Skip to main content

കരുതലും കൈത്താങ്ങും  : മന്ത്രി രാജീവ് ഇടപെട്ടു; ചെല്ലപ്പന്റെ പരാതിയിൽ അരമണിക്കൂറിൽ  പരിഹാരം

 

അരമണിക്കൂർ കൊണ്ട്  പ്രശ്നത്തിന് പരിഹാരം ലഭിച്ച സന്തോഷത്തിലാണ് വാളകം പഞ്ചായത്തിൽ കൂരാപ്പിള്ളിൽ വീട്ടിൽ ചെല്ലപ്പൻ കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്.

ചെല്ലപ്പന്റെ ഭാര്യയായ എ.വി പൊന്നമ്മയുടെ പേരിലുള്ള ഒരു ഏക്കർ നാൽപ്പത്തിരണ്ട് സെൻ്റ് ഭൂമിയിൽ നിലവിൽ ഉപയോഗിച്ച് വരുന്ന ഒരു ഏക്കർ സ്ഥലത്തിന് മാത്രം കരം അടയ്ക്കാൻ അനുവദിക്കണമെന്ന അപേക്ഷയുമായാണ് ചെല്ലപ്പൻ അദാലത്തിലെത്തിയത്. ഒരു ഏക്കറിൽ ബാക്കിയുള്ള 42 സെൻ്റ് സ്ഥലം മറ്റൊരാൾ കൈവശപ്പെടുത്തിയിരിക്കുകയാണെന്നും ഇത് തിരിച്ച് ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അപേക്ഷയിൽ പറയുന്നു. 

മന്ത്രി പി. രാജീവ് ചെല്ലപ്പന്റെ പരാതി വിശദമായി പരിശോധിക്കുകയും നിലവിൽ ഉപയോഗിച്ചുവരുന്ന ഒരു ഏക്കർ സ്ഥലത്തിന് കരം അടയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അരമണിക്കൂറിനുള്ളിൽ കരം അടച്ച് ചെല്ലപ്പന് മന്ത്രി രസീത് നൽകുകയും ചെയ്തു.  നിലവിൽ മറ്റൊരു വ്യക്തി കൈവശം വച്ച് ഉപയോഗിക്കുന്നതായി പറയപ്പെടുന്ന 42 സെൻ്റ് സ്ഥലം റീസർവേ വരുമ്പോൾ അളന്ന് തിരിച്ച് കിട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പു നൽകി.

date