Skip to main content

'പ്രതീക്ഷ'യാണ് ഈ മുന്തിരി ചായകൾ

രുചി വൈവിധ്യങ്ങൾ തേടുന്ന പൊന്നാനിക്കാർക്ക് മുന്തിരി ചായയും ദുനിയാവിലെ മുട്ടയും നൽകി എന്റെ കേരളം പ്രദർശന വിപണന മേളയിൽ വ്യത്യസ്തരാവുകയാണ് തവനൂർ പ്രതീക്ഷാഭവനിലെ അന്തേവാസികൾ.
 വ്യത്യസ്ത രുചിക്കൂട്ടുകൾ സമന്വയിപ്പിച്ച എരിപൊരി സോസുകളും പച്ചമാങ്ങയും പൈനാപ്പിൾ കഷണങ്ങളും ആരുടേയും രസമുകുളങ്ങളെ തൊട്ടുണർത്തും. രുചിക്ക് മാത്രമല്ല വിഭവങ്ങളുടെ പേരിനുമുണ്ട് പ്രത്യേകതകൾ, അരി കൊമ്പൻ, ചക്കക്കൊമ്പൻ, ചില്ലി കൊമ്പൻ, കാടുകുലുക്കി, പടയപ്പ അങ്ങനെ നാടുവിറപ്പിച്ച കൊമ്പൻമാരുടെ പേരിലാണ് വിഭവങ്ങൾ ഓരോന്നും തയ്യാറാക്കിയിട്ടുള്ളത്.
കക്കരി, ക്യാരറ്റ്, പപ്പായ, കട്ട് ഫ്രൂട്ടുകൾ, വിവിധ തരം പായസം, പ്രത്യേക തരം ചായ കൂട്ടുകളായ മുന്തിരി കട്ടൻ, പൈനാപ്പിൾ കട്ടൻ, കൂടാതെ ദുനിയാവിലെ മുട്ടയും കൊണ്ട് വിഭവങ്ങളുടെ പേരുകളിലും രുചികളിലും ജനശ്രദ്ധയാകർഷിക്കുകയാണ് ഇക്കൂട്ടർ.
സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊന്നാനിയിൽ നടക്കുന്ന പ്രദർശന വിപണന ഭക്ഷ്യ മേളയിൽ തവനൂർ പ്രതീക്ഷാഭവൻ ഒരുക്കിയ എബിലിറ്റി ഷോപ്പിലൂടെയാണ് വിൽപ്പന പൊടിപൊടിക്കുന്നത്. സ്റ്റാളിലെ വിൽപ്പനയും വിഭവങ്ങൾ തയ്യാറാക്കി നൽകുന്നതുമെല്ലാം പരിശീലനം ലഭിച്ച പ്രതീക്ഷാഭവനിലെ അന്തേവാസികൾ തന്നെയാണ്. ദിവസവും മാറി മാറിയാണ് ഇവർ സ്റ്റാളുകളിൽ എത്തുന്നത്. ഇവർക്ക് വേണ്ട സർവ പിന്തുണയും സഹായങ്ങളുമായി പ്രതീക്ഷാ ഭവൻ ജീവനക്കാരും കൂടെയുണ്ട്. സാമൂഹ്യ നീതി വകുപ്പിന്റെ പരിധിയിലുള്ള പ്രതീക്ഷാഭവനിലെ താമസക്കാരിൽ പരമാവധി ആളുകളെ സ്വയം പര്യാപ്തരാക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടലുകളുടെ ഭാഗമായാണ് പ്രദർശന നഗരിയിൽ ഇത്തരത്തിലൊരു സ്റ്റാൾ ക്രമീകരിച്ചിരിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന നിർധനരും നിരാശ്രയരുമായ അന്തേവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങൾ നടത്തി മുന്നോട്ട് പോവുകയാണ് സാമൂഹ്യ നീതി വകുപ്പിന് കീഴിൽ തവനൂരിൽ പ്രവർത്തിക്കുന്ന പ്രതീക്ഷാ ഭവൻ.

date