Skip to main content

കരുതലും കൈത്താങ്ങും വാർത്തകൾ കണയന്നൂർ താലൂക്ക്

വസ്തു തണ്ടപ്പേർ അക്കൗണ്ടിൽ ഉൾപ്പെടുത്തിയ ആശ്വാസത്തിൽ
മുരളീധരൻ

തണ്ടപ്പേർ അക്കൗണ്ടിൽ വസ്തു ഉൾപ്പെടാത്തത് മൂലം നികുതി അടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പനമ്പിള്ളി നഗർ സ്വദേശി ജി.  മുരളീധരൻ കരുതലും കൈത്താങ്ങും കണയന്നൂർ താലൂക്ക്തല അദാലത്തിൽ അപേക്ഷ സമർപ്പിച്ചത്. ടൗൺഹാളിൽ നടന്ന അദാലത്ത് വേദിയിൽ നിന്ന് വസ്തു തണ്ടപ്പേര് അക്കൗണ്ടിൽ ഉൾപ്പെടുത്തി കൊണ്ടുള്ള ഉത്തരവ് പി.രാജീവിൽ നിന്ന് സ്വീകരിച്ചു സന്തോഷത്തോടെയാണ് മുരളീധരൻ
അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്.

വില്ലേജ് ഓഫീസിലെ രേഖകൾ ഡിജിറ്റലൈസ് ചെയ്തതിനു ശേഷം മുരളീധരന്റെ വസ്തു സർവ്വേ നമ്പർ തണ്ടപ്പേർ അക്കൗണ്ടിൽ ഉൾപ്പെട്ടിരുന്നില്ല. നികുതി അടയ്ക്കാൻ കഴിയാത്തത് സർക്കാർ സംബന്ധമായ സേവനങ്ങൾ ലഭ്യമാകുന്നതിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വസ്തു എറണാകുളം വില്ലേജിലെ  22905 തണ്ടപ്പേർ നമ്പറിൽ ഉൾപ്പെടുത്തി പരാതി പരിഹരിച്ചു കൊണ്ടുള്ള ഉത്തരവാണ് മുരളീധരന് കൈമാറിയത് . ഇനി വസ്തുവിന് നികുതി അടക്കാൻ കഴിയും എന്ന ആശ്വാസത്തിലാണ് മുരളീധരൻ.

അദാലത്തിൽ ഉടൻ പരിഹാരം; സഞ്ചാരയോഗ്യമാകാനൊരുങ്ങി
ബ്രദർ തോമസ് കാട്ടിത്തറ ലെയിൻ

സ്ഥലം മേടിച്ച് വീട് വച്ച് താമസം തുടങ്ങിയിട്ടും വീടിന് മുന്നിലൂടെയുള്ള റോഡ് സഞ്ചാരയോഗ്യമായില്ലെ സ അപേക്ഷയുമായാണ്  എ.എൻ ജോസഫും കൂട്ടരും കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ എത്തിയത്. പാലാരിവട്ടം ശോഭ റോഡ് ബൈലൈനിലുള്ള ബ്രദർ തോമസ് കാട്ടിത്തറ ലൈനിൽ ഇരുവശത്തും താമസിക്കുന്ന കുടുംബങ്ങളാണ് നിരവധി തവണ പല ഓഫീസുകൾ കയറിയിറങ്ങി അവസാന ശ്രമവുമായി അദാലത്തിൽ എത്തിയത്.

കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് പരാതി വിശദമായി പരിശോധിക്കുകയും റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

നിലവിൽ വീടിന് മുന്നിലുള്ള റോഡ് പുല്ലു പിടിച്ച് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. രണ്ട് മാസം കൂടുമ്പോൾ പുല്ല് വെട്ടി നികത്തേണ്ട അവസ്ഥയാണ്. റോഡ് ടൈൽ വിരിച്ച് കാന കെട്ടി വഴിവിളക്ക് സ്ഥാപിക്കണമെന്ന അപേക്ഷയുമായാണ് താമസക്കാർ എത്തിയത്. കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ള താമസക്കാർ ഇവിടെയുണ്ട്.

100 മീറ്റർ നീളത്തിലും നാലു മീറ്റർ വീതിയിലുമുള്ള വഴി പൊതുവഴിയായി ഉപയോഗിക്കുന്നതിനും സഞ്ചാരിയോഗ്യമാക്കുന്നതിനുമുള്ള ഉറപ്പിലാണ് താമസക്കാർ പ്രദേശത്ത് സ്ഥലം വാങ്ങിയത്. എന്നാൽ  പൊതുവഴിയായി ഉപയോഗിക്കുന്നതിനെതിരെ പ്രദേശത്ത് സ്ഥലം ഇല്ലാത്ത വ്യക്തി പരാതിപ്പെട്ടതിനെ തുടർന്നാണ് പ്രശ്നത്തിൽ കാലതാമസം നേരിട്ടത്. എന്നാൽ പരാതിക്കാരന് സ്ഥലത്തിൽ യാതൊരു അവകാശവുമില്ല എന്ന രേഖകൾ താമസക്കാർ സമർപ്പിച്ചതിനെ തുടർന്നാണ്  ബ്രദർ തോമസ് കാട്ടിത്തറ ലെയിൻ സഞ്ചാരയോഗ്യമാകുന്നതിനുളള നിർദ്ദേശം മന്ത്രി നൽകിയത്.

വാട്ടർ ചാർജിൽ 65963 രൂപയുടെ ഇളവ്; ജോസഫ് വർഗീസിന് കൈത്താങ്ങായി അദാലത്ത്

വാട്ടർ ചാർജിൽ 65963 രൂപയുടെ ഇളവ് നൽകി കെ.പി ജോസഫ് വർഗീസിന് കൈത്താങ്ങായി സംസ്ഥാന സർക്കാരിന്റെ കരുതലും കൈത്താങ്ങും പരാതി പരിഹാര താലൂക്ക് തല അദാലത്ത്.  കുടിവെള്ളത്തിന് അമിത തുക ഈടാക്കിയെന്ന പരാതിയുമായി അദാലത്ത് വേദിയിലെത്തിയ കൊന്നോത്ത് വീട്ടിലെ ജോസഫ് അമിതമായി ചുമത്തിയ കുടിവെള്ള ബില്ലിന് പൂർണ്ണമായും ഇളവ് ലഭിച്ച ആശ്വാസത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയത്.

12 വർഷക്കാലമായി തുടരുന്ന പ്രശ്നമാണ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലുള്ള അദാലത്തിൽ തീർപ്പാക്കിയത്. അമിതമായി ചുമത്തിയ ബില്ലിന് പൂർണ്ണമായും ഇളവ് അനുവദിച്ച ഉത്തരവ് മന്ത്രി ഉദ്യോഗസ്ഥർക്ക് കൈമാറി.

എല്ലാ മാസവും ഉപയോഗത്തിലും അധികമായ ബില്ലാണ് ജോസഫിന് വാട്ടർ അതോറിറ്റിയിൽ നിന്നും ലഭിച്ചുകൊണ്ടിരുന്നത്. ഇതിനെതിരെ ജോസഫ് വാട്ടർ അതോറിറ്റില്‍ പരാതി നൽകുകയും മീറ്ററിലെ ക്രമക്കേട് പരിശോധിക്കണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.തുടർന്ന് വാട്ടർ അതോറിറ്റി മീറ്റർ റീഡിങ്  പുന:പരിശോധിക്കുകയും പുതിയ മീറ്റർ സ്ഥാപിക്കുകയും ചെയ്തു. പുതിയ മീറ്റർ വെച്ചത്തിന് ശേഷം ശരാശരി കണക്കാക്കിയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

date