Skip to main content

അറിവും അവബോധവും പകർന്ന് വനിതാ ശിശു വികസന വകുപ്പ് സ്റ്റാൾ

സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് സജ്ജീകരിച്ച ജില്ലാതല പ്രദർശന വിപണന മേളയിൽ വനിതകൾക്കും കുട്ടികൾക്കുമായുള്ള സേവനങ്ങളും പദ്ധതികളും വിശദീകരിച്ച് വനിതാ ശിശു വികസന സംരക്ഷണ വകുപ്പിന്റെ സ്റ്റാൾ. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളിൽ പ്രതികരിക്കാൻ സഹായിക്കുന്ന നിയമവശങ്ങളെ കുറിച്ചുള്ള പുസ്തകങ്ങളും ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. സ്ത്രീകളുടെ തൊഴിൽ അവകാശങ്ങൾ, അവയുടെ നിയമപരിരക്ഷ, പോരായ്മകൾ, തുടങ്ങിയവയെ കുറിച്ച് സ്റ്റാളിൽ ഐ.സി.ഡി.എസ് പ്രതിനിധികൾ വിശദീകരിച്ചു നൽകുന്നു.

പി.എം.എം.വി.വൈ, മാതൃവന്ദനയോജന, മംഗല്യ സ്‌കീം, പടവുകൾ, വനിത ഗൃഹനാഥയായുള്ള കുടുംബത്തിനുള്ള ധനസഹായം, ശിഖ, ന്യൂട്രീഷൻ മിഷന്റെ ഭാഗമായുള്ള ന്യൂട്രീഷൻ ക്ലിനിക്, അനീമിയ ക്ലിനിക്, പൊൻവാക്ക് മുതലായ സേവനങ്ങളെ കുറിച്ച് സ്റ്റാളിൽ എത്തുന്നവർക്ക് വിശദീകരിച്ചു നൽകുന്നുണ്ട്.

മേളയിൽ തിളങ്ങി അമൃതം പൊടി

അമൃതം പൊടി കൊണ്ട് തകർപ്പൻ വിഭവങ്ങളാണ് സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. കേക്ക്, ഹൽവ, ലഡു എന്നുവേണ്ട എന്തും സ്വാധിഷ്ഠമാക്കാൻ അമൃതം പൊടി മതിയെന്ന് അടിവരയിടുകയാണ് വനിതാ ശിശുവികസന വകുപ്പ്. അങ്കണവാടി വഴി കുട്ടികൾക്ക് പോഷകാഹാരമായി വിതരണം ചെയ്യുന്ന അമൃതം പൊടി മേളയിലെ താരമായി മാറി കഴിഞ്ഞു. അമൃതം പൊടി കഴിക്കാൻ കുട്ടികൾ മടി കാണിക്കുന്നതിനാൽ പ്രയോഗിച്ച സൂത്രമാണ് സ്വാദൂറും വിഭവങ്ങളായത്. അങ്കണവാടി ജീവനക്കാരും കുട്ടികളുടെ അമ്മമാരുമാണ് വിഭവങ്ങൾ ഒരുക്കിയത്. വിഭവങ്ങളുടെ പാചകക്കുറിപ്പും പ്രദർശിപ്പിച്ചിട്ടുണ്ട്.

തൊട്ടാൽ വിവരമറിയും

ലൈംഗികാതിക്രമങ്ങൾ തിരിച്ചറിയാൻ കുട്ടികളെ സഹായിക്കുന്ന നിർദേശങ്ങളാണ് വനിതാ ശിശുവികസന വകുപ്പ് സ്റ്റാളിലെ മറ്റൊരു പ്രത്യേകത. പെരുമാറ്റവും സ്പർശനവും നല്ല ഉദ്ദേശ്യത്തോടു കൂടിയുള്ളതാണോ എന്നെങ്ങനെ തിരിച്ചറിയാം, മോശമായ പെരുമാറ്റം ഉണ്ടായാൽ എന്തുചെയ്യണം, സുരക്ഷിതമായതും സുരക്ഷിതമല്ലാത്തതുമായ പെരുമാറ്റം എങ്ങനെ? തുടങ്ങിയവ വിശദീകരിക്കാൻ കഴിക്കുന്ന ലഘുലേഖയും ഇവിടെ വിതരണം ചെയ്യുന്നു. മൂന്നു വയസ്സു മുതലുള്ള കുട്ടികൾക്ക് അവരുടെ ഭാഷയിൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട കാര്യങ്ങളാണ് ഇതിലുള്ളത്.

date