Skip to main content

കരുതലും കൈത്താങ്ങും : പഠനോപകരണങ്ങൾ വേണമെന്ന അഭ്യർഥനയുമായി ദിയാ മോൾ; സ്‌റ്റഡി ടേബിളും ടിവിയും സമ്മാനിച്ച് മന്ത്രി രാജീവ്

 

വീട്ടിൽ പഠിക്കാൻ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പഠനോപകരണങ്ങളും മൊബൈൽ ഫോണും നൽകണമെന്ന അഭ്യർത്ഥനയുമായാണ് അദാലത്ത് വേദിയിൽ മന്ത്രിയെ കാണാൻ  ദിയാ മോൾ ഷെറിൻ എത്തിയത്. ഏഴാം ക്ലാസുകാരിയായ ദിയാമോളുടെ പരാതി പരിഗണിച്ച മന്ത്രി പി. രാജീവ്‌  ആവശ്യമായ നടപടി സ്വീകരിക്കാമെന്നും കുറച്ചുനേരം കാത്തിരിക്കാനും പറഞ്ഞു.

തുടർന്ന് ആനിക്കാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പഠന മേശ, കസേര, ബാഗ്, കുട എന്നിവയും  മൂവാറ്റുപുഴ നഗരസഭ മുൻ ചെയർപേഴ്സൺ മേരി ജോർജ് തോട്ടത്തിൽ എൽ.ഇ.ഡി. ടി.വി യും അദാലത്ത് വേദിയിൽ എത്തിക്കുകയായിരുന്നു. ഇത് ദിയ മോൾക്ക് മന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തിൽ മന്ത്രി പി.രാജീവ് സമ്മാനിച്ചു. 

രണ്ടാർക്കര രാജീവ്‌ ഗാന്ധി കോളനി നിവാസിയായ ദിയാമോൾ ഷെറിന്റെ ഉപ്പയുടെ ഉമ്മ റംല ഹമീദ് സിവിൽ സ്റ്റേഷനിൽ അപേക്ഷ എഴുതി നൽകുന്ന തൊഴിലാണ് ചെയ്യുന്നത്.  സമയം കിട്ടുമ്പോഴെല്ലാം സിവിൽ സ്റ്റേഷനിൽ എത്തി വല്യുമ്മയെ അപേക്ഷ എഴുതാൻ സഹായിക്കാറുണ്ട് ഈ കൊച്ചുമിടുക്കി. കിഴക്കേക്കര ഗവ. ഈസ്റ്റ്‌ ഹൈസ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ ദിയാമോളും കുടുംബവും ഈ വരുമാനത്തിലാണ് ജീവിക്കുന്നത്. അതിനാൽ  മെച്ചപ്പെട്ട പഠന സൗകര്യം ദിയാമോൾക്ക് നൽകാൻ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല.  വല്ല്യുമ്മയോടൊപ്പം കരുതലും കൈത്താങ്ങും മൂവാറ്റുപുഴ താലൂക്ക് തല അദാലത്ത് വേദിയിലെത്തി മന്ത്രി പി. രാജീവിനെ കണ്ടു. തന്റെ സാമ്പത്തിക സ്ഥിതിയും ബുദ്ധിമുട്ടും മന്ത്രിയെ അറിയിച്ചു.
അനിയൻ ദിൽഷാൻ ഷെറിൻ, അമ്മ ഷെമിന ഷെറിൻ എന്നിവർക്കൊപ്പമാണ് ദിയ എത്തിയത്. അനിയൻ ദിൽഷാനും കുടയും ബാഗും നൽകാൻ മന്ത്രി നിർദേശിച്ചു. ഇരുവർക്കും നന്നായി പഠിച്ച് മികച്ച വിജയം നേടാൻ കഴിയട്ടെ എന്ന് മന്ത്രി ആശംസിച്ചു.

date