Skip to main content
കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര സമിതിയുടെ വടവാതൂരിൽ പണികഴിപ്പിച്ച മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. തിരി തെളിക്കുന്നു

ഉപഭോക്തൃ തർക്ക വിധികളുടെ പൂർണരൂപം ജനങ്ങളിലേക്കെത്തിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ ശ്രമിക്കണം: മന്ത്രി ജി.ആർ. അനിൽ

കോട്ടയം: ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധികളുടെ പൂർണരൂപം ജനങ്ങളിലേക്കെത്തിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ ശ്രമിക്കണമെന്നും എന്നാൽ മാത്രമേ പരാതികളുമായി ജനങ്ങൾ വീണ്ടും കമ്മീഷനെ സമീപിക്കുകയുള്ളൂവെന്നും ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര സമിതിയുടെ വടവാതൂരിൽ പണികഴിപ്പിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 കൊല്ലം ജില്ലയിലും കോട്ടയം ജില്ലയിലും മാത്രമായിരുന്നു കമ്മീഷന് സ്വന്തമായി കെട്ടിടം ഇല്ലാതിരുന്നത്. കൊല്ലം ജില്ലയിൽ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തുടനീളം കമ്മീഷൻ മുൻപാകെ ഇരുപത്തിഏഴായിരത്തോളം പരാതികളാണ് പൂർത്തിയാകാതെ കിടക്കുന്നത്. അത് മുഴുവൻ പരിഹരിക്കാനുള്ള നടപടികൾ എടുത്ത് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്തെ പുതിയ കെട്ടിടത്തിനോട് ചേർന്ന് പാർക്കിങ്ങിനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. അഡീഷണൽ അഡ്വ. ജനറൽ കെ.പി ജയചന്ദ്രൻ ഉപഭോക്തൃസന്ദേശം നൽകി. ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് അഡ്വ. വി.എസ്. മനു ലാൽ, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി, ബ്ലോക്ക് പഞ്ചായത്തംഗം ദീപ ജീസസ്, വിജയപുരം ഗ്രാമപഞ്ചായത്തംഗം സാറാമ്മ തോമസ്, ബാർ കൗൺസിൽ അംഗം അഡ്വ. അജിതൻ നമ്പൂതിരി, ബാർ അസോസിയേഷൻ പ്രസിഡന്റ് കെ. എം.പ്രസാദ്, ജില്ലാ സപ്ലൈ ഓഫീസർ വി.ജയപ്രകാശ്, , കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ വിജിലൻസ് സെന്റർ ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.എം. സേതു രാജ് എന്നിവർ പങ്കെടുത്തു.
 

date