Skip to main content

മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ പൂർത്തീകരണം :  എം.എൽ.എ ഫണ്ടിന് ഭരണാനുമതി ലഭിച്ചു

 

 

മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിങ്ങ് കോംപ്ലക്സ് നിർമ്മാണം പൂർത്തീകരിക്കുന്നതിനായി എം.എൽ.എയുടെ 2022-23 വർഷത്തെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച രണ്ട് കോടി രൂപയുടെ പ്രവൃത്തികൾക്ക് ജില്ലാ കളക്ടർ ഭരണാനുമതി നൽകിയതായി പി. ഉബൈദുള്ള എം.എൽ.എ അറിയിച്ചു.

സാങ്കേതിക കാരണങ്ങളാൽ വിനിയോഗിക്കാൻ സാധിക്കാതിരുന്ന 90 ലക്ഷത്തിന്റെ കെ.എസ്.ആർ.ടി.സി 

ഫണ്ടുപയോഗിച്ചുള്ള സിവിൽ - ഇലക്ട്രിക്കൽ  പ്രവൃത്തികളും ഉടൻ ആരംഭിക്കുമെന്നും എം.എൽ എ കൂട്ടിച്ചേർത്തു.

 

മലപ്പുറം KSRTC ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സിന്റെ നിർമ്മാണ പ്രവൃത്തികള്‍ 2016 ജനുവരിയിൽ ആരംഭിച്ചെങ്കിലും

 ആദ്യഘട്ടമായി അനുവദിച്ച 7.90 കോടി രൂപ ചെലവഴിച്ച് ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ നാലു നില കെട്ടിടത്തിന്റെയും ബസ്‌ ബേയുടെയും പ്രവൃത്തികൾ മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത്. നാലു നിലകളിലുള്ള പ്രൊജക്ടിന്റെ തുടർ പ്രവൃത്തികൾക്ക് സർക്കാരോ കെ.എസ്.ആർ.ടി.സി യോ ഫണ്ട് അനുവദിക്കാത്തത് കാരണം  പദ്ധതി പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായി. പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കാൻ സാധിക്കാതെ  ടെർമിനൽ ജോലികൾ  അനന്തമായി നീണ്ടു പോയ സാഹചര്യത്തിലാണ് പദ്ധതി പൂർത്തീകരണത്തിന് രണ്ട് കോടി രൂപ  എം.എൽ.എ ഫണ്ട് അനുവദിച്ചത്.  യാർഡിന്റെയും  ബാക്കിയുള്ള കെട്ടിട നിർമാണ പ്രവൃത്തികളും ഇതുപയോഗിച്ച് പൂർത്തീകരിക്കും.

 

ജില്ലാ ആസ്ഥാനമായ മലപ്പുറം  ടൌണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന  KSRTC സബ് ഡിപ്പോയോട്  അനുബന്ധിച്ചുള്ള ഷോപ്പിങ് കോംപ്ലക്സിന്റെ പണികള്‍ പൂര്‍ത്തീകരിക്കുന്നതോടെ KSRTC ക്ക് നല്ല വരുമാന മാര്‍ഗമാവും. ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ്  നിര്‍മാണം രണ്ടാം ഘട്ട പണികള്‍ക്ക് ഈ വര്‍ഷത്തെ 20 20ബജറ്റിൽ അഞ്ച് കോടി രൂപ അടങ്കൽ നിശ്ചയിച്ച്   ടോക്കണ്‍  തുക വകയിരുത്തിയിട്ടുണ്ട്. ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് മറുപടി പ്രസംഗത്തിൽ പറഞ്ഞിരുന്നു.

date