Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 16-05-2023

കൊട്ടിയൂർ വൈശാഖ മഹോത്സവം: നീരെഴുന്നള്ളത്ത് മെയ് 27ന്

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള നീരെഴുന്നള്ളത്ത് മെയ് 27ന്  നടക്കും. ജൂൺ ഒന്നിന് നെയ്യാട്ടത്തോടെ വൈശാഖ മഹോത്സവത്തിന് തുടക്കമാകും. 28 ദിവസം നീണ്ടു നിൽക്കുന്ന വൈശാഖ മഹോത്സവത്തിന്റെ ചടങ്ങുകൾ:
മേയ് 27ന് നീരെഴുന്നള്ളത്ത്, ജൂൺ ഒന്നിന് നെയ്യാട്ടം, രണ്ടിന് ഭണ്ഡാരം എഴുന്നള്ളത്ത്, എട്ടിന് തിരുവോണം ആരാധന, ഒമ്പതിന് ഇളനീർ വെപ്പ്, 10ന്  ഇളനീരാട്ടം, അഷ്ടമി ആരാധന, 13ന് രേവതി ആരാധന, 17ന് രോഹിണി ആരാധന, 19ന് തിരുവാതിര ചതുശ്ശതം, 20ന് പുണർതം ചതുശ്ശതം, 22ന് ആയില്യം ചതുശ്ശതം, 24ന് മകം കലം വരവ്, 27ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ എന്നിങ്ങനെ നടക്കും. 28ന് തൃക്കലശാട്ടത്തോടെ വൈശാഖ മഹോത്സവം സമാപിക്കും.

വാക് ഇൻ ഇന്റർവ്യൂ

കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ സോറിയാസിസ് ഗവേഷണ പദ്ധതിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ സീനിയർ റിസേർച്ച് ഫെലോയുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത യൂനിവേഴ്സിറ്റിയിൽ നിന്നുള്ള ബി എ എം എസ് ബിരുദമാണ് അടിസ്ഥാന യോഗ്യത. ആയുർവേദ ബിരുദാനന്തര ബിരുദം, ഗവേഷണത്തിലെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭിലഷണീയം. പ്രായപരിധി 35 വയസ്സ്. പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് അനുവദിക്കും. യോഗ്യരായവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും, ഫോട്ടോയും, ആധാർ കാർഡും, ബയോഡാറ്റയും സഹിതം മെയ് 30 ന് രാവിലെ 9.30 ന് പരിയാരത്തുള്ള കണ്ണൂർ ഗവ. ആയുർ വേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തിച്ചേരുക. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 35000 രൂപ + വീട്ട് വാടക അലവൻസ് സമാഹൃത വേതനമായി ലഭിക്കും. നിയമനം ആറ് മാസത്തേക്കായിരിക്കും. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ നിയമനകാലാവധി നീട്ടി നൽകുന്നതാണ്. വെബ്സൈറ്റ് www.ccras.nic.in. ഫോൺ. 0497 2800167

ഡി സി എ

സി-ഡിറ്റിൽ ഈ അധ്യായന വർഷം ആരംഭിക്കുന്ന ഡി സി എ, കമ്പ്യൂട്ടർ ടീച്ചർ ട്രെയിനിങ്, അക്കൗണ്ടിങ്, ഓഫീസ് ഓട്ടോമേഷൻ, ഡാറ്റാ എൻട്രി, ടാലി, ഡിടി പി, എം എസ് ഓഫീസ് എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബി പി എൽ വിഭാഗത്തിൽപ്പെട്ടവർക്ക് സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് മേലേചൊവ്വ ചൊവ്വ ശിവക്ഷേത്രത്തിന് എതിർവശത്തുള്ള സി ഡിറ്റ് കമ്പ്യൂട്ടർ പഠനകേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ. 9947763222

എഴുത്തു പരീക്ഷ 22 ന്

പട്ടികവർഗ യുവതീ യുവാക്കൾക്ക്  ക്ലറിക്കൽ തസ്തികയിൽ പരിശീലനം നൽകുന്നതിന് ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ സമർപ്പിച്ച് കോൾ ലെറ്റർ ലഭിച്ചവർക്ക് മെയ് ആറിന് നടത്താനിരുന്ന എഴുത്ത് പരീക്ഷ മെയ് 22ന് രാവിലെ 11 മണി മുതൽ 12.15 വരെ കണ്ണൂർ ജി വി എച്ച് എസ് (സ്പോർട്സ്)സ്‌കൂളിൽ നടക്കും. ഉദ്യോഗാർഥികൾ ഫോട്ടോ പതിപ്പിച്ച അഡ്മിഷൻ ടിക്കറ്റും അസ്സൽ തിരിച്ചറിയൽ രേഖയും സഹിതം 10 മണിക്കകം പരീക്ഷകേന്ദ്രത്തിൽ എത്തിച്ചേരണം. വൈകി വരുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. ഫോൺ. 0497 2700357

മത്സ്യഫെഡ് ബേസ് സ്റ്റേഷനിൽ ജീവനക്കാരെ നിയമിക്കുന്നു

കണ്ണൂർ ജില്ലയിലെ മത്സ്യഫെഡ് ബേസ് സ്റ്റേഷനിലേക്ക് മത്സ്യഫെഡ് സ്പെഷ്യൽ റൂൾസിലെ യോഗ്യതയുള്ള ഉദ്യോഗാർഥികളെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. തസ്തിക, യോഗ്യത യഥാക്രമം: പ്രൊജക്ട് ഓഫീസർ-അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എം എഫ് എസ്‌സി, ബി എഫ് എസ്‌സി, എം എസ്‌സി( അക്വാട്ടിക് ബയോളജി), എം എസ്‌സി (അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ), എം എസ്‌സി (അക്വാകൾച്ചർ ആൻഡ് ഫിഷ് പ്രൊസസിങ്), എം എസ്‌സി (സുവോളജി) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
അക്കൗണ്ടന്റ്-അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബി കോം ഡിഗ്രിയും, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലുള്ള മത്സ്യഫെഡ് ജില്ലാ ഓഫീസിൽ മെയ് 18ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടക്കും. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകുക.

ലൈബ്രറി കൗൺസിൽ പുസ്തകോത്സവം 19 മുതൽ

ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന 17ാമത് പുസ്തകോത്സവം മെയ് 19 മുതൽ 22 വരെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കും. 19ന് രാവിലെ 11 മണിക്ക് നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ഡോ. വി ശിവദാസൻ എം പി അധ്യക്ഷനാവും. അക്ഷരമാസിക രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ പ്രകാശനം ചെയ്യും. ടി പത്മനാഭൻ വിശിഷ്ടാതിഥിയാകും. വിവിധ കലാപരിപാടികൾ അരങ്ങേറും. 20ന് രാവിലെ 11 മണിക്ക് സംഗീതനാടക അക്കാദമി, ക്ഷേത്രകലാ അക്കാദമി അവാർഡ് ജേതാക്കളെ അനുമോദിക്കുന്ന ആദരസമ്മേളനം കണ്ണൂർ സർവകലാശാല പി വി സി ഡോ. എ സാബു ഉദ്ഘാടനം ചെയ്യും. ഉച്ച രണ്ട് മണിക്ക് പുസ്തക പ്രകാശനം, 3.30ന് 'എഴുത്ത്-കാലം-ജീവിതം'  സംവാദ സദസ്, ആറ് മണിക്ക് കലാപരിപാടികൾ എന്നിവ നടക്കും. 21 രാവിലെ 10 മണിക്ക് 'നിർമ്മാല്യം സിനിമയുടെ 50 വർഷങ്ങൾ' സംവാദം മുൻ എം എൽ എ എം പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30ന് 'മാറുന്ന വായനയുടെ അർത്ഥതലങ്ങൾ' എന്ന വിഷയത്തിൽ സംവാദനവും ആറ് മണിക്ക് കോൽക്കളി, ചരടുകുത്തി കോൽക്കളി, തിരുവാതിര, 'മായ' നാടകം എന്നിവ അരങ്ങേറും. 22ന് രാവിലെ 11 മണിക്ക് സമാപന സമ്മേളനം എഴുത്തുകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന-ജില്ലാ വായന മത്സരങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടത് ഉൾപ്പെടെ നിരവധി പുസ്തകങ്ങളാണ് 70ഓളം പ്രസാധകരിലൂടെ മേളയിലെത്തിക്കുക. രാവിലെ ഒമ്പത് മണി മുതൽ രാത്രി എട്ട് വരെയാകും പ്രവേശനം.

എൽ പി സ്‌കൂളുകൾക്ക് കായിക ഉപകരണ വിതരണം 17ന്

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ. എൽ പി സ്‌കൂളുകൾക്ക് നൽകുന്ന കായിക ഉപകരണങ്ങളുടെ വിതരണോദ്ഘാടനം മെയ് 17ന് ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഫുട്ബോൾ താരം സി കെ വിനീത് നിർവ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ അധ്യക്ഷത വഹിക്കും.

കരിയറിലേക്ക് വെളിച്ചം വീശി 'ലൈറ്റ്'

പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ഭാവിയിലേക്ക് വെളിച്ചം വീശി ലൈറ്റ് 2023. ജില്ലാ പഞ്ചായത്തും കണ്ണൂർ സയൻസ് പാർക്കും ചേർന്ന് നടത്തിയ ലൈറ്റ് 2023 കരിയർ ഗൈഡൻസ് പ്രോഗ്രാം അഭിരുചിക്കനുസരിച്ച് കോഴ്സ് തെരഞ്ഞെടുക്കാനും ഇഷ്ടമുള്ള കരിയർ സ്വീകരിക്കുവാനും വിദ്യാർഥികൾക്ക് പ്രചോദനമായി.
ജില്ലക്ക് അകത്തും പുറത്തു നിന്നുമായി നൂറോളം കുട്ടികൾ പങ്കെടുത്തു. ദേവഗിരി സെന്റ് ജോസഫ് കോളേജ് അക്കാദമിക് കോ-ഓർഡിനേറ്റർ ഡോ. സനാതനൻ വെള്ളുവ ക്ലാസെടുത്തു. പ്ലസ്ടുവിന് ശേഷം അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കേണ്ട മേഖല, സ്ഥാപനം, പ്രവേശന പരീക്ഷകൾ, ജോലി സാധ്യതകൾ, വിദേശ പഠന സാധ്യതകൾ, മത്സരപരീക്ഷകളെ നേരിടാനുള്ള തയ്യാറെടുപ്പുകൾ എന്നിവയെക്കുറിച്ച് അവബോധം നൽകാൻ ക്ലാസ് സഹായകമായി.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. സയൻസ് പാർക്ക് ഡയറക്ടർ ജ്യോതി കേളോത്ത് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു, സെക്രട്ടറി എ വി അബ്ദുൾ ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.

വള്ളിത്തോട് കെ എസ് ഇ ബി ഓഫീസ് ഉദ്ഘാടനം 17ന്

കെ എസ് ഇ ബി വള്ളിത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് മന്ദിരം മെയ് 17ന് ഉച്ച 12 മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. അഡ്വ. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷനാവും.

പരിയാരത്ത് എം സി എഫ് ഉദ്ഘാടനം 18ന്

സംസ്ഥാന സർക്കാറിന്റ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ എം സി എഫ് മെയ് 18ന് രാവിലെ 11 മണിക്ക് എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്യും.

'ഓണത്തിന് ഒരു കൊട്ടപ്പൂവ്': അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'ഓണത്തിന് ഒരു കൊട്ടപ്പൂവ്'-ചെണ്ടുമല്ലി കൃഷി, നാട്ടുമാവിൻതോട്ടം, നാടൻ മാവിനങ്ങളുടെ ഒട്ടുതൈ വിതരണം പദ്ധതികളിലേക്ക് കൃഷിഭവൻ മുഖേന അപേക്ഷിക്കാം. ചെണ്ടുമല്ലി കൃഷി ഗ്രൂപ്പുകൾ കുറഞ്ഞത് 15 സെന്റ് സ്ഥലത്ത് കൃഷി ചെയ്യണം. കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്നവർക്ക് മുൻഗണന. പ്രാദേശിക ഇനങ്ങളുടെ ഒട്ടുമാവിൻ തൈകൾ കൃഷി ചെയ്യുവാൻ താൽപര്യമുള്ള സ്ഥാപനങ്ങൾക്കും (പൊതു, ഗവ., സ്വകാര്യ സ്ഥാപനങ്ങൾ, കോളേജുകൾ, സ്‌കൂളുകൾ ഉൾപ്പെടെ) കൃഷിഭവൻ മുഖേന അപേക്ഷ നൽകാം. അവസാന തീയതി മെയ് 29.

ഡ്രൈവിംഗ് ടെസ്റ്റ് മെയ് 18 മുതൽ 25 വരെ

ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ കം അറ്റൻഡന്റ് (എസ് സി / എസ് ടി, കാറ്റഗറി നമ്പർ: 482/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള ഡ്രൈവിംഗ് ടെസ്റ്റ് മെയ് 18 മുതൽ 25 വരെ കോഴിക്കോട് വെള്ളിമാടുകുന്ന് മാലൂർകുന്ന് ഡി എച്ച് ക്യൂ ഗ്രൗണ്ടിൽ രാവിലെ ആറ് മണിക്ക് നടക്കും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ് എം എസ് എന്നിവ നൽകിയിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസ് പർട്ടികുലേർസ്, കാഴ്ച ശക്തി, ശാരീരിക ക്ഷമത സംബന്ധിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്  എന്നിവ സഹിതം ഹാജരാകണം.

മത്സ്യഫെഡ്: വർക്കർമാരെ നിയമിക്കുന്നു

ജില്ലയിലെ മത്സ്യഫെഡ് ബേസ് സ്റ്റേഷനിലേക്ക് മത്സ്യമേഖലയിൽ പ്രാവീണ്യമുള്ള യുവാക്കളെ വർക്കർമാരായി നിയമിക്കുന്നു. താൽപ്പര്യമുള്ളവർ മാപ്പിള ബേ ഫിഷറീസ് കോംപ്ലക്സിലുള്ള മത്സ്യഫെഡ്  ജില്ലാ ഓഫീസിൽ മെയ് 18ന് രാവിലെ 11.30ന്  അഭിമുഖത്തിന് ഹാജരാകണം.

പട്ടയകേസുകൾ മാറ്റി

മെയ് 17ന് നടത്താനിരുന്ന കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ ജൂൺ 20 ലേക്ക് മാറ്റി വെച്ചതായി ലാൻഡ് ട്രിബ്യൂണൽ ഡെപ്യൂട്ടി കലക്ടർ(എൽആർ) അറിയിച്ചു.

ദേശീയ ഡെങ്കിപ്പനി ദിനാചരണം നടത്തി

ജില്ലാ മെഡിക്കൽ ഓഫീസി(ആരോഗ്യം)ന്റെ നേതൃത്വത്തിൽ ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ പരിപാടിയും താവക്കര ഗവ. യുപി സ്‌കൂളിൽ നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എം പി ജീജ മുഖ്യപ്രഭാഷണം നടത്തി. ജി എസ് അഭിഷേക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഹെൽത്ത് ഇൻസ്പെക്ടർ സിന്ധു, ജില്ലാ വെക്ടർബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ. കെ കെ ഷിനി, അസി. എന്റമോളജിസ്റ്റ് സി പി രമേശൻ എന്നിവർ സംസാരിച്ചു. ബോധവത്കരണ ക്ലാസ്സ്, പ്രദർശനം, ഉറവിടനശീകരണ പ്രവർത്തനങ്ങൾ എന്നിവയും നടത്തി.
'ഡെങ്കിപ്പനിയെ  തോൽപിക്കാൻ കൂട്ടായ പടയൊരുക്കം' എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. കൊതുകുജന്യരോഗമായ ഡെങ്കിപ്പനിയെ പ്രതിരോധിക്കാനുള്ള ഏക മാർഗം കൊതുകു നശീകരണമാണ്. ശുദ്ധജലത്തിൽ മുട്ടയിട്ട് വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. കൊതുകുകൾ പ്രജനനം നടത്താനിടയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണം. ആഴ്ചയിൽ ഒരു ദിവസം ഉറവിട നശീകരണ ദിനമായി ആചരിക്കണം. മെയ് 20 വരെ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ പ്രവർത്തനങ്ങൾ നടത്തും.

വൈദ്യുതി മുടങ്ങും

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ടിപ്ടോപ്പ്, പുറവൂർ, ചങ്ങലാട്ട്, വില്ലേജ് മുക്ക്, സലഫി, ഇന്ദിരാ നഗർ, ചോലപ്പാലം, തരിയേരി, തണ്ടപ്പുറം, എടവച്ചാൽ, മീൻ കടവ് എന്നീ പ്രദേശങ്ങളിൽ മെയ് 17ന് രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് രണ്ട് വരെയും വട്ടപ്പൊയിൽ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് 12 മണിവരെയും വട്ടപ്പൊയിൽ ദിനേശ് ട്രാൻസ്ഫോമർ പരിധിയിൽ 12 മണി മുതൽ മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ തൃക്കപാലം, മുട്ടിഅറക്കൽ പള്ളി, എയർടെൽ കോട്ടൂർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഏഴ് മുതൽ  ഉച്ചക്ക് 2.30 വരെയും കൊറ്റംകുന്നു, ആസ്റ്റർ മിംസ്, ചാല ബൈപ്പാസ്, ഈരാണിപ്പാലം, മാതൃഭൂമി എച്ച്ടി, മാതൃഭൂമി എഫ്എം, ഫൊനിക്സ് കാർസ് എന്നീ
ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് 12 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

date