Skip to main content

ഇശലിന്റെ പെരുമഴ തീർത്ത് പൊന്നാനി

വേനൽ ചൂടിലും മഴപോലെ പെയ്തിറങ്ങിയ സംഗീതവിരുന്ന് പൊന്നനിക്കാർക്ക് സമ്മാനിച്ചത് മനോഹര സായാഹ്നം. എന്റെ കേരളം പ്രദർശന മേളയിൽ ഇന്നലെ രാത്രി അരങ്ങേറിയ ഇശൽരാവ് ആസ്വദിക്കാൻ ആയിരങ്ങളാണ് പൊന്നാനി എ.വി സ്‌കൂൾ വേദിയിലേക്ക് ഒഴുകിയെത്തിയത്. അന്നും ഇന്നും മലബാറിലെ സംസ്‌കാരത്തിന്റെ തനി ഉണർവുകളാണ് മാപ്പിള കലകൾ. പൊന്നാനിയിൽ മാപ്പിളകലകളുടെ വിസ്മയലോകം തീർത്ത് കലാകാരന്മാർ അണിനിരന്നപ്പോൾ ഏറെ ആവേശത്തോടെയാണ് കാണികൾ അവരെ വരവേറ്റത്. പലരും നേരത്തെയെത്തി സീറ്റുകളുറപ്പിച്ചിരുന്നു. മാപ്പിളപ്പാട്ട് കലാരംഗത്ത് ശ്രദ്ധേയരായ സലീം കോടത്തൂർ, അദ്ദേഹത്തിന്റെ മകൾ വൈകല്യങ്ങളെ അതിജീവിച്ച് കലാരംഗത്ത് മുന്നേറിയ ഹന്ന മോൾ, പ്രമുഖ ഗായിക സുറുമി വയനാട്, പട്ടുറുമാൽ താരങ്ങളായ മുജീബ് മലപ്പുറം, അനീസ് മുഹമ്മദ്, മിസ്‌ന മഞ്ചരി, കലഭവൻ അനിൽ ലാൽ എന്നിവർ അരങ്ങിലെത്തി. കോൽക്കളി ആചാര്യൻ അന്തരിച്ച ടി.പി ആലിക്കുട്ടി ഗുരുക്കളുടെ പിൻമുറക്കാരായ എടരിക്കോട് സംഘത്തിന്റെ കോൽക്കളി, സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ കൊട്ടുക്കര പി.പി.എം. എച്ച്.എസ്.എസ് ടീമിന്റെ ഒപ്പന തുടങ്ങിയവ ഇശൽരാവിനെ വർണാഭമാക്കി.

date