Skip to main content

വൃദ്ധ ദമ്പതികള്‍ക്ക് ആശ്വാസം: താലൂക്ക്തല അദാലത്തില്‍ മുന്‍ഗണന റേഷന്‍ കാര്‍ഡ് കൈമാറി

അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാലിലെ രക്തയോട്ടം കുറഞ്ഞതോടെ അരക്ക് താഴേക്ക് സ്വാധീനം നഷ്ടപ്പെട്ടയാളാണ് ചിതറ സ്വദേശിയായ പ്രഭാകരന്‍. കൂലിവേല ചെയ്ത് കുടുംബം പോറ്റിയിരുന്ന പ്രഭാകരന്റെ വരുമാനവും കിടപ്പിലായതോടെ മുടങ്ങി. ഭാര്യ ചന്ദ്രികയുടെ തൊഴിലുറപ്പ് ജോലിയെ ആശ്രയിച്ചാണ് ഈ കുടുംബം ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. സാമ്പത്തിക പ്രയാസങ്ങളില്‍ കഴിയുന്ന കൂലിപ്പണിക്കാരായ മക്കളുടെ സഹായവും വൃദ്ധദമ്പതികളുടെ ആശ്രയമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും, ജില്ലയിലെ സ്വകാര്യ ആശുപത്രികളിലുമാണ് പ്രഭാകരന്‍ ചികിത്സതേടുന്നത്.

ചികിത്സാ ഇളവിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും എ പി എല്‍ വിഭാഗത്തില്‍പ്പെടുന്ന റേഷന്‍ കാര്‍ഡ് ഒരു തടസമായതോടെയാണ് മുന്‍ഗണനാ കാര്‍ഡിനായി അപേക്ഷ സമര്‍പ്പിക്കുന്നത്. പല കാരണങ്ങള്‍ പറഞ്ഞു നിരവധി തവണ നിരസിച്ച അപേക്ഷക്കാണ് കൊട്ടാരക്കര താലൂക്ക്തല അദാലത്തില്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാലും ജെ ചിഞ്ചുറാണിയിലൂടെയും പരിഹാരമായത്. കണ്ണീരണിഞ്ഞ മിഴിയോടെ ഭാര്യ ചന്ദ്രിക മുന്‍ഗണനാ റേഷന്‍കാര്‍ഡ് മന്ത്രിമാരിന്‍ നിന്ന് ഏറ്റുവാങ്ങി. ആശ്വാസത്തിന്റെ ചിരിയോടെ പ്രഭാകരന്‍ തന്റെ ഊന്നുവടിയെ മുറുകെപിടിച്ച് സദസിലിരുന്ന് ആ കാഴ്ച കണ്ടു. മുന്‍ഗണനാ കാര്‍ഡിന്റെ അഭാവം മൂലം തങ്ങള്‍ക്ക് നഷ്ടപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാകുമെന്ന ആശ്വാസത്തോടെയാണ് ഇരുവരും മടങ്ങിയത്.

date