Skip to main content

വികസനത്തിനായി കുടിയൊഴിക്കപ്പെട്ട ജോർജിൻ്റെ പ്രശ്നത്തിന് ഉടനടി പരിഹാരം നൽകി മന്ത്രി രാജീവ്

 

കൊച്ചിയുടെ വികസനത്തിനായി സ്വന്തമായി ഉണ്ടായിരുന്ന വീടും സ്ഥലവും  വിട്ടുകൊടുത്ത് കുടിയൊഴിക്കപ്പെട്ട അമ്പാട്ട് വീട്ടിൽ എ.എൽ ജോർജിൻ്റെ പ്രശ്നത്തിന് ഉടനടി പരിഹാരം കണ്ടെത്തി കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.

2008 ലാണ് വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനു വേണ്ടി ചേരാനല്ലൂർ പഞ്ചായത്തിൽ 17-ാം വാർഡിൽ താമസിക്കുന്ന ജോർജിൻ്റെ 10 സെന്റ് സ്ഥലത്തിൽ എട്ടേകാൽ സെൻ്റ് സ്ഥലവും 650 ചതുരശ്ര അടി വീടും വിട്ടു നൽകിയത്.  അവശേഷിച്ച ഒന്നേ മുക്കാൽ സെൻ്റിൽ വീട് വയ്ക്കുന്നതിന് 2019 -ൽ പഞ്ചായത്ത് അനുമതി നൽകി. തറയുടെ നിർമ്മാണവും പൂർത്തിയാക്കി. തുടർപണികൾ പൂർത്തീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിന് ഇടയിൽ അസുഖം ബാധിക്കുകയും സർജറി വേണ്ടി വരികയും ചെയ്തു. കോവിഡ് പ്രതിസന്ധികളും വ്യാപിച്ചതോടെ പണി പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. പെർമിറ്റ് കാലാവധി അവസാനിക്കുകയും ചെയ്തു.

തുടർന്ന് 2022 ഓഗസ്റ്റിൽ പണിപൂർത്തീകരിക്കുന്നതിന് പെർമിറ്റ് പുതുക്കുന്നതിനായി അപേക്ഷ സമർപ്പിച്ചെങ്കിലും പുതുക്കി ലഭിച്ചില്ല.

പലതവണ ഓഫീസുകൾ കയറിയിറങ്ങിയ ജോർജ് അവസാന പ്രതീക്ഷയിലാണ് അദാലത്ത് വേദിയിൽ എത്തിയത്.  ജോർജിന്റെ പ്രശ്നങ്ങൾ മന്ത്രി വിശദമായി പരിശോധിക്കുകയും 2008ലെ യോഗ തീരുമാനപ്രകാരം ഇളവ് അനുവദിക്കുന്നതിനുള്ള നിർദ്ദേശം ഒരാഴ്ചയ്ക്കുള്ളിൽ നൽകാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പെർമിറ്റ് പുതുക്കി നൽകണമെന്ന് ചേരാനല്ലൂർ പഞ്ചായത്ത് സെക്രട്ടറിക്കും മന്ത്രി നിർദേശം നൽകി.

കൂലിപ്പണിക്കാരനായ ജോർജും (65) ഭാര്യയും പ്രായമായ അമ്മയും മഴക്കാലമായാൽ വെള്ളം കയറുന്ന ഒരു പ്രദേശത്താണ് നിലവിൽ താമസിക്കുന്നത്. ആശുപത്രിയിൽ പോകാൻ പോലും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് വിട്ടുകൊടുത്ത് അവശേഷിച്ച സ്ഥലത്ത് വീട് വയ്ക്കാൻ തീരുമാനിച്ചത്. 

പെർമിറ്റിനുവേണ്ടി പലപ്രാവശ്യം പല ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും തന്റെ അവസ്ഥ മനസ്സിലാക്കി അനുകൂലമായ തീരുമാനമാണ് മന്ത്രിയുടെ നേതൃത്വത്തിൽ എടുത്തത്. കരുതലും കൈത്താങ്ങും എന്ന ഈ അദാലത്ത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നത്തിന് കൈത്താങ്ങായി മാറിയെന്നും  ജോർജ് പറഞ്ഞു.

date