Skip to main content

ഇംപൾസ് 2023: കുട്ടികളോട് സംവദിച്ച് ജില്ലാ കളക്ടർ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ കരിയർ ഓറിയന്റേഷൻ  ക്ലാസ് 

 

 എറണാകുളം സ്റ്റാഫ്‌ കൗൺസിലിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഇംപൾസ് 2023 എന്ന പേരിൽ കരിയർ ഓറിയന്റേഷൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു.

 തന്റെ  സ്കൂൾ പഠനകാലത്തെ രസകരമായ  അനുഭവങ്ങൾ  കളക്ടർ കുട്ടികളുമായി പങ്കുവെച്ചു. സിവിൽ സർവീസ് പരീക്ഷ എഴുതാൻ തിരുമാനിച്ച സാഹചര്യവും അതിനായി നടത്തിയ പരിശ്രമങ്ങളും പഠിക്കേണ്ട രീതികളും വ്യക്തമാക്കി. എന്നും പുതിയ  കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കണം. അവസരങ്ങളെ കൃത്യമായി ഉപയോഗിക്കണം. എങ്ങനെ  പഠിക്കണം എന്തിനു പഠിക്കണം എന്ന ബോധത്തോടെ ആയിരിക്കണം പഠിക്കേണ്ടതെന്നും  കളക്ടർ പറഞ്ഞു.  പരിപാടി സംഘടിപ്പിച്ച സ്റ്റാഫ് കൗൺസിലിനെ കളക്ടർ അഭിനന്ദിച്ചു.

 പരിപാടിയിൽ കരിയർ ഡെവലപ്മെന്റുമായി ബന്ധപ്പെട്ട് രണ്ട് സെഷനുകളിലായി ബോധവൽക്കരണ ക്ലാസുകൾ നടന്നു. രാവിലെ "ലക്ഷ്യബോധവും കൃതജ്ഞതാ മനോഭാവവും" എന്ന വിഷയത്തിൽ  പരിശീലകയായ  മെറിൻ ജോസ് ക്ലാസ് നയിച്ചു. ഉച്ചയ്ക്ക് ശേഷം "വ്യക്തിത്വ ശാക്തീകരണം" എന്ന വിഷയത്തിൽ പോസിറ്റീവ് കമ്യൂൺ  സ്റ്റുഡൻസ് ഫോറം സ്റ്റേറ്റ് ഡയറക്ടർ ജോസ് തച്ചിൽ ക്ലാസ് നയിച്ചു.

 ചടങ്ങിൽ സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് ജോർജ് വാളൂരാൻ അധ്യക്ഷത വഹിച്ചു,  അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.  ഷാജഹാൻ, ഡെപ്യൂട്ടി കളക്ടർമാരായ ബി.  അനിൽകുമാർ, എസ്. ബിന്ദു,  സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ആലിസ് മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date