Skip to main content
.

തൊടുപുഴ താലൂക്ക് അദാലത്തില്‍ 102 പരാതികളില്‍ തല്‍സമയ തീര്‍പ്പ്

അദാലത്ത് വേദിയില്‍ കൈമാറിയത് അഞ്ച് പട്ടയങ്ങൾ നടപടിക്രമങ്ങളിൽ കുരുങ്ങിയ സര്‍ക്കാര്‍ സഹായങ്ങള്‍ മുതല്‍ വഴിത്തര്‍ക്കം വരെയുള്ള സാധാരണമനുഷ്യരുടെ ജീവല്‍ പ്രശ്നങ്ങള്‍ക്ക് കരുതലും കൈത്താങ്ങുമൊരുക്കി ജില്ലയിലെ താലൂക്ക് അദാലത്തുകള്‍ക്ക് തുടക്കം. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി താലൂക്ക് തലങ്ങളില്‍ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' അദാലത്തില്‍ ഇടുക്കി ജില്ലയിലെ ആദ്യ അദാലത്ത് തൊടുപുഴ താലൂക്കില്‍ നടന്നു. ഓണ്‍ലൈനായി ലഭിച്ച 353 പരാതികളാണ് ഇവിടെ പരിഗണിച്ചത്. ഇതില്‍ 102 പരാതികള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനും സഹകരണ-രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവനും നേതൃത്വം നല്‍കിയ അദാലത്ത് അന്തിമ തീര്‍പ്പൊരുക്കി. അദാലത്ത് വേദിയിൽ തന്നെ 5 പേര്‍ക്ക് മന്ത്രിമാര്‍ പട്ടയം കൈമാറി. പുതുപ്പരിയാരം സ്വദേശി സാജു കെ വി, കാളിയാര്‍ ദേവസ്യ, അരിക്കുഴ ശശി, കുമാരമംഗലം സിജി കരുണാകരന്‍, വണ്ണപ്പുറം സ്വദേശി ഇഖ്ബാല്‍ എന്നിവര്‍ക്കാണ് മന്ത്രിമാര്‍ സദസ്സില്‍ വെച്ച് തന്നെ പട്ടയം കൈമാറിയത്. അദാലത്തിലെത്തിയ പരാതികളില്‍ പൂര്‍ണമായി പരിഹരിച്ച നടുവിലേടത്ത് ജെയിംസ് മാത്യു, രവീന്ദ്രന്‍, മേരി മാത്യു, ശകുന്തള രാമചന്ദ്രന്‍, എം കെ മോഹനന്‍ എന്നിവര്‍ക്കുള്ള പരിഹാര ഉത്തരവുകള്‍ ഉദ്ഘാടന പരിപാടിയിൽ തന്നെ കൈമാറിയാണ് മന്ത്രിമാര്‍ അദാലത്തിന് തുടക്കമിട്ടത് . ഓണ്‍ലൈനായി ലഭിച്ചവയില്‍ 193 അപേക്ഷകള്‍ പരിഗണന വിഷയങ്ങളില്‍ ഉള്‍പ്പെടാത്തതും 44 അപേക്ഷകള്‍ നിരസിക്കുകയും ചെയ്തു . 11 എണ്ണത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു . ശേഷിച്ച പരാതികളില്‍ അതിവേഗം നടപടിയെടുക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട് . നേരത്തെ ലഭിച്ച പരാതികള്‍ക്കു പുറമെ അദാലത്ത് വേദിയില്‍ നേരിട്ട് എത്തിയ 83 പരാതികൾ സ്വീകരിച്ചു . ഈ പരാതികള്‍ക്ക് കൈപ്പറ്റു രസീതു നല്‍കിയ ശേഷം പത്തുദിവസത്തിനുള്ളില്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് പരാതിക്കാരനെ അറിയിക്കുമെന്നു മന്ത്രിമാരായ റോഷി അഗസ്റ്റിനും വി.എന്‍. വാസവനും അറിയിച്ചു. . തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യു വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്. കൂടാതെ സിവില്‍ സപ്ലൈസ്, ആരോഗ്യം, വിദ്യാഭ്യാസം, കെ.എസ്. ഇ. ബി, കൃഷി, ജലസേചനം, വാട്ടര്‍ അതോറിറ്റി, മൃഗസംരക്ഷണം, ലേബര്‍, സാമൂഹ്യനീതി, പട്ടികവര്‍ഗം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും അദാലത്തില്‍ പരിഗണിച്ചു. അര്‍ഹതയുണ്ടായിട്ടും നിഷേധിക്കപ്പെട്ട മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍, സാങ്കേതികപ്രശ്നത്തിന്റെ പേരില്‍ തടയപ്പെട്ട പ്രളയധനസഹായം, ഭൂമി സംബന്ധമായ പരാതികള്‍, പട്ടികജാതി, പട്ടിക വര്‍ഗ ആനുകൂല്യങ്ങള്‍ , തണ്ണീര്‍ത്തട സംരക്ഷണം, കാര്‍ഷിക വിളകളുടെ സംഭരണം, അപകടകരമായ മരം മുറിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, അതിര്‍ത്തിതര്‍ക്കം, വഴിത്തര്‍ക്കം എന്നിങ്ങനെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അദാലത്തില്‍ മന്ത്രിമാര്‍ക്ക് മുന്നിലെത്തിയത്. രാവിലെ ഒന്‍പതരയോടെ അദാലത്ത് നടന്ന തൊടുപുഴ മെര്‍ച്ചന്റ് ട്രസ്റ്റ് ഹാളില്‍ എത്തിയരണ്ട് മന്ത്രിമാരും അപേക്ഷകര്‍ക്ക് പറയാനുള്ളത് കേട്ട് തീരുമാനമെടുത്തശേഷമാണ് സീറ്റില്‍ നിന്ന് എണീറ്റത്. രാവിലെ പത്ത് മുതല്‍ ആരംഭിച്ച അദാലത്ത് ഇടവേള ഇല്ലാതെയാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ അവസാനിച്ചത് . പരാതികളിന്മേലുള്ള തുടര്‍നടപടികള്‍ക്കായി റവന്യു ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സപ്ലൈസ്, സര്‍വേ, തുടങ്ങി എല്ലാ വകുപ്പുകളുടെയും കൗണ്ടറുകൾ ഉള്‍പ്പെടെ 9 മണിയോടെ തുറന്നിരുന്നു. പൊതുജനങ്ങളുടെ പരാതികള്‍ അതാത് വകുപ്പുകളുടെ കൗണ്ടറുകളിലേക്ക് തിരിച്ചുവിടാന്‍ ഹെല്‍പ്പ് ഡെസ്‌കും ഒരുക്കിയിരുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ തൊടുപുഴ താലൂക്കിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ഡോക്യുമെന്ററി പ്രദര്‍ശനവും മീഡിയാ സെന്ററും അദാലത്ത് വേദിയില്‍ ഒരുക്കിയിരുന്നു. തൊടുപുഴ മെര്‍ച്ചന്റ് ട്രസ്റ്റ് ഹാളില്‍ സംഘടിപ്പിച്ച അദാലത്ത് സംഘാടക മികവു കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് കാവാലത്ത്, ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍, എ.ഡി.എം. ഷൈജു പി. ജേക്കബ്, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ.പി ദീപ, മനോജ് കെ, ജോളി ജോസഫ്, തൊടുപുഴ തഹസീല്‍ദാര്‍ അനില്‍ കുമാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദാലത്തിന് മേല്‍നോട്ടം വഹിച്ചു. ദേവികുളം താലൂക്ക് അദാലത്ത് മെയ് 17ന് അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ നടക്കും.

date