Skip to main content

ജില്ലയില്‍ രണ്ട് സ്‌കൂളുകള്‍ കൂടി ഹൈടെക്കാകുന്നു

 

നവകേരളം കര്‍മ്മപദ്ധതി 2-വിദ്യാകിരണം മിഷന്റെ ഭാഗമായി ജില്ലയിലെ രണ്ട് വിദ്യാലയങ്ങള്‍ക്കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു. കിഫ്ബി യില്‍ നിന്ന് ലഭിച്ച ഒരു കോടി രൂപ മുടക്കി ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ദേവികുളം നിയോജക മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് മറയൂര്‍ സ്‌കൂളാണ് ഇവയിലൊന്ന്.  1581 ചതുരശ്ര അടിയില്‍ നാല് മുറിയും രണ്ട് 2 സ്റ്റോര്‍ റൂമും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 6 ശൗചാലയങ്ങള്‍ 5 മൂത്രപ്പുരകള്‍ എന്നിവയോടുകൂടിയാണ് നിര്‍മാണം. ഒരു കോടി രൂപ മുടക്കി രണ്ട് നിലകളിലായി രണ്ട് ക്ലാസ്സ് റൂമുകളും രണ്ട് ലാബുകളും ആറ് ശൗചാലയങ്ങളും 27 മൂത്രപ്പുരകളും രണ്ട് സ്റ്റോര്‍ റൂമും അടങ്ങിയ ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് നെടുങ്കണ്ടം സ്‌കൂളാണ് രണ്ടാമത്തേത്. രണ്ട് സ്‌കൂളുകളും ഉദ്ഘാടനത്തിനായി ഒരുങ്ങിക്കഴിഞ്ഞു.  
ഇതോടൊപ്പം എസ്.എസ്.കെയുടെ നേതൃത്വത്തില്‍ 10 ലക്ഷം രൂപ വീതം മുടക്കി മൂന്ന് സ്‌കൂളുകളിലായി സ്ഥാപിച്ച ടിങ്കറിംഗ് ലാബുകളുടെ ഉദ്ഘാടനവും നടക്കും. കുട്ടികളുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് അവരെ നയിക്കുക, ഗവേഷണ തല്‍പ്പരത വളര്‍ത്തുക, സമൂഹനന്മക്കായുള്ള പഠനാന്തരീക്ഷം ഒരുക്കു എന്നിവയാണ് ടിങ്കറിംഗ് ലാബുകളുടെ ലക്ഷ്യം. തൊടുപുഴ നിയോജക മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് തൊടുപുഴ, ദേവികുളം നിയോജക മണ്ഡലത്തിലെ ജി.വി.എച്ച്.എസ്.എസ് മൂന്നാര്‍, പീരുമേട് നിയോജക മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് കുമളി എന്നീ സ്‌കൂളുകളിലാണ് ടിങ്കറിങ് ലാബുകള്‍ ഒരുക്കിയിട്ടുള്ളത്. ഈ സ്‌കൂളുകളുടെ ഉദ്ഘാടനം മേയ് 23 ന് ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ഉദ്ഘാടന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എം.പി, എംഎല്‍എമാരായ എ.രാജ, എം.എം. മണി, പി.ജെ ജോസഫ്, വാഴൂര്‍ സോമന്‍ എന്നിവര്‍ പങ്കെടുക്കും കൂടാതെ പ്രാദേശിക ജനപ്രതിനിധികളും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും പങ്കെടുക്കും.

date