Skip to main content

കരുതലും കൈത്താങ്ങും : നിരസിച്ച പെൻഷൻ ശശിധരന് അദാലത്തിൽ അനുവദിച്ചു

 

നിരസിച്ച പെൻഷൻ അനുവദിച്ച സന്തോഷത്തിലാണ് ശശിധരൻ അദാലത്തിൽ നിന്നും മടങ്ങിയത്. മൂവാറ്റുപുഴ താലൂക്ക്തല അദാലത്തിലാണ് തേക്കുംകാട്ടിൽ പി.കെ ശശിധരന് വാർധക്യകാല പെൻഷൻ മന്ത്രി പി. പ്രസാദ് അനുവദിച്ചത്. 2022 ലാണ് ശശിധരൻ വാർധക്യ പെൻഷന് അപേക്ഷ സമർപ്പിച്ചത്. എന്നാൽ ഭാര്യയ്ക്ക് സർക്കാർ ജോലിയിൽ നിന്നുള്ള പെൻഷൻ ഉണ്ടെന്നും വാർഷിക വരുമാനം ഒരു ലക്ഷമാണെന്നും രണ്ട് ആൺ മക്കൾ ഉണ്ടെന്നുമുള്ള കാരണത്താൽ  പെൻഷന് അർഹതയില്ലെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ അപേക്ഷ നിരസിക്കുകയായിരുന്നു.  ഇതേ തുടർന്നാണ് ശശിധരൻ കരുതലും കൈത്താങ്ങും അദാലത്തിൽ പരാതി നൽകിയത്.

അപേക്ഷ പരിശോധിച്ച ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പരിശോധിച്ചതിനെ തുടർന്ന് വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കുറവാണെന്നത് പരിഗണിച്ചും മൂത്തമകൻ വിവാഹിതനായി വേറെ കുടുംബം ആണെന്നത് കണക്കിലെടുത്തും ശശിധരന് വാർധക്യകാല പെൻഷൻ മന്ത്രി പി. പ്രസാദ് അനുവദിക്കുകയായിരുന്നു.

date