Skip to main content

സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികം: 'എന്റെ കേരളം' പ്രദര്‍ശന- വിപണന മേള നാളെ (ബുധന്‍) തുടങ്ങും

- രാവിലെ 10.30 ന് സെമിനാറോടെ തുടക്കം
- ഉച്ചയ്ക്ക് 2 മണി മുതല്‍ പ്രദര്‍ശനം

താനൂര്‍ ബോട്ട് അപകടത്തെ തുടര്‍ന്ന് മാറ്റിവെച്ച 'എന്റെ കേരളം' മെഗാ പ്രദര്‍ശന- വിപണന- സേവന മേളയ്ക്ക് പൊന്നാനി എവി സ്‌കൂള്‍ മൈതാനത്ത് നാളെ (മെയ് 10 ബുധന്‍) തുടക്കമാവും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി  നടത്തുന്ന പ്രദര്‍ശന വിപണന മേള തിങ്കളാഴ്ച തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. ദുരന്തത്തെ തുടര്‍ന്ന് രണ്ടു ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

നാളെ (ബുധനാഴ്ച) രാവിലെ 10.30 ന് 'കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ധനയും സംസ്‌കരണവും' വിഷയത്തില്‍ കൃഷി വകുപ്പ് നടത്തുന്ന സെമിനാറോടെയാണ് ഒരാഴ്ച നീളുന്ന പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രദര്‍ശനം ആരംഭിക്കും. എക്‌സിബിഷന്‍ പവലിയന്‍ പി. നന്ദകുമാര്‍ കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 2.30ന് 'കുടംബശ്രീ: സ്ത്രീ ശാക്തീകരണത്തിന്റെ കാല്‍ നൂറ്റാണ്ട് ' വിഷയത്തില്‍ നടക്കുന്ന സെമിനാറും എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.
 
വൈകീട്ട് 4.30ന് കലാഭവന്‍ അഷ്റഫും സംഘവും അവതരിപ്പിക്കുന്ന മിമിക്സ് ജോക്സും വൈകീട്ട് ഏഴിന് ആല്‍മരം മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും നടക്കും. മെയ് 11 ന് രാവിലെ ജലജീവന്‍ മിഷന്‍ ജലഗുണനിലവാര മാനദണ്ഡങ്ങളും പ്രാധാന്യവും വിഷയത്തില്‍ കേരള ജല അതോറിറ്റിയുടെയും ഉച്ചയ്ക്ക് 2.30ന് ആയുര്‍വേദത്തിലൂടെ ആരോഗ്യം എന്ന വിഷയത്തില്‍ ഭാരതീയ ചികിത്സ വകുപ്പിന്റെയും സെമിനാറുകള്‍ നടക്കും. വൈകീട്ട് 4.30ന് സൂര്യപുത്രന്‍ നൃത്തശില്പവും വൈകീട്ട് ഏഴിന് ഉണര്‍വ്വ നാട്ടുത്സവം- നാടന്‍പാട്ടും തനതു കലാരൂപങ്ങളുടെ അവതരണവും നടക്കും. മെയ് 16 ന് ഗസല്‍ മാന്ത്രികന്‍ ഷഹബാസ് അമന്‍ നയിക്കുന്ന സംഗീത നിശയോടെ മേള സമാപിക്കും.

സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍, പദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്ന വിവിധ വകുപ്പുകളുടെ സ്റ്റാളുകളാണ് മേളയിലെ പ്രധാന ഇനം. 66 സര്‍ക്കാര്‍ വകുപ്പുകളുടെ 110 തീം- സര്‍വീസ് സ്റ്റാളുകള്‍, വ്യവസായ- വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 125 വിപണന യൂണിറ്റുകള്‍ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്.  എല്ലാ പ്രായക്കാരെയും ഒരു പോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് പ്രദര്‍ശന സ്റ്റാളുകള്‍. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ 35 ഉം ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭങ്ങളുടെ 90 സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ ഭക്ഷ്യമേളയും നടക്കും. എഞ്ചിനീയറിങ് കോളജുകളുടെ സഹകരണത്തോടെ ഐ.ടി വകുപ്പിന്റെ നേതൃത്വത്തില്‍ ടെക്‌നോ ഡെമോ, സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നഗരസഭയുടെയും നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ്- ചില്‍ഡ്രന്‍സ് സോണുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രദര്‍ശന ഹാളിലേക്ക് പ്രവേശനം. മേളയുടെ ഭാഗമായി എല്ലാ ദിവസവും പ്രശസ്ത കലാകാരന്മാര്‍ അണി നിരക്കുന്ന കലാവ സാംസ്‌കാരിക പരിപാടികള്‍, വിവിധ വകുപ്പുകളുടെ സെമിനാറുകള്‍ എന്നിവയും നടക്കും.

 

date