Skip to main content
.

വിധവയായ വീട്ടമ്മയ്ക്ക് കരുതലിന്റെ കൈത്താങ്ങ് ; കെ.എസ്.ഇ.ബിയോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിൻ

ഭർത്താവ് വിടപറഞ്ഞതിന്റെ നാലാം മാസം പുറപ്പുഴ സ്വദേശി താഴത്തുമഠത്തിൽ കെ ആർ സുജാത അദാലത്ത് നഗരിയിൽ എത്തിയത് നിറകണ്ണുകളോടെയെങ്കിലും മടക്കം പ്രതീക്ഷയോടെ. രോഗിയായ മാതാവും രണ്ടു മക്കളുമായി ഒരു വരുമാന മാർഗവുമില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഏറെ പ്രയാസം അനുഭവിക്കുന്ന വീട്ടമ്മ , താൻ ബാധ്യതപ്പെട്ടിട്ടില്ലാത്ത തുകയുടെ പേരിലുള്ള ജപ്തി നടപടികൾ അവസാനിപ്പിക്കാനാണ് അദാലത്തിനെത്തിയത്. 1996 ലാണ് വഴിത്തലയിൽ സുജാതയുടെ ഉടമസ്ഥതയിൽ ഭർത്താവ് ജയകൃഷ്ണൻ സ്റ്റാർ ലിങ്ക് കേബിൾ നെറ്റ്വർക്ക് ആരംഭിക്കുന്നത്. 2006 ൽ ഇത് മറ്റൊരാൾക്ക്‌ വിൽക്കുകയും ചെയ്തു. തൊടുപുഴ ഇലക്ട്രിക്കൽ സെക്ഷൻ നമ്പർ 1 ൽ നിന്നും കേബിൾ ടിവി നെറ്റ്‌വർക്കിനായി 90 പോസ്റ്റുകൾ കരാർ പ്രകാരം വാടകയ്ക്ക് എടുത്തു. സ്ഥാപനം വിൽക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്ത കാര്യം വിൽപ്പന കരാർ സഹിതം ഇലക്ട്രിക്കൽ സെക്ഷൻ എൻജിനീയറെ രേഖാമൂലം അറിയിച്ചെങ്കിലും പോസ്റ്റിനായുള്ള കരാർ പുതുക്കണമെന്നും വാടക അടയ്ക്കണമെന്നും ആവശ്യപ്പെട്ട് വർഷമായി കത്ത് വരുന്നു . സ്ഥാപനം വിറ്റ വിവരം കെ എസ് ഇ ബി ക്ക് എഴുതി നൽകി . പിന്നീട് പോസ്റ്റ്‌ ഓഫിസ് വഴി എത്തുന്ന കത്തുകൾ അഡ്രസ് നിലവിലില്ലാത്ത സാഹചര്യത്തിൽ അധികാരികൾ കെ എസ് ഇ ബിയിലേക്ക് തന്നെ തിരികെ അയച്ചു. എന്നിട്ടും വിഷയത്തിൽ യാതൊരുവിധ അന്വേഷണവും നടത്താൻ കെ എസ് ഇ ബി തയാറായില്ലെന്ന് സുജാത പറയുന്നു. ആറ് മാസങ്ങൾക്കു മുൻപ് 30 ലക്ഷം രൂപയുടെ റവന്യൂ റിക്കവറി നോട്ടിസ് എത്തിയതോടെ കുടുംബത്തിന്റെ താളം തെറ്റി. മനോവിഷമത്തിൽ സ്ട്രോക്ക് വന്നെങ്കിലും അവസാന നാളുകളിലും ജയകൃഷ്ണൻ ഓഫിസുകൾ ങ്ങുകയായിരുന്നു . കഴിഞ്ഞ ജനുവരി 15 നാണ് ജയകൃഷ്ണൻ മരണപ്പെട്ടത്. ആകെയുള്ള 20 സെന്റ് സ്ഥലവും വീടും മാത്രമാണ് ഈ കുടുംബത്തിനുള്ളത്. താൻ ബാധ്യതപ്പെടാത്ത ഈ തുക അടയ്ക്കാൻ നിർവാഹമില്ലാതെ വിഷമിച്ച സുജാതയുടെ അവസ്ഥ ജില്ലയുടെ മന്ത്രി റോഷി അഗസ്റ്റിൻ വിശദമായി ചോദിച്ചറിയുകയും കെ എസ് ഇ ബി അധികൃതരെ വിഷയത്തിൽ താക്കീത് ചെയ്യുകയും വിശദമായ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട്‌ നല്കാനും നിർദേശിക്കുകയും ചെയ്തു. മന്ത്രി കൊടുത്ത ഉറപ്പിന്മേൽ പ്രതീക്ഷയുടെ ആശ്വാസത്തിലാണ് സുജാതയുടെ മടക്കം.

date