Skip to main content

സുരക്ഷ ചക്ര രണ്ടാം ഘട്ടത്തിലേക്ക്

 

ചക്കിട്ടപാറ പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും സാമൂഹ്യ സുരക്ഷ ഒരുക്കാൻ ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കും ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന സുരക്ഷ ചക്ര പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ചക്കിട്ടപ്പാറ പഞ്ചായത്തിൽ നിലവിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത ആളുകൾക്ക് ഇൻഷുറൻസ് ഉറപ്പുവരുത്തുന്നതിനുള്ള രേഖകൾ കോഴിക്കോട് ജില്ലാ കലക്ടർ എ.ഗീത ലീഡ് ബാങ്ക് മാനേജർ ടി.എം മുരളീധരന് കൈമാറി. ഒരു വർഷമായി നടന്നു വന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ സർവെയിലൂടെയാണ് ഇൻഷുറൻസ് എല്ലാത്തവരെ കണ്ടെത്തിയത്.

പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതി പൂർത്തിയാകുന്ന തോടുകൂടി പ്രധാനമന്ത്രി സുരക്ഷാഭീമാ യോജനയിലൂടെ അർഹരായ മുഴുവൻ പേർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തുന്ന ഇന്ത്യയിലെ ആദ്യ പഞ്ചായത്താകും ചക്കിട്ടപാറ. 

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡൻ്റ് കെ സുനിൽ അധ്യക്ഷനായി. ചക്കിട്ടപ്പാറ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റ് പി പി രഘുനാഥ് സ്വാഗതം പറഞ്ഞു. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് കൊമേഴ്സ്, ഫിനാൻസ്, അക്കൗണ്ടൻസി ഡയറക്ടർ പ്രൊഫ. ബിജു ടോംസ്, സുരക്ഷാ ചക്ര പദ്ധതിയെ കുറിച്ചുള്ള  വിശദീകരണം നൽകുകയും പദ്ധതിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമാക്കുകയും ചെയ്തു.

ജില്ലാ മെഡിക്കൽ ഓഫീസർ പീയുഷ് നമ്പൂതിരിപ്പാട്,  ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഡീൻ ഡോ. ടോമി കെ കല്ലറക്കൽ, ഇൻഷുറൻസ് പ്രോഗ്രാം കോർഡിനേറ്റർ പ്രൊഫസർ ജോസി പീറ്റർ,  സുരക്ഷ ചക്ര പ്രൊജക്റ്റ് കോഡിനേറ്റർ ഡോ. ജെർലിൽ ജോസ്, കോർപ്പറേറ്റ് റിലേഷൻസ് മേധാവി കിഷൻ സത്യൻ, ഡിജിറ്റൽ സ്കിൽ മേധാവി പ്രൊഫസർ മനോജ് സിറിയക്, പ്രോജക്ട് അഡ്മിനിസ്ട്രേറ്റർ പുനീത് സി, ചക്കിട്ടപ്പാറ ബാങ്ക് ഭരണ സമിതി അംഗങ്ങൾ, പ്രോജക്ട് കോഡിനേറ്റർ റെജി ജി പുരയിടം, വിപിൻദാസ്  തുടങ്ങിയവർ പങ്കെടുത്തു.

date