Skip to main content

മന്ത്രിമാരുടെ പരാതി പരിഹാര അദാലത്തിന് തിങ്കളാഴ്ച തുടക്കമാകും   -അദാലത്ത് വേദിയിലെത്തി പരാതികൾ നേരിട്ടും നൽകാം 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ജില്ലയിലെ താലൂക്കുകൾ കേന്ദ്രീകരിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന പരാതി പരിഹാര അദാലത്ത് 'കരുതലും കൈത്താങ്ങും' തിങ്കളാഴ്ച (മെയ് 29) ആരംഭിക്കും. ഫിഷറീസ്, സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, കാർഷിക വികസന കർഷകക്ഷേമ മന്ത്രി പി. പ്രസാദ് എന്നിവർ അദാലത്ത് വേദിയിൽ വെച്ച് പൊതുജനങ്ങളിൽ നിന്നും നേരിട്ട് പരാതികൾ സ്വീകരിക്കും. എം.പി.മാർ, എം.എൽ.എ.മാർ, ജില്ല കളക്ടർ, മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ തുടങ്ങിയവരും അദാലത്തിൽ പങ്കെടുക്കും. 

അദാലത്ത് ദിവസം രാവിലെ 8  മണി മുതൽ പൊതുജനങ്ങൾക്ക് പരാതികൾ നൽകാം. രാവിലെ 10 മുതലാണ് അദാലത്ത് ആരംഭിക്കുന്നത്. അദാലത്ത് വേദിയിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിനായി ടോക്കൺ സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് അപേക്ഷ എഴുതി നൽകുന്നതുൾപ്പെടയുള്ള സഹായം ഉദ്യോഗസ്ഥർ ചെയ്തു നൽകും. തിരക്ക് ഒഴിവാക്കുന്നതിനായി പരാതി സ്വീകരിക്കാനും രജിസ്ട്രേഷനും ടോക്കൺ നൽകാനുമൊക്കെ പ്രത്യേകം കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.

പരാതി സ്വീകരിക്കാൻ മാത്രമായി കുറഞ്ഞത് മൂന്ന് കൗണ്ടറുകളാണുള്ളത്. ഒരോ കൗണ്ടറിലും പ്രത്യേകം  ജീവനക്കാർ ഉണ്ടാകും. എല്ലാ അപേക്ഷകളും ഈ കൗണ്ടറുകളിൽ നൽകാം. നേരത്തെ അപേക്ഷ നൽകിയവർക്കായി പ്രത്യേകം കൗണ്ടറും ഉണ്ടാകും. പൊതുജനങ്ങൾക്കായി കുടിവെള്ളം, ചായ, ലഘു ഭക്ഷണമടങ്ങിയ സ്നാക്സ് ബോക്സ് എന്നിവയും ഒരുക്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഊഴംകാത്ത് നിൽക്കാതെ വേഗത്തിൽ മന്ത്രിമാരെ കണ്ട് പരാതി നൽകാം. താത്കാലിക ചികിത്സ സൗകര്യവും അദാലത്തിന് ശേഷം വേദിയും പരിസരവും ശുചിയാക്കുന്നതിനായി ഉദ്യോഗസ്ഥർ, കോളേജ് വിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. 

ചേർത്തലയിൽ സെന്റ് മൈക്കിൾസ് കോജേജ്, കുട്ടനാട്ടിൽ തിയതിയിൽ മാറ്റം
29 -ന് ചേർത്തല താലൂക്ക് (ചേർത്തല സെന്റ്. മൈക്കിൾസ് കോളേജ്), മെയ് 30-ന് അമ്പലപ്പുഴ (എസ്.ഡി.വി. സെന്റിനറി ഹാൾ), 02-ന് കാർത്തികപ്പള്ളി (ടി.കെ.എം.എം. കോളേജ് ഓഡിറ്റോറിയം, നങ്ങ്യാർകുളങ്ങര), 03-ന് മാവേലിക്കര (ബിഷപ് ഹോഡ്ജ്‌സ് ഹൈസ്‌കൂൾ ഓഡിറ്റോറിയം), 04-ന് ചെങ്ങന്നൂർ (ഐ.എച്ച്.ആർ.ഡി. എഞ്ചിനിയറിങ് കോളേജ്), ജൂൺ 07-ന് കുട്ടനാട് (റൈസ് റിസർച്ച് സെന്റർ മങ്കൊമ്പ്) എന്നിങ്ങനെ വേദികളാണ് അദാലത്തുകൾ നടക്കുന്നത്. 

ഭൂമി സംബന്ധമായ വിഷയങ്ങൾ, സർട്ടിഫിക്കറ്റുകൾ/ ലൈസൻസുകൾ നൽകുന്നതിലെ -തണ്ണീർത്തട സംരക്ഷണം, ക്ഷേമപദ്ധതികൾ, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹിക സുരക്ഷ പെൻഷൻ, പരിസ്ഥിതി മലിനീകരണം, തെരുവ് നായ സംരക്ഷണം/ ശല്യം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചു മാറ്റുന്നത്, തെരുവുവിളക്കുകൾ, അതിർത്തി തർക്കങ്ങളും വഴി തടസപ്പെടുത്തലും, വയോജന സംരക്ഷണം, കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, പൊതു ജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻ കാർഡ്, വന്യജീവി ആക്രണങ്ങളിൽ നിന്നുളള സംരക്ഷണം, വിവിധ സ്‌കോളർഷിപ്പ് സംബന്ധിച്ച പരാതികൾ/ അപേക്ഷകൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, കൃഷിനാശത്തിനുള്ള സഹായം, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, ഭക്ഷ്യ സുരക്ഷ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ആശുപത്രികളിലെ മരുന്നുക്ഷാമം, ശാരീരിക/ ബുദ്ധി/ മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ പരിഗണിക്കുന്നത്. അല്ലാതുള്ള പരാതികൾ ലഭിക്കുന്നത് മന്ത്രിമാർ സ്വീകരിക്കുകയും അത് ബന്ധപ്പെട്ട വകുപ്പുകൾക്ക് തീരുമാനത്തിനായി കൈമാറുകയും ചെയ്യും. അവിടെ ലഭിക്കുന്ന പരാതികളിൽ സമയ ബന്ധിതമായി തീർപ്പുകൽപ്പിക്കാൻ പ്രത്യേക സെൽ തുടർന്ന് നിലവിൽ വരും.

ചേർത്തല താലൂക്ക് തല പരാതി പരിഹാര അദാലത്ത് മെയ് 29ന് രാവിലെ 10 മുതൽ ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ നടക്കും. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷനാകും. എ. എം. ആരിഫ് എംപി,  എംഎൽഎമാരായ ദലീമ ജോജോ, പി. പി. ചിത്തരഞ്ജൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി, ചേർത്തല നഗരസഭ അധ്യക്ഷ ഷേർളി ഭാർഗവൻ,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ വി. ജി മോഹനൻ, പി. എം പ്രമോദ്, ഗീതാ ഷാജി, ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, ജില്ലാ കളക്ടർ ഹരിത വി കുമാർ, സൂരജ് ഷാജി, റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ കെ. ശ്രീലത തുടങ്ങിയവർ പങ്കെടുക്കും.

അമ്പലപ്പുഴ അദാലത്ത് മെയ് 30 - ന്
---
അമ്പലപ്പുഴ താലൂക്ക് തല പരാതി പരിഹാര അദാലത്ത് മെയ് 30ന് രാവിലെ 10 മുതൽ ആലപ്പുഴ എസ്. ഡി. വി സെന്റിനറി  ഓഡിറ്റോറിയത്തിൽ നടക്കും. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനാകും. എ. എം ആരിഫ് എംപി,  എംഎൽഎമാരായ പി. പി ചിത്തരഞ്ജൻ, എച്ച്. സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ആലപ്പുഴ നഗരസഭ അധ്യക്ഷ സൗമ്യരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഡി. മഹീന്ദ്രൻ, ഷീബ രാകേഷ്, ജില്ലാ കളക്ടർ ഹരിത വി കുമാർ, എടിഎം എസ്. സന്തോഷ് കുമാർ, നഗരസഭ അംഗം കെ. ബാബു തുടങ്ങിയവർ പങ്കെടുക്കും.

date