Skip to main content

ജില്ലയിലെ 39 ആരോഗ്യ ഉപകന്ദ്രങ്ങൾ ജനകീയാരോഗ്യകേന്ദ്രങ്ങളാക്കി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു

ജില്ലയിലെ 39 ആരോഗ്യ ഉപ കേന്ദ്രങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ആരോഗ്യപരിരക്ഷ ഉറപ്പ് വരുത്തുന്നതിനും ആരോഗ്യ പ്രവർത്തനങ്ങൾ ജനപങ്കാളിത്തോടെ ഏകോപ്പിക്കുന്നതിനും വേണ്ടിയാണ് ജനകീയാരോഗ്യകേന്ദ്രങ്ങൾക്ക് തുടക്കമാവുന്നത്. ദേശീയ ആരോഗ്യ ദൗത്യം- ആരോഗ്യ കേരളം (എൻ.എച്ച്.എം) ഫണ്ട് ഉപയോഗിച്ചാണ് ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്നലെ (മെയ്18) രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു.
ജില്ലയിൽ ആരംഭിക്കുന്ന 39 കേന്ദ്രങ്ങളിൽ മേലങ്ങാടി, ബി പി അങ്ങാടി, തുവക്കാട്, മുണ്ടേരി എന്നിവ എൻ.എച്ച്.എം ഫണ്ടായ 1.92 കോടി രൂപ  ഉപയോഗിച്ച് പുതുതായി നിർമിച്ചവയാണ്. ബാക്കിയുള്ളവ ഓരോ കേന്ദ്രവും എൻഎച്ച്എം ഫണ്ടായ ഏഴ് ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ചവയാണ്. ആരോഗ്യഉപകേന്ദ്രങ്ങളെ ജനകീയാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി ഓരോ കേന്ദ്രത്തിലും ഒരു എംഎൽഎച്ച്പി (മിഡ് ലെവൽ ഹെൽത്ത് പ്രൊവൈഡർ)യെ കൂടി നിയമിച്ചിട്ടുണ്ട്. മിഡ് ലെവൽ ഹെൽത്ത് പ്രൊവൈഡർ (എംഎൽഎച്ച്പി) , ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ്(ജെപിഎച്ച്എൻ), ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (ജെഎച്ച്ഐ),ആശ എന്നിവരിലൂടെയാണ് ജനകീയാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ നടക്കുക.
പ്രദേശത്തെ എല്ലാ ആളുകളുടെയും വാർഷിക പരിശോധനടത്തുക, വാർഷിക പരിശോധനയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനങ്ങളുടെ ജീവിതശൈലിയിൽ മാറ്റംവരുത്താനുതകുന്ന ക്യാംപയിനുകളും ഇടപെടലുകളും നടത്തുക, കുടുംബക്ഷേമ പരിപാടികൾ, ഗർഭകാല പരിചരണം, മാതൃശിശു ആരോഗ്യം എന്നിവയിൽ ഊന്നൽ നൽകിയുളള പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുക, പകർച്ചവ്യാധി , പകർച്ചേതര രോഗങ്ങൾ , ജീവിതശൈലീ രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുവാൻ ജനങ്ങളിൽ ആരോഗ്യകരമായ ജീവിതരീതികൾ പ്രോത്സാഹിപ്പിക്കുക, പൊതുജന പങ്കാളിത്തത്തോടെ രോഗികളെ മാനസികവും സാമൂഹികവുമായി പുനരധിവസിക്കുന്നതിനുവേണ്ട പ്രവർത്തനങ്ങൾ ഏറ്റെടുക്കുക, കിടപ്പിലായവർക്കും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉളളവർക്കും വയോജനങ്ങൾക്കും വേണ്ട ആരോഗ്യ സേവനങ്ങൾ ഉപകേന്ദ്രങ്ങൾ വഴി ഏകോപിപ്പിക്കുക തുടങ്ങിയവയാണ് ജനകീയാരോഗ്യകേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങൾ.

ബി.പി അങ്ങാടിയിൽ പുതിയതായി നിർമിച്ച ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ശിലാഫലകം കുറുക്കോളി മൊയ്തീൻ എം.എൽ.എ അനാച്ഛാദനം ചെയ്തു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു.നിർമാണം പൂർത്തിയാക്കിയ കൊണ്ടോട്ടി മേലങ്ങാടി നമ്പോലം കുന്നിലെ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ശിലാഫലകം ടി വി ഇബ്രാഹിം എം എൽ എ അനാച്ഛാദനം ചെയ്തു. നഗരസഭാ അധ്യക്ഷ  സി ടി ഫാത്തിമത്ത് സുഹറാബി അധ്യക്ഷത വഹിച്ചു.തവനൂർ കൂരട ജനകീയ ആരോഗ്യ ഉപകേന്ദ്രത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ഡോ കെ.ടി ജലീൽ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി.പി നസീറ അധ്യക്ഷത വഹിച്ചു.പിടാവനൂർ ജനകീയ ആരോഗ്യ ഉപ കേന്ദ്രത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പി നന്ദകുമാർ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് മാസിരിയാ സൈഫുദ്ധീൻ അധ്യക്ഷത വഹിച്ചു.
വടക്കുംപാടം ആരോഗ്യ ഉപകേന്ദ്രത്തിന്റെ ശിലാഫലകം എ പി അനിൽകുമാർ എം എൽ എ അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ സിത്താര അധ്യക്ഷത വഹിച്ചു.തിരുവാലി പത്തിരിയാൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ശിലാഫലകം എ പി അനിൽകുമാർ എം എൽ എ നിർവഹിച്ചു. വെൽനെസ് സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാമൻ കുട്ടി നിർവഹിച്ചു.പെരുവമ്പാടം ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ശിലാഫലകം നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പവല്ലി അനാച്ഛാദനം ചെയ്തു. ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരൻ, വൈസ് പ്രസിഡന്റ് ഗീതാദേവദാസ് സംബന്ധിച്ചു.

date