Skip to main content

സീറോ വേസ്റ്റ് കൊച്ചി എക്സിബിഷൻ വെളളിയാഴ്ച ( മെയ് 19 ) തുടങ്ങും

 

ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഉദ്ഘാടനം ചെയ്യും

കൊച്ചി നഗരസഭയിലെ 74 ഡിവിഷനുകളിലുള്ള ജനങ്ങളെ മാലിന്യ സംസ്കരണ മാർഗങ്ങൾ പരിചയപ്പെടുത്തുന്നതിനായി എക്സിബിഷൻ സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാരും കൊച്ചി നഗരസഭയും ശുചിത്വമിഷനും സംയുക്തമായി തേവര എസ് എച്ച് കോളേജിന്റെ സഹകരണത്തോടെ മെയ് 19, 20, 21 തീയതികളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. തേവര സെൻ്റ് ജോസഫ് സ്കൂളിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച (19ന് ) വൈകിട്ട് 5.30ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഉദ്ഘാടനം ചെയ്യും.  

ഐലൻ്റ് സൗത്ത്, ഐലൻ്റ് നോർത്ത്, കോന്തുരുത്തി, പെരുമാനൂർ ഡിവിഷനുകളിലെ ജനങ്ങൾക്കായാണ് എക്സിബിഷൻ ഒരുക്കിയിരിക്കുന്നത്. ഉറവിട മാലിന്യ സംസ്കരണത്തിന് ആവശ്യമായ ഉപകരണങ്ങൾ പരിചയപ്പെടുത്തുകയും പ്രയോഗത്തിൽ വരുത്തുന്നതിനുള്ള പരിശീലനവും മൂന്നുദിവസത്തെ എക്സിബിഷനിൽ ഒരുക്കിയിട്ടുണ്ട്. റെസിഡൻറ് അസോസിയേഷനുകൾ, ഫ്ലാറ്റുകൾ, ഹോസ്റ്റലുകൾ, വ്യാപാരസ്ഥാപനങ്ങൾ, കുടുംബശ്രീ, യുവജനങ്ങൾ, സാംസ്കാരിക സംഘടനകൾ, എന്നിവർക്കായി എല്ലാദിവസവും മാലിന്യ സംസ്കരണത്തിൽ സെമിനാറുകൾ സംഘടിപ്പിക്കും. 14 ഏജൻസികളുടെ ഉൽപ്പന്ന പ്രദർശനത്തോടൊപ്പം 10% ഇളവിൽ അവ വാങ്ങുന്നതിനുള്ള സൗകര്യവും എക്സിബിഷനിൽ ഉണ്ടാകും.

കൊച്ചി നഗരസഭ വികസന കാര്യ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ആർ റെനീഷ് ചടങ്ങിൽ അധ്യക്ഷതവഹിക്കും. കൗൺസിലർമാരായ ടി. പത്മകുമാരി, ടിബിൻ ദേവസി, ബെൻസി ബെന്നി, ലതിക ടീച്ചർ, എസ് എസ് കോളേജ് പ്രിൻസിപ്പൾ ഫാദർ ജോസ് ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. 

21ന് വൈകിട്ട്   4. 30ന്  നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ നിർവഹിക്കും.

date