Skip to main content

രോഗം ബാധിച്ചു പഠനം മുടങ്ങി, സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാൻ മഞ്ജുവിന് വിദ്യാഭ്യാസ മന്ത്രിയുടെ സഹായഹസ്തം

പഠിക്കാൻ മിടുക്കിയായിരുന്ന മഞ്ജു ദാസിനു കാലിന് അസുഖം ബാധിച്ചതോടുകൂടി പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. 2010 ൽ എറണാകുളം സ്‌കൂൾ ഓഫ് നഴ്‌സിംഗിൽ പഠിക്കുന്ന സമയത്താണ് മഞ്ജുവിന്റെ കാലിന് രോഗം ബാധിച്ചത്. തുടർന്ന് നടക്കാൻ ബുദ്ധിമുട്ടാവുകയും ക്ലാസ്സിൽ കൃത്യമായി എത്താൻ കഴിയാതെ വരികയും ചെയ്തു.

ഒന്നര വർഷം മാത്രമാണ് മഞ്ജുവിന് കോളേജിൽ പഠിക്കാൻ കഴിഞ്ഞത്.  കോഴ്‌സ് പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ സർട്ടിഫിക്കറ്റുകൾ ഒന്നും തന്നെ തിരികെ നൽകാൻ കോളേജ് അധികൃതർ തയ്യാറായിരുന്നില്ല.

സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിച്ചപ്പോൾ ബോണ്ട് തുകയായി 25,000 രൂപ കെട്ടി വയ്ക്കണമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ നിർധന കുടുംബത്തിലെ അംഗമായ മഞ്ജുവിന് ഈ തുക താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ശ്രീചിത്ര ഹോമിലെ അന്തേവാസിയായിരുന്ന കാലത്താണ് മഞ്ജു നഴ്‌സിംഗ് പഠിക്കാൻ ചേർന്നത്. മാതാപിതാക്കൾ ഇല്ലാത്ത മഞ്ജുവിന്റെ വിവാഹം ശ്രീ ചിത്രഹോം അധികൃതർ മുൻകൈയെടുത്താണ് നടത്തിയത്.

പത്താം ക്ലാസിലേയും പ്ലസ്ടുവിലെയും സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതിനാൽ ജോലിക്ക് അപേക്ഷ സമർപ്പിക്കുവാനോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാനോ സാധിക്കാതെ പ്രതിസന്ധിയിലായിരുന്നു മഞ്ജു. തുടർന്നാണ് ചിറയിൻകീഴ് കരുതലും കൈത്താങ്ങും വേദിയിൽ മഞ്ജു എത്തിയത്. പരാതി കേട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മഞ്ജുവിന് സർട്ടിഫിക്കറ്റുകൾ ഉടൻ തിരികെ കിട്ടുമെന്ന്
ഉറപ്പ് നൽകി.

date