Skip to main content

പഴമയുടെ രുചികൂട്ടുമായി കുടുംബശ്രീ പാചക മേള

എന്റെ കേരളം മെഗാ എക്സിബിഷനിൽ കുടുംബശ്രീ നേതൃത്വത്തിൽ നടത്തുന്ന പാചകമത്സരത്തിൽ പരമ്പരാഗത വിഭവങ്ങളാണ് തിങ്കളാഴ്ച മത്സരിച്ചത്. വാഴയില, ബീറ്റ് റൂട്ട്, എള്ള്, അവിൽ, മാമ്പഴം, ചെറുപയർ   തുടങ്ങിയവ കൊണ്ട് രുചിയൂറും പരമ്പരാഗത വിഭവങ്ങൾ തയ്യാറാക്കി. ഒന്നരമണിക്കൂർ നീണ്ട മത്സരത്തിൽ 13 ബ്ലോക്കിലെ മത്സരാർത്ഥികൾ മാറ്റുരച്ചു. മാമ്പഴം കൊണ്ടുള്ള കുമ്പളപ്പം, വാഴയില കൊണ്ടുള്ള ഹൽവ, മാങ്ങാണ്ടി പരിപ്പ് കൊണ്ടുള്ള അപ്പം, കഞ്ഞി വെള്ളം കൊണ്ടുള്ള ഹൽവ തുടങ്ങിയവ വ്യത്യസ്തമായി. 

കൊള്ളി, ചേന, മധുരക്കിഴങ്ങ്, നീല കാച്ചിൽ എന്നിവ പുഴുങ്ങിയതും കൂടെ നല്ല കാന്താരി ചുവന്നുള്ളി ചമ്മന്തിയും ഉണ്ടാക്കിയ ഇരിങ്ങാലക്കുട ബ്ലോക്കിലെ ദീപ സാബുവിന് ഒന്നാം സ്ഥാനം കിട്ടി.
കഞ്ഞിവെള്ളം കൊണ്ട് ഹൽവ, കിണ്ണത്തപ്പം എന്നിവ ഉണ്ടാക്കിയ ചൊവ്വന്നൂർ ബ്ലോക്കിലെ റസ്‌നയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. മാങ്ങാണ്ടി കൊണ്ട്  അടുക്കയപ്പം ഉണ്ടാക്കിയ മതിലകം ബ്ലോക്കിലെ ആബിദയും ചെറുപയർ കൊണ്ട് ഉണ്ടാക്കിയ സ്നാക്സും നേത്രപഴം കൊണ്ട് അപ്പവും ഉണ്ടാക്കിയ വടക്കാഞ്ചേരി ബ്ലോക്കിലെ സുമയും മൂന്നാം സ്ഥാനം പങ്കിട്ടു.

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശ്യാം കുമാർ പി എസ്,  തൃശൂർ ഐഫ്രം ഫാക്കൽറ്റി കിരൺ കുമാർ കെ എന്നിവർ വിധികർത്താക്കളായി.

date