Skip to main content

ഉറവിട മാലിന്യ സംസ്‌കരണം വീട്ടില്‍ നിന്ന് തുടങ്ങണം; ജില്ലാ കളക്ടര്‍ 

 

ഉറവിട സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശന-വിപണന മേള ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു

ഉറവിട മാലിന്യ സംസ്‌കരണം വീട്ടില്‍ നിന്ന് തുടങ്ങണമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്. സീറോ വേസ്റ്റ് കൊച്ചി ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഉറവിടമാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശന-വിപണന മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറവിട മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സംയുക്ത പ്രവര്‍ത്തനമാണ് ജില്ലയില്‍ നടക്കുന്നത്. മാലിന്യ പ്രശ്‌നം ഒരു ദുരന്തമായാണ് കോടതി നോക്കി കാണുന്നതെന്നും കൊച്ചിയിലെ എല്ലാ ജനങ്ങളും മാലിന്യ പ്രശ്‌നത്തിനെതിരെ പോരാടണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. 

സംസ്ഥാന സര്‍ക്കാരും കൊച്ചി നഗരസഭയും ശുചിത്വമിഷനും സംയുക്തമായി നവകേരളം കര്‍മ്മപദ്ധതി 2, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്റ്റ് എന്നിവരുടെ സഹകരണത്തോടെയാണ് മൂന്ന് ദിവസത്തെ പ്രദര്‍ശന-വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചി നഗരസഭയിലെ 74 ഡിവിഷനുകളിലെ ജനങ്ങളെ മാലിന്യ സംസ്‌കരണ മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുത്തുന്നതിനായാണ് എക്‌സിബിഷന്‍ നടത്തുന്നത്. 

ഐലന്റ് സൗത്ത്, ഐലന്റ് നോര്‍ത്ത്, കോന്തുരുത്തി, പെരുമാനൂര്‍ ഡിവിഷനുകളിലെ ജനങ്ങള്‍ക്കായി ഒരുക്കുന്ന എക്‌സിബിഷനില്‍ ഉറവിട മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ ഉപകരണങ്ങള്‍ പരിചയപ്പെടുത്തുകയും പ്രയോഗത്തില്‍ വരുത്തുന്നതിന് വേണ്ട പരിശീലനം നല്‍കുകയും ചെയ്യും. 14 ഏജന്‍സികളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം 10% ഇളവില്‍ അവ വാങ്ങുന്നതിനുള്ള സൗകര്യവും മേളയില്‍ ഉണ്ടാകും.

ശുചിത്വ മിഷന്‍ അംഗീകരിച്ച സേവനദാതാക്കളുടെയും ഹരിത സഹായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വിവിധ സ്റ്റാളുകള്‍ മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാദിവസവും വൈകിട്ട് വിവിധ കലാപരിപാടികളും കുടുംബശ്രീയുടെ ഭക്ഷണ സ്റ്റാളുകളും ഉണ്ടാകും. റെസിഡന്റ് അസോസിയേഷനുകള്‍, ഫ്‌ളാറ്റുകള്‍, ഹോസ്റ്റലുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, കുടുംബശ്രീ, യുവജനങ്ങള്‍, സാംസ്‌കാരിക സംഘടനകള്‍, എന്നിവര്‍ക്കായി എല്ലാദിവസവും മാലിന്യ സംസ്‌കരണത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. മെയ് 21ന് എക്‌സിബിഷന്‍ അവസാനിക്കും. 

തേവര സെന്റ്.മേരീസ് യു.പി സ്‌കൂളില്‍ നടക്കുന്ന പ്രദര്‍ശന മേളയുടെ ഉദ്ഘാടന ചടങ്ങില്‍ കൊച്ചി നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ റെനീഷ് അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ.കെ മനോജ്, കൗണ്‍സിലര്‍മാരായ ടി. പത്മകുമാരി, ടിബിന്‍ ദേവസി, ബെന്‍സി ബെന്നി, ലതിക ടീച്ചര്‍, ടെന്‍സന്‍ ജോസഫ്, രാംകുമാര്‍, ചന്ദ്രകാന്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date