Skip to main content
ശാരീരിക വെല്ലുവിളി നേരിടുന്ന വിഷ്ണുവിന്റെ പരാതി കേൾക്കുന്ന മന്ത്രി കെ രാധാകൃഷ്ണൻ

വിഷ്ണുവിന് ഇനി സ്കൂളിൽ പോകാം

ഓട്ടോ പോലും കടന്നു ചെല്ലാത്ത വീട്ടിൽ നിന്നും വിഷ്ണുവിന് സ്പെഷ്യൽ സ്കൂളിൽ പോകാനുള്ള വഴിക്കായാണ് അദാലത്തിൽ വന്നത്. പുല്ലഴി വില്ലേജിൽ ചേറ്റുപുഴ വക്കീൽപറമ്പ് വല്ലേറ്റ് വടക്കേതിൽ വീട്ടിൽ വിഷ്ണുവിൻ്റെ നാളുകളായുള്ള ആവശ്യത്തിന് ഉടൻ പരിഹാരം കാണാൻ ജനകീയ അദാലത്തിൽ തീരുമാനമായി. ഓട്ടോ പോലും കടന്നു ചെല്ലാൻ കഴിയാത്ത വഴിക്ക് വീതികൂട്ടണമെന്നാണ് അപേക്ഷ..

 വിഷ്ണുവിന് 45 ദിവസം പ്രായമുള്ളപ്പോൾ  അപസ്മാരം ബാധിച്ച് ശരീരത്തിന്റെ വലതുവശം തളർന്നു പോയതാണ്. അന്നുമുതൽ പിന്നീട് അങ്ങോട്ടുള്ള 26 വർഷവും കൂലിപ്പണിക്കാരനായ സന്തോഷും നിത്യവൃത്തിക്കായി പണിയെടുക്കുന്ന ജയന്തിയും വിഷ്ണുവും  രണ്ട് അനുജന്മാരും അടങ്ങുന്ന കുടുംബത്തെ പോറ്റാൻ നെട്ടോട്ടമോടുകയാണ്. ഇതിനിടയിലാണ് നാലു വർഷങ്ങൾക്കു മുമ്പ് വിഷ്ണുവിനെ സ്പെഷ്യൽ സ്കൂളിൽ അയയ്ക്കാൻ പാകത്തിന് വീടും സ്ഥലവും വാങ്ങിക്കുന്നത്. 

വിഷ്ണുവിന് സ്പെഷ്യൽ സ്കൂളിൽ പോകാനായാൽ ജയന്തിക്കും സന്തോഷിനും അത് വലിയൊരു ആശ്വാസമാണ്. പ്രതിവർഷം സ്കോളർഷിപ്പ് തുകയായ 28,000 രൂപ ലഭിക്കുകയും ചെയ്യും. എന്നാൽ തടസ്സമായി നിൽക്കുന്നത് വീട്ടിലേക്കുള്ള ചെറുവഴിയാണ്. വീടിൻറെ മുറ്റം വരെ ഒട്ടോ എത്തുമെന്ന പ്രതീക്ഷയിൽ വാങ്ങിയ സ്ഥലവും വീടും ആണെങ്കിലും സമീപമുള്ള മതിലുകൾ ഓട്ടോ അടക്കമുള്ള വാഹനങ്ങൾ വീട്ടിലേക്ക് എത്തുന്നതിന് തടസ്സമായി നിൽക്കുകയാണ്. ഇതോടെ വിഷ്ണുവിനു സ്കൂളിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്.

ഈ ദുർഗതിക്ക് പരിഹാരം കാണാനാണ് സന്തോഷ് - ജയന്തി ദമ്പതികൾ വിഷ്ണുവിനെയും കൂട്ടി അദാലത്തിലെത്തിയത്. ഏറ്റവും അടുത്ത ദിനം തന്നെ പരിഹാരം കാണാൻ മന്ത്രി കെ രാധാകൃഷ്ണൻ നേരിട്ട് നിർദ്ദേശം നൽകിയതൊടെ ആശ്വാസാശ്രുക്കൾ പൊഴിച്ചു കൊണ്ടാണ് ജയന്തി അദാലത്തിൽ നിന്നും മടങ്ങിയത്.

date