Skip to main content

കരുതലും കൈത്താങ്ങും അദാലത്ത് : രാജഗോപാലൻ നായർക്ക് മുച്ചക്ര വാഹനവും അപേക്ഷിച്ചാൽ രണ്ടു ദിവസത്തിനകം ലൈസൻസും

 

വാഹനാപകടത്തിൽ പരുക്കേറ്റ് കുടുംബത്തിന്റെ  ആശ്രയമായിരുന്ന പി. ആർ. രാജഗോപാലൻ നായർക്ക് പരാതി പരിഹാരമായി മുച്ചക്രവാഹനം ഉടനെ നൽകാൻ വ്യവസായിക വകുപ്പ് മന്ത്രി പി. രാജീവിന്റെ നിർദേശം. കൂടാതെ പരാതി പ്രത്യേകമായി പരിഗണിച്ച് അപേക്ഷ നൽകുന്ന മുറയ്ക്ക് രണ്ടുദിവസത്തിനകം വാഹനം ഓടിക്കുന്നതിന് ലൈസൻസ് നൽകാനും തീരുമാനിച്ചു.

പറവൂർ താലൂക്കിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിലാണ് രാജഗോപാലൻ നായർക്ക് ആശ്വാസമായ തീരുമാനം.

2021ൽ ജോലിക്ക് പോകുമ്പോഴാണ് പരാതിക്കാരനായ പറവൂർ വൈദ്യൻ പടി
ലക്ഷ്മി വിലാസത്തിൽ രാജഗോപാലൻ നായർക്ക് അപകടമുണ്ടായത്. ചികിത്സയ്ക്കായി ഭാരിച്ച തുക ചെലവഴിച്ചു. അപകടത്തിനു ശേഷം മൂന്നു വർഷത്തിലധികമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. കാഴ്ചയില്ലാത്ത ഭാര്യയും  മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലുള്ള മകനും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് രാജഗോപാലൻ. ബലിതർപ്പണ ചടങ്ങുകൾ നടത്തി ഉപജീവനം നടത്തി മുന്നോട്ട് പോകുന്നതിനിടെയായിരുന്നു അപകടം. ഇദ്ദേഹത്തിന് തുടർന്നും ജോലിക്ക് പോകാനുള്ള വാഹനം അനുവദിക്കണമെന്ന അപേക്ഷയുമായാണ് അദാലത്തിയത്.  തന്റെയും ഭാര്യയുടെയും മകന്റെയും ആശ്വാസ പെൻഷൻ തുക കൊണ്ടാണ് ഇപ്പോൾ കുടുംബം കഴിയുന്നത്. 

പരാതി പരിശോധിച്ച മന്ത്രി ലൈസൻസ് അനുവദിക്കുന്നതിന് പ്രായപരിധിയിൽ പ്രത്യേക ഇളവ് നൽകാൻ മോട്ടോർ വാഹന വകുപ്പിനോടും മുച്ചക്ര വാഹനം  നൽകാൻ നടപടി സ്വീകരിക്കാൻ സാമൂഹ്യനീതി വകുപ്പിനോടും നിർദേശിച്ച് ഉത്തരവിറക്കി. കൂടാതെ  ലൈസൻസിനുള്ള അപേക്ഷ നൽകിയാൽ രണ്ട് ദിവസത്തിനകം നൽകാനും ജോയിന്റ് ആർ.ടി.ഒയ്ക്ക് നിർദേശം നൽകി.

date