Skip to main content
വർഗീസ്

കരുതലും കൈത്താങ്ങും - വർഗീസിന് വസ്തു പോക്കുവരവ് ചെയ്തു നൽകി: വെള്ളിയാഴ്ച്ച കരം അടയ്ക്കാം

തന്റെ പേരിലുള്ള വസ്തുവിന്റെ പോക്കുവരവ് ചെയ്തു കിട്ടാൻ കാലതാമസം നേരിട്ട സാഹചര്യത്തിലാണ് പാമ്പാക്കുട ആലുങ്കൽ വീട്ടിൽ വർഗീസ് എബ്രഹാം കരുതലും കൈത്താങ്ങും മൂവാറ്റുപുഴ താലൂക്ക്തല അദാലത്തിൽ പരാതി സമർപ്പിച്ചത്. വിൽപ്പത്രത്തിൽ സർവ്വേ നമ്പറിൽ വന്ന തെറ്റു മൂലം മൂന്നു വർഷമായി  സ്ഥലം പോക്കുവരവ് ചെയ്തു കിട്ടാത്തതിനാൽ കരം അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായിരുന്നു വർഗീസ്. തെറ്റ് തിരുത്തി പോക്കുവരവ് ചെയ്ത് നൽകി നികുതി അടയ്ക്കാൻ സാഹചര്യം ഒരുക്കണമെന്ന് കാട്ടി താലൂക്ക്, വില്ലേജ് ഓഫീസുകളിൽ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും പരാതിക്ക് പരിഹാരമായിരുന്നില്ല.  ഈ സാഹചര്യത്തിലാണ്  അദാലത്തിൽ പരാതി സമർപ്പിച്ചത്.

പരാതി  വിശദമായി പരിശോധിച്ച മന്ത്രി പി. രാജീവ്‌  പോക്കുവരവ് ചെയ്ത് നൽകിക്കൊണ്ടുള്ള ഉത്തരവ്  വർഗീസിന്റെ മകൻ ബാബു വർഗീസിന് കൈമാറി.  വർഗീസിന് അടുത്ത ദിവസം തന്നെ കരം അടക്കാനുള്ള അവസരം ഒരുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി. വർഷങ്ങളായുള്ള പ്രശ്നം പെട്ടെന്ന് പരിഹരിച്ചതിനൊപ്പം തന്നെ അടുത്ത ദിവസം തന്നെ ( വെള്ളിയാഴ്ച ) കരം അടക്കാൻ കഴിയുമെന്ന ആശ്വാസത്തിലാണ് ബാബു വർഗീസ് അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്.

date