍ പ്രധാനാധ്യാപകരുടെ കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ക്കേണ്ടതും ഡയറ്റ് ഫാക്കല്‍റ്റി അക്കാര്യത്തില്‍ ഓഫീസര്‍മാരെ സഹായിക്കേണ്ടതുമാണ്.

21) പൊതുവിദ്യാഭ്യാസ ഓഫീസര്‍മാര്‍ അധികാരപരിധിയിലുളള എല്ലാ സ്കൂളുകളും എസ്.എസ്.കെ, ഡയറ്റ് ഫാക്കല്‍റ്റി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹായത്തോടെ സന്ദര്‍ശിച്ച് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടതാണ്.

സംസ്ഥാനത്തെ സ്കൂൾ പ്രവേശനത്തിനു മുന്നോടിയായി ഉള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്  ബഹുമാനപ്പെട്ട മുഖ്യമന്ത്രി മെയ് 22ന് വൈകിട്ട് 3. 30  ന് ഉന്നതതല യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ - എക്സൈസ്,  ഗതാഗതം, വൈദ്യുതി, പട്ടികജാതി- പട്ടികവർഗ്ഗ - പിന്നാക്ക വിഭാഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രിമാർ,  ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം ) തദ്ദേശ സ്വയംഭരണം തുടങ്ങി ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ  തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

മെയ്‌ 21 മുതൽ 27 വരെ സ്കൂളുകൾ വൃത്തിയാക്കുന്ന ദിവസങ്ങളാണ്. മെയ്‌ 21ന്
കരമന ബോയ്സ്, ഗേൾസ് സ്കൂളിൽ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും.ഗ്രീൻ ക്യാമ്പസ്‌ ക്ളീൻ ക്യാമ്പസ്‌ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനം ആണിത്.

പ്രവേശനോത്സവം

 ജൂൺ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കും. പ്രവേശനോത്സവത്തിലൂടെ ഗംഭീര വരവേൽപ്പാണ് കുട്ടികൾക്ക് നൽകുക. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരം മലയൻകീഴ് ഗവൺമെന്റ്  ബോയ്സ് എൽ പി എസിൽ ആണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുക. കൈറ്റ് വിക്ടെഴ്സ് ചാനൽ  വഴി എല്ലാ സ്‌കൂളിലും ഉദ്ഘാടന ചടങ്ങ് തത്സമയം പ്രദർശിപ്പിക്കണം. അതിനുശേഷം ഓരോ സ്കൂളുകളിലും  ജനപ്രതിനിധികൾ അടക്കമുള്ളവരുടെ നേതൃത്വത്തിൽ പ്രാദേശിക ചടങ്ങുകൾ നടക്കും.

 
പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം:-

മെയ്‌ 23ന് നടക്കുന്ന പ്രത്യേക ചടങ്ങിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ 96 പുതിയ സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ധർമ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് വെച്ചാണ് സംസ്ഥാന തല ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. പുതിയ കെട്ടിടങ്ങൾക്കായി ചെലവഴിച്ച തുക 142 കോടി 58 ലക്ഷം രൂപയാണ്. ഈ ചടങ്ങിൽ വച്ച് മൂന്ന് ടിങ്കറിംഗ് ലാബുകൾ കൂടി ഉദ്ഘാടനം ചെയ്യപ്പെടും. ലാബുകൾക്കായി ചെലവഴിച്ചത് 30 ലക്ഷം രൂപയാണ്.

ഈ ചടങ്ങിൽ വച്ച് തന്നെ 11 പുതിയ സ്കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടും. പുതിയ കെട്ടിടങ്ങൾക്കായി ചെലവാകുന്ന തുക 32 കോടി 50 ലക്ഷം രൂപയാണ്. അങ്ങനെ മൊത്തം 176 കോടിയുടെ പദ്ധതികൾ ആണ് മെയ്‌ 23 ന് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

ഇതുവരെ കിഫ്‌ബി ഫണ്ടിൽ മാത്രം അഞ്ചു കോടി രൂപ നിരക്കിൽ 126 സ്കൂൾ കെട്ടിടങ്ങളും മൂന്നു കോടി രൂപ നിരക്കിൽ 153  സ്കൂൾ കെട്ടിടങ്ങളും  ഒരു കോടി രൂപ നിരക്കിൽ 98 സ്കൂൾ കെട്ടിടങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനു പുറമേയാണ് 96 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യപ്പെടുന്നതും 11 സ്കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടുന്നതും.

ഇത് കൂടാതെ  പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട്, മറ്റ് ഇതര ഫണ്ടുകൾ തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിച്ച നിരവധി കെട്ടിടങ്ങൾ ഇതിനകം ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇന്ന് എറണാകുളം ജില്ലയിൽ ഈ വാർത്ത സമ്മേളനം കൂടാതെ  അഞ്ചു പരിപാടികളാണ് ഉള്ളത്

തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ - ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന കർമചാരി പദ്ധതിയുടെ ഉദ്ഘാടനം അൽപസമയത്തിനകം നിർവഹിക്കും. പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ ഉച്ചക്കുശേഷം മൂന്നരയ്ക്കാണ് പരിപാടി.

കർമ്മചാരി പദ്ധതി വിദ്യാർത്ഥികളെ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലികളും ഏറ്റെടുക്കാൻ സഹായിക്കുന്നു.  സ്വകാര്യമേഖലയുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്, സ്റ്റാർ ഹോട്ടലുകൾ, സൂപ്പർമാർക്കറ്റുകൾ, മാളുകൾ, ഭക്ഷണ - ടെക്‌സ്‌റ്റൈൽ ഔട്ട്‌ലെറ്റുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ തൊഴിലവസരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം.  ഐടി അധിഷ്ഠിത ഓപ്പണിംഗുകളും ഉപയോഗിക്കും. കുട്ടികളുടെ പഠനത്തെ ഒട്ടും ബാധിക്കാത്ത വിധത്തിലാണ്  ഈ പദ്ധതിയുടെ ക്രമീകരണം.

കൈറ്റ് ലെന്‍സ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആകർഷകവും വിജ്ഞാനപ്രദവുമായ വിദ്യാഭ്യാസ ഉള്ളടക്കംനിർമ്മിക്കുന്നതിന് ആവശ്യമായ എല്ലാ വിഭവങ്ങളും നൽകുന്ന, വിദ്യാഭ്യാസ
ഉള്ളടക്ക നിർമ്മാണത്തിനായുള്ള ഒരു ഏകജാലക കേന്ദ്രമാണ് കൈറ്റ് ലെൻസ്.

മികച്ച വിദ്യാഭ്യാസ ഉള്ളടക്കം സംബന്ധിച്ച് വ്യത്യസ്തവുംനൂതനവുമായ ആശയങ്ങളുള്ള അദ്ധ്യാപകർക്ക് കൈറ്റ് ലെൻസിലേക്ക്കടന്നു വരാം . അവരുടെ ആശയം പൂർത്തീകരിക്കുന്നതിനുള്ള എല്ലാ സഹായവും കൈറ്റ് ലെൻസ് ലഭ്യമാക്കും .
ലോകനിലവാരത്തിലുള്ള പരിശീലനം , മികച്ച സ്റ്റുഡിയോ സ‍ൗകര്യം ,
ഷൂട്ട് ചെയ്യുന്നതിനും എഡിറ്റ് ചെയ്യുന്നതിനുമുള്ള ഉപകരണങ്ങൾ തുടങ്ങിഉള്ളടക്ക നിർമ്മാണത്തിന് വേണ്ടതെല്ലാം ഇവിടെ ലഭ്യമാവും .
അധ്യാപകർക്ക് അവരുടെ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനുള്ള
പിന്തുണയും കൈറ്റ് ലെൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന അധ്യാപക പരിശീലനത്തിന് സംസ്ഥാന തലത്തിൽ ആരംഭം കുറിച്ചു. സംസ്ഥാനത്തെ എൽ പി, യു പി, എച്ച്എസ് തലത്തിലുള്ള അധ്യാപകരാണ് പരിശീലന പരിപാടിയായ അധ്യാപക സംഗമത്തിൽ ഒത്തുചേരുന്നത്.

ചുമട്ട് തൊഴിലാളി ക്ഷേമനിധി  ബോർഡ്
 മുഖേന സർക്കാർ നവശക്തി 2023  എന്നൊരു പദ്ധതി നടപ്പാക്കുകയാണ്. ജെ സി ബി, ക്രെയിൻ തുടങ്ങിയ യന്ത്രങ്ങൾ ഉപയോഗിച്ച് ചെയ്യുന്ന കയറ്റിറക്ക് ജോലികൾക്ക്  നിലവിലെ ചുമട്ടുതൊഴിലാളികളെ പ്രാപ്തരാക്കുന്ന ഒരു പദ്ധതിയാണ് നവശക്തി.  സംസ്ഥാനത്തെ ഐ.റ്റി പാർക്കുകൾ, കിൻഫ്രാ പാർക്ക് പ്രത്യേക സാമ്പത്തിക മേഖലയിലുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ചുമട്ടു തൊഴിലാളികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇത്തരം പ്രവൃത്തികൾക്കുള്ള പ്രത്യേക പരിശീലനം നൽകും.   പ്രത്യേക യൂണിഫോമും നൂതന സുരക്ഷാ ഉപകരണങ്ങളുടെ പരിശീലനവും നവശക്തിയുടെ ഭാഗമായി ഇവർക്ക് ലഭ്യമാക്കും. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ആധുനിക സാങ്കേതിക വിദ്യകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യം വെച്ചുള്ള ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന ക്യാമ്പ് കളമശ്ശേരിയിൽ ഉദ്ഘാടനം ചെയ്തു.

എസ് എസ് എൽ സി ഫലം മെയ്‌ 20, ഹയർ സെക്കണ്ടറി മെയ്‌ 25

date