Skip to main content

ഞാറക്കല്‍ താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്ക് കെട്ടിടവും  ഉപരിതല കുടിവെള്ള സംഭരണിയും മന്ത്രി എം.ബി രാജേഷ് നാടിനു സമര്‍പ്പിച്ചു 

അടിസ്ഥാന സൗകര്യവികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ഭുതാവഹമായ പുരോഗതി സാധ്യമാക്കിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങള്‍ വികസിത രാജ്യങ്ങളോട് കിട പിടിക്കുന്നതാണ്. 2030ല്‍ സഫലമാക്കാന്‍ രാജ്യം ലക്ഷ്യമിട്ട മികവ് ഇതിനകം തന്നെ കേരളം നേടിക്കഴിഞ്ഞതായും അതിശക്തമായ പൊതുജനാരോഗ്യ സംവിധാനമാണ് സംസ്ഥാനത്തേതെന്നും മന്ത്രി പറഞ്ഞു.

ഞാറക്കല്‍ താലൂക്ക് ആശുപത്രി പുതിയ ബ്ലോക്ക് കെട്ടിടവും ഉപരിതല കുടിവെള്ള സംഭരണിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലമെട്രോ പോലുള്ള പദ്ധതികള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. എന്നാല്‍ ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങള്‍ പലപ്പോഴും അരിക്കൊമ്പന് നല്‍കുന്ന പ്രാധാന്യം പോലും നല്‍കുന്നില്ല. താലൂക്ക് ആശുപത്രിയില്‍ വികസനത്തിനനുസൃതമായി സ്റ്റാഫുകളെ വിന്യസിക്കുന്ന വിഷയം ഗൗരവത്തോടെ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ആരോഗ്യ, വിദ്യാഭ്യാസ, ഗതാഗത രംഗങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ അനുസ്യൂതം തുടരുമെന്നും മന്ത്രി പറഞ്ഞു. 

ഞാറക്കല്‍ താലൂക്ക് ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. പൂര്‍ത്തീകരിച്ച പദ്ധതികള്‍ വൈപ്പിന്‍ ദ്വീപിലെ കുടിവെള്ള ലഭ്യതയ്ക്കും ആരോഗ്യ ക്ഷേമത്തിനും പുത്തന്‍ ഉണര്‍വ്വേകുമെന്ന് എംഎല്‍എ പറഞ്ഞു. ഞാറക്കല്‍ ഗ്രാമപഞ്ചായത്തില്‍ 7.22 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടിവെള്ള ടാങ്കിനു 17.9 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുണ്ട്. എളങ്കുന്നപ്പുഴ, ഞാറക്കല്‍, നായരമ്പലം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമൊരുക്കുന്നതാണ് കുടിവെള്ള സംഭരണി.  5.13 കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയാണ് ആശുപത്രിയുടെ പുതിയ ബ്ലോക്ക് കെട്ടിടം പൂര്‍ത്തിയാക്കിയത്.

രണ്ടു ബൃഹത്തായ പദ്ധതികളും ജിഡയുടെ ധനസഹായത്തോടെയാണ് സാധ്യമാക്കിയത്. 
പുതിയതായി പണിത കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒ.പി റൂം, അത്യാഹിത വിഭാഗം, ദന്തല്‍ വിഭാഗം, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, കുത്തിവെയ്പ്പുമുറി,ഫാര്‍മസി, ഡോക്ടേഴ്‌സ് റൂം, നേഴ്‌സ് റൂം,ഫാര്‍മസിസ്റ്റോര്‍,ശുചിമുറികള്‍ തുടങ്ങിയവയും ഒന്നാം നിലയില്‍ മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, പ്രീ ഓപ്പറേറ്റീവ് റൂം, റിക്കവറി റൂം, കുട്ടികളുടെ വാര്‍ഡ് സൂപ്രണ്ട് റൂം, ഓഫീസ് റൂം, സ്റ്റാഫ് റൂം,നേഴ്‌സിങ് സൂപ്രണ്ട് റൂം, നേഴ്‌സിങ് റൂം,
അറ്റന്‍ഡേഴ്സ് റൂം, മെഡിക്കല്‍ റെക്കോര്‍ഡ് റൂം തുടങ്ങിയവയും ഉള്‍പ്പെടുന്നു. കൂടാതെ പുതിയ ബില്‍ഡിങ്ങില്‍ റാമ്പ് സൗകര്യം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

നിലവില്‍  44 സ്ഥിരം ജീവനക്കാരും എന്‍.എച്ച്.എം ജീവനക്കാര്‍ ഉള്‍പ്പെടെ ആറ് താല്‍ക്കാലിക ജീവനക്കാരും, ജോലി ക്രമീകരണ വ്യവസ്ഥയില്‍ ഏഴു ജീവനക്കാരും ഉള്‍പ്പെടെ 57 ജീവനക്കാര്‍ ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. 71 ബെഡുകള്‍ ഉള്ള താലൂക്ക് ആശുപത്രിയില്‍  45 ബെഡുകളാണ് പ്രവര്‍ത്തനസജ്ജമക്കിയിട്ടുള്ളത്. ഒ.പി ബ്ലോക്ക്, കിടത്തി ചികിത്സയിലുള്ള പുരുഷ അവാര്‍ഡ്, കെയര്‍ വാര്‍ഡ്, പൊതുജനാരോഗ്യ വിഭാഗം, ദന്തല്‍ വിഭാഗം, ലാബ്, ഫാര്‍മസി,സ്റ്റോര്‍, പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി പാലിയേറ്റീവ് വിഭാഗം, സ്‌കൂള്‍ ഹെല്‍ത്ത് വിഭാഗം, ഓഫീസ്,എന്നീ സൗകര്യങ്ങളാണ് ഇപ്പോള്‍ താലൂക്ക് ആശുപത്രിയിയിലുള്ളത്. കൂടാതെ പ്രതിരോധ കുത്തിവെപ്പും ആശുപത്രിയില്‍ നടത്തുന്നുണ്ട്.

 

മുന്‍മന്ത്രിയും ജിഡ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ എസ് ശര്‍മ, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍, ഞാറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ടി ഫ്രാന്‍സിസ്,  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഡോണോ മാസ്റ്റര്‍, അഡ്വ എം ബി ഷൈനി, ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിജി വിന്‍സെന്റ്,  ബ്ലോക്ക് പഞ്ചായത്ത് അംഗം അഗസ്റ്റിന്‍ മണ്ടോത്ത്,  ഞാറക്കല്‍ ഗ്രാമപഞ്ചായത്ത് അംഗം  ചെറിയാന്‍ വാളൂരാന്‍,  കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജി മേരി വിന്‍സെന്റ്, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, നായരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്, ജിദ്ദ സെക്രട്ടറി രഘുരാമന്‍,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബി എസ് ശ്രീകുമാരി എന്നിവര്‍ പങ്കെടുത്തു. എറണാകുളം മെഡിക്കല്‍ ഓഫീസര്‍ ഡോ കെ കെ ആശ, കേരള ജല അതോറിറ്റി മധ്യമേഖലാ മേഖല എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍  വി കെ ജയശ്രീ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

date