Skip to main content

മൂന്ന് വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ: മന്ത്രി വി. ശിവൻകുട്ടി

 

മൂന്ന് വർഷത്തിനുള്ളിൽ ഇരുപത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുകയാണ്  സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കർമചാരി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഔദ്യോഗിക പോർട്ടലിന്റെ പ്രകാശനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം പാർട് ടൈം ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് കർമ്മചാരി.  സ്വകാര്യമേഖലയുമായി സഹകരിച്ചാണ്  പദ്ധതി നടപ്പാക്കുന്നത്.  സ്റ്റാർ ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, ഫുഡ് ഔട്ട് ലെറ്റുകൾ, വസ്ത്ര വ്യാപാര കേന്ദ്രങ്ങൾ, റിസോർട്ടുകൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ അവസരങ്ങൾ, ഐ.ടി അധിഷ്ഠിത ജോലികളുമുണ്ടാകും. സ്കൂളിലോ കോളേജിലോ പഠിക്കുമ്പോൾ തന്നെ വിലപ്പെട്ട പ്രവർത്തന പരിചയം നേടാൻ ഇത് സഹായിക്കും.  ഈ പദ്ധതി വഴി വിദ്യാർത്ഥികൾക്ക് തങ്ങളുടെ ചെലവിനാവശ്യമായ പണം സമ്പാദിക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് തങ്ങളുടെ കഴിവുകൾ  വികസിപ്പിക്കാനും പ്രവർത്തന പരിചയം നേടാനും പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ കർമ്മചാരി പൈലറ്റ് പദ്ധതി കൊച്ചി കോർപ്പറേഷൻ പരിധിയിലാണ് നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ ആയിരത്തിലധികം വിദ്യാർത്ഥികൾക്കാണ് തൊഴിൽ ലഭിക്കുക. ഭാവിയിൽ സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. കർമ്മചാരി പദ്ധതിയുടെ ഭാഗമായി പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർത്ഥികളെ പ്രൊവിഡന്റ് ഫണ്ട് പരിധിയിൽ നിന്നും  ഒഴിവാക്കുന്നതിനും ഇ.എസ്.ഐ അനുവദിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയോട് മികച്ച പ്രതികരണമാണ് തൊഴിലുടമകൾ നൽകുന്നതെന്നും  മന്ത്രി പറഞ്ഞു. 

ചടങ്ങിൽ കർമ്മചാരി പദ്ധതിയുടെ ഭാഗമായി ജോലി ലഭിച്ച വിദ്യാർത്ഥികൾക്ക് മന്ത്രി  നിയമനോത്തരവ് കൈമാറി. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെയാണ്  കർമ്മചാരി പദ്ധതി നടപ്പാക്കുന്നത്.

പാടിവട്ടം അസീസിയ കൺവെഷൻ സെന്ററിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ ഉമ തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ മുഖ്യാതിഥിയായി. തൊഴിൽ വകുപ്പ് സെക്രട്ടറി അജിത് കുമാർ, ലേബർ കമ്മീഷണർ ഡോ.കെ.വാസുകി,  അഡീഷണൽ ലേബർ കമ്മീഷണർ (എ൯ഫോൻഴ്സ്മെന്റ്) കെ.എം സുനിൽകുമാർ, വാർഡ് കൗൺസിലർ സി.ഡി വത്സലകുമാരി, കേരള ടെക്സ്റ്റൈൽസ് & ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ  സംസ്ഥാന ജനറൽ സെക്രട്ടറി കെ. കൃഷ്ണൻ, കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന പ്രസിഡന്റ് ജോർഫിൻ പേട്ട, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ്ബ്, കേരള മർച്ചന്റ്സ് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ്  കെ.എം. മുഹമ്മദ് സഗീർ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ, എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി കെ. എൻ. ഗോപി, വിദ്യാഭ്യസ ഉപഡയറക്ടർ ഹണി. ജി.അലക്സാണ്ടർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date