Skip to main content

കരുതലും കൈത്താങ്ങും : ന്യായവില രജിസ്റ്ററിലെ  അപാകതകൾക്ക് പരിഹാരം; ക്യാൻസർ രോഗിയായ വയോധികന് ആശ്വാസം

 

തിരുമാറാടി, മണ്ണത്തൂർ വടക്കേത്തട്ട് വീട്ടിൽ വി.ഡി. സുരേന്ദ്രന്റെ ഒരു വർഷത്തെ  അലച്ചിലിന് ഒടുവിൽ പരിഹാരമായി.  തന്റെ  ഭൂമിയുമായി ബന്ധപ്പെട്ട് ന്യായവില  രജിസ്റ്ററിലെ അപാകതകൾ പരിഹരിക്കണം എന്ന പരാതിയുമായാണ് ക്യാൻസർ രോഗിയും വായോധികനുമായ പരാതിക്കാരൻ കരുതലും കൈത്താങ്ങും മൂവാറ്റുപുഴ താലൂക്ക്തല അദാലത്ത് വേദിയിൽ എത്തുന്നത്.  എത്രയും വേഗം പ്രശ്നത്തിന് പരിഹാരം  കാണാൻ  മന്ത്രി പി. രാജീവ്‌ നിർദേശം നൽകി. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടികൾ പൂർത്തിയാക്കുകയും വേദിയിൽ തന്നെ പരാതിക്കാരന്  പരാതി തീർപ്പാക്കിയ ഉത്തരവ് മന്ത്രി കൈമാറുകയും ചെയ്തു.

തലമുറകളായി കൈവശം വച്ചുപോന്നിരുന്ന വസ്തു ഒരു വർഷം മുൻപ് പിതാവിന്റെ പേരിൽ നിന്ന് സ്വന്തം പേരിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോഴാണ് ന്യായ വില രജിസ്റ്ററിൽ സർക്കാർ ഭൂമിയായി രേഖപ്പെടുത്തിയിരിക്കുന്ന കാര്യം പരാതിക്കാരൻ അറിയുന്നത്. വസ്തു സ്വന്തം പേരിലേക്കാക്കുകയും അത് പണയപ്പെടുത്തി തന്റെ ചികിത്സയ്ക്കുള്ള തുക കണ്ടെത്തുകയുമായിരുന്നു ലക്ഷ്യം. ഒടുവിൽ അദാലത്തിലൂടെ പ്രശ്നം പരിഹരിക്കപ്പെട്ടതോടെ ഏറെ ആശ്വാസത്തിലാണ് സുരേന്ദ്രൻ മടങ്ങിയത്.

date