Skip to main content

പരിമിതിയില്ലാതെ അവർ നിറഞ്ഞാടി

കാതുകൾ കൊണ്ട് കേൾക്കാനായില്ലെങ്കിലും മനസ്സിലുറപ്പിച്ച ചുവടുകളും താളവും സമയവും കോർത്തിണക്കിയുള്ള ശ്രവണ പരിമിതരുടെ ഒപ്പന, ചക്ര കസേരയിൽ ചടുലമായി നീങ്ങിയ ചലന പരിമിതരുടെ ഒപ്പന എന്നിങ്ങനെ എന്റെ കേരളം മെഗാ മേളയിലെ നാലാം ദിനത്തിന്റെ സായാഹ്നത്തെ ധന്യമാക്കിയത് ഭിന്നശേഷിക്കാരുടെ കലാ പരിപാടികൾ. എബിലിറ്റി പാര ആർട്സ് ആന്റ് സ്പോർട്സ് അക്കാദമിയിലെ ചലന പരിമിതരുടെ വീൽ ചെയർ ഒപ്പന, ശ്രവണ പരിമിതരുടെ ഒപ്പന, സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള തവനൂർ പ്രതീക്ഷാഭവനിലെ അന്തേവാസികളുടെ ആർട്ടിസ്റ്റിക് യോഗ എന്നിവയാണ് സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ആദ്യം വേദിയിൽ അരങ്ങേറിയത്.
ശ്രവണ പരിമിതർ പാട്ടിനനുസരിച്ച് ഒപ്പന കളിക്കുന്നത് പാട്ട് കേട്ടുകൊണ്ടല്ല എന്നത് പറഞ്ഞാൽ വിശ്വാസം വരില്ല, അത്രമേൽ മികവിലാണ് ഒപ്പന അരങ്ങു തകർത്തത്. പരിശീലക നൽകുന്ന സമയക്രമം സ്റ്റെപ്പുകളുടെ എണ്ണം എന്നിവ ക്രമീകരിച്ചാണ് കളി പരിശീലിക്കുന്നത്. പരിശീലകയുടെ കര ചലനങ്ങൾ ശ്രദ്ധിച്ചുകൊണ്ടാണ് പരിശീലനം. അരൂർ സ്വദേശിനി ഹൈറുന്നിസയുടെ പരിശീനത്തിൽ ബി.ജെ അനുപ്രിയ, കെ. ഫെമിനാസ്, കെ.പി ഫാത്തിമ ഹന്ന, കെ.എം അയന, ഷിഫാന തസ്നി, കെ. തസ്ഫിയ, കെ.പി നവ്യ എന്നിവരാണ് ഒപ്പന അവതരിപ്പിച്ചത്.  

വീൽ ചെയർ ഒപ്പനയും മികച്ചുനിന്നു. കൈകൊണ്ട് ചക്രം ചലിപ്പിക്കുന്ന കസേരയാണ് ഇവർ ഉപയോഗിക്കുന്നത്. സാധാരണ കളിക്കാരുടെ ചുവട് വെപ്പുകൾക്ക് പകരം ഇവർ ചക്ര കസേര ചലിപ്പിച്ചുകൊണ്ടാണ് കളിക്കുന്നത്. കൈ മുട്ട്, കൈ കൊണ്ടുള്ള താളം, മെയ്യനക്കം, കോൽ കൊണ്ടുള്ള മുട്ടുകൾ, ദഫ്മുട്ട് എന്നിവയ്‌ക്കൊപ്പം തന്നെ കളിയിലെ ചലനം സ്ഥാനം എന്നിവക്ക് രണ്ട് കൈകൊണ്ടും സ്പീഡിൽ ചക്രക്കസേര ചലിപ്പിക്കുകയും ചെയ്താണ് ഇവരുടെ പ്രകടനം. കെ. സഫീന, എ. സബിന, നസ്‌റിൻ, എം. ബിത, സി. പ്രസന്നകുമാരി, ടി. ജസീല എന്നിവരാണ് ടീം. എബിലിറ്റിയിലെ സ്‌പെഷൽ എഡ്യുക്കേറ്റർ പുളിക്കൽ സ്വദേശിനി തമന്നയാണ് ഇവരുടെ പരിശീലക. ജൂണിൽ ദുബായിൽ നടക്കുന്ന കലാ പ്രകടനത്തതിനുള്ള തയ്യാറെടുപ്പിലാണ് ഈ സുന്ദരികൾ.
തവനൂർ പ്രതീക്ഷാഭവനിലെ അന്തേവാസികളായ പ്രഭു, നാനു, സുജിത്ത്, രാമു, രാജു, രെജു, നാംസിംഗ്, ടിങ്കു എന്നിവർ ചേർന്നാണ് ആർട്ടിസ്റ്റിക് യോഗ വേദിയിൽ അവതരിപ്പിച്ചത്. ഗ്രീനയാണ് ആർട്ടിസ്റ്റിക് യോഗ ഡാൻസ് ഗ്രൂപ്പിന്റെ പരിശീലക.

 

date