Skip to main content

കെട്ടിടത്തിന് അനുമതി, ഷുക്കൂറിന് ആശ്വാസമായി അദാലത്ത്

എന്നെ കൈവിടരുത്..എനിക്ക് നിങ്ങളോടുള്ള അവസാന അപേക്ഷയാണ്, ജീവിക്കാനൊരു മോഹം.. നഗരൂർ ആൽത്തറമൂട് സ്വദേശി എഴുപതുകാരനായ ഷുക്കൂർ ചിറയൻകീഴ് കരുതലും കൈത്താങ്ങും അദാലത്ത് വേദിയിലേക്ക് കടന്നുവന്നത് ഈ അപേക്ഷയുമായാണ്. വർഷങ്ങളോളം പ്രവാസിയായിരുന്ന ഷുക്കൂറിന്റെ പ്രതീക്ഷയ്ക്ക് പുതുജീവൻ നൽകി നിമിഷങ്ങൾക്കുള്ളിൽ പരിഹാരമെത്തി. അന്യനാട്ടിൽ പണിയെടുത്തുണ്ടാക്കിയ സമ്പാദ്യവും ബാങ്ക് ലോണും എടുത്താണ് ഷുക്കൂർ നാട്ടിൽ ഒരു കെട്ടിടം പണിയുന്നത്. എന്നാൽ കെട്ടിടത്തിന്റെ പണി പൂർത്തിയായിട്ടും കെട്ടിടം വാടകയ്ക്ക് നൽകാനോ എന്തെങ്കിലും ബിസിനസ് തുടങ്ങാനോ കഴിയാത്ത അവസ്ഥയിലായി. ഭൂമി തരംമാറ്റിയപ്പോൾ കുറവു വരികയും തുടർന്ന് കെട്ടിടാനുമതി ലഭിക്കാതെയുമായി. മുന്നോട്ടുള്ള ജീവിതം തന്നെ ചോദ്യ ചിഹ്നമായി നിൽക്കുന്ന അവസ്ഥയിലാണ് കരുതലും കൈത്താങ്ങും അദാലത്തിൽ അപേക്ഷയുമായി ഷുക്കൂർ എത്തിയത്. ഷുക്കൂറിന്റെ പരാതി പരിഗണിച്ച മന്ത്രി ജി. ആർ അനിൽ അടിയന്തരമായി നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി. 15 ദിവസത്തിനുള്ളിൽ കെട്ടിടാനുമതി നൽകുമെന്ന് മന്ത്രിയുടെ ഉറപ്പ് കിട്ടിയതോടെ, സന്തോഷവും നന്ദിയും അറിയിച്ചാണ് അദാലത്ത് വേദിയിൽ നിന്നും ഷുക്കൂർ മടങ്ങിയത്.

date