Skip to main content
പയ്യാമ്പലത്തെ  കൈത്തറി മ്യൂസിയം തുറമുഖം -മ്യൂസിയം വകുപ്പ്‌  മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യുന്നു

കൈത്തറി മ്യൂസിയം പറയുന്നത് ജനതയുടെ ഉയർത്തെഴുന്നേൽപ്പിന്റെ ചരിത്രം: മന്ത്രി അഹമ്മദ് ദേവർ കോവിൽ

ഒരു സമൂഹത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവും സാമൂഹ്യപരവുമായ ഉയർത്തെഴുന്നേൽപ്പിന്റെ ചരിത്രമാണ് കൈത്തറി മ്യൂസിയം പറയുന്നതെന്ന് തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. പയ്യാമ്പലം ഹാൻവീവ് ക്യാമ്പസിലെ പൈതൃക മന്ദിരത്തിൽ ഒരുക്കിയ കൈത്തറി മ്യൂസിയം 'ഓടം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ചരിത്രം നശിച്ച് തീരാനുള്ളതല്ലെന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു. പോയ കാലത്തിന്റെ പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റേയും കണ്ണാടിയാണ് മ്യൂസിയങ്ങൾ. ഒരു നാടിനെക്കുറിച്ചറിയണമെങ്കിൽ അവിടുത്തെ മ്യൂസിയങ്ങൾ സന്ദർശിച്ചാൽ മതി. വലിയ പ്രാധാന്യമാണ് സംസ്ഥാന സർക്കാർ മ്യൂസിയങ്ങൾക്ക് നൽകുന്നത്. മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി കേരളത്തിൽ മ്യൂസിയങ്ങൾ വളർന്ന് വരുന്നു. നിരവധി മ്യൂസിയങ്ങൾ കണ്ണൂരിൽ പണിപ്പുരയിലാണ്. ഇവ യാഥാർഥ്യമാവുന്നതോടെ കണ്ണൂരിന്റെ ടൂറിസം മേഖലയ്ക്ക് മുതൽകൂട്ടാവും-മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.
രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. കേരളം ചരിത്ര പൈതൃക മ്യൂസിയം എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻ പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ഹാൻവീവ് ആസ്ഥാനമായിരുന്ന പൈതൃക കെട്ടിടത്തിൽ പത്ത് ഗാലറികളിലായി 2.06 കോടി രൂപ ചെലവിലാണ് കൈത്തറി മ്യൂസിയം ഒരുക്കിയിട്ടുള്ളത്. കൈത്തറിയുടെ ഉത്ഭവം, വികാസം, പരിണാമം, ആധുനികവത്കരണം, ഇന്ത്യൻ വസ്ത്ര നിർമ്മിതി, കേരളീയ പാരമ്പര്യം, തറികളുടെ വികാസം, വിശദാംശങ്ങൾ, ദേശീയ പ്രസ്ഥാനവും കൈത്തറിയും, കണ്ണൂരിലെ കൈത്തറി പാരമ്പര്യം, നൂതന കൈത്തറി വ്യവസായം എന്നീ ആശയങ്ങൾക്ക് ഊന്നൽ നൽകിയാണ് മ്യൂസിയം സജ്ജീകരിച്ചത്.
മ്യൂസിയത്തിന്റെ ബ്രോഷർ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ യ്ക്ക് നൽകി പ്രകാശനം ചെയ്തു
കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കെ വി സുമേഷ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വാർഡ് കൗൺസിലർ ബി ജയസൂര്യൻ, കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ മുൻ ചെയർമാൻ കെ പി സഹദേവൻ, എംഡി അരുണാചലം സുകുമാർ, സീനിയർ മാനേജർ ജി മഹേഷ്, ഹാൻഡ്ലൂം ആന്റ് ടെക്‌സ്‌റ്റൈൽസ് ഡയരക്ടർ കെ അനിൽകുമാർ, ഹാൻടെക്‌സ് പ്രസിഡണ്ട് കെ മനോഹരൻ, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ കെ രാജൻ, ഐ ഐ എച്ച് ടി എക്‌സിക്യുട്ടീവ് ഡയരക്ടർ ശ്രീധന്യൻ, കൈത്തറി മ്യൂസിയം വിദഗ്ധ സമിതി അംഗങ്ങൾ വി മോഹൻദാസ്, വി അരക്കൻ ബാലൻ, ടി രവി മാസ്റ്റർ, എം ഉണ്ണികൃഷ്ണൻ, പി ജയചന്ദ്രൻ, വീവേഴ്സ് സർവ്വീസ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ എസ് ടി സുബ്രഹ്മണ്യൻ, സംസ്ഥാന പുരാരേഖാ വകുപ്പ് ഡയരക്ടർമാരായ ജെ റെജി കുമാർ, ഇ ദിനേശൻ, മ്യൂസിയം മൃഗശാലാ വകുപ്പ് ഡയറക്ടർ എസ് അബു, സൂപ്രണ്ട് പി എസ് പ്രിയ രാജൻ, ഐ എൻ എൽ സംസ്ഥാന ട്രഷറർ ബി ഹംസ ഹാജി, വിവിധതൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു

date