Skip to main content

വെറും 20 രൂപയ്ക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ്; നിങ്ങൾക്കും പദ്ധതിയിൽ അംഗമാകാം

കോട്ടയം: 20 രൂപ വാർഷിക പ്രീമിയത്തിൽ നിങ്ങൾക്കും സാമൂഹിക സുരക്ഷാ ഇൻഷുറൻസ് പദ്ധതികളിൽ അംഗമാകാം. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണമേളയിലെ ലീഡ് ബാങ്ക് പവലിയനാണ് വിവിധ ഇൻഷുറൻസ് പദ്ധതികൾ അവതരിപ്പിക്കുന്നത്. പൊതു ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തുന്ന പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന തുടങ്ങിയവയാണ് സാമൂഹിക സുരക്ഷാ ഇൻഷുറൻസ് പദ്ധതികൾ. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന വഴി 20 രൂപ വാർഷിക പ്രീമിയത്തിൽ രണ്ടുലക്ഷം രൂപ വരെ ലഭിക്കുന്ന അപകട ഇൻഷുറൻസ് പരിരക്ഷ കിട്ടും.  പദ്ധതിയിൽ അംഗമാകുന്നവർക്ക് ഉണ്ടാകുന്ന അപകടങ്ങളുടെ തീവ്രതയനുസരിച്ചു രണ്ട് ലക്ഷം രൂപ വരെ നഷ്ടപരിഹാരവുമുണ്ട്. കൂടാതെ അപകടം മൂലമുണ്ടാകുന്ന സ്ഥിരമായ അംഗവൈകല്യവും ഇൻഷുറൻസിൽ ഉൾപ്പെടുന്നു.
 18 മുതൽ 70 വയസ്സുവരെ പ്രായമുള്ള എല്ലാ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കും പദ്ധതി വഴി ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാം. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയിലൂടെ 436 രൂപ വാർഷിക പ്രീമിയത്തിൽ രണ്ടു ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് ഉറപ്പുതരുന്നു. 18 മുതൽ 50 വയസ്സു വരെ പ്രായമുള്ള എല്ലാ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കും പദ്ധതിയിൽ അംഗമാകാം

date